ആണ്‍കുട്ടിയെ പ്രസവിക്കാത്തതിന്റെ പേരില്‍ ഭര്‍ത്താവ് തലാക്ക് ചൊല്ലി ഒഴിവാക്കിയെന്ന പരാതിയുമായി യുവതി. ഹൈദരാബാദിലാണ് സംഭവം. മെഹ്‍റാജ് ബീഗം എന്നാണ് യുവതിയുടെ പേര്. 2011-ലാണ് മെഹ്റാജ് വിവാഹിതയാകുന്നത്. ഒന്നരവര്‍ഷത്തിനുശേഷം അവര്‍ ഗര്‍ഭഛിദ്രത്തിനു വിധേയയായി. ഇതിനുശേഷം ഭര്‍ത്താവും കുടുംബാംഗങ്ങളും നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് മെഹ്റാജിന്റെ പരാതി. 

പ്രസവിക്കാന്‍ കഴിവില്ലെന്ന് ആരോപിച്ചുകൊണ്ടായിരുന്നു പീഡനമെന്നു പറയുന്നു മെഹ്‍റാജ്. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ഗര്‍ഭിണിയായ മെഹ്‍റാജ് ഒരു പെണ്‍കുട്ടിയെ പ്രസവിച്ചതോടെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന ആവശ്യവും ശക്തമായി. പ്രശ്നം പരിഹരിക്കാന്‍ ഭാര്യയുും ഭര്‍ത്താവും കൗണ്‍സിലിങ്ങിനു വിധേയരായെങ്കിലും ഭര്‍ത്താവ് ആവശ്യത്തില്‍ത്തന്നെ ഉറച്ചുനിന്നു. കഴിഞ്ഞ സെപ്റ്റംബറില്‍  മൂന്നു പ്രാവശ്യം തലാക്ക് ചൊല്ലി ഭര്‍ത്താവ് തന്നെ വിട്ടുപോയെന്നും അവര്‍ ആരോപിക്കുന്നു. 

തന്നെ ഉപേക്ഷിക്കരുതെന്നും ഒരുമിച്ചു ജീവിക്കണമെന്നും അപേക്ഷിച്ചപ്പോള്‍ ഭര്‍ത്താവ് തന്നെ ശാരീരികമായി ഉപദ്രവിച്ചതായി മെഹ്റാജ് പരാതിപ്പെടുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയില്ലെങ്കില്‍ മകളെ ഉപദ്രവിക്കുമെന്നും ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയത്രേ. ആണ്‍കുട്ടി വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ വീണ്ടും വിവാഹം കഴിക്കാനാണത്രേ ഭര്‍ത്താവിന്റെ തീരുമാനം. 

മൂന്നു വയസ്സുള്ള മകളുമായി തനിച്ചു ജീവിക്കുന്ന മെഹ്റാജ് നീതി നടപ്പിലാകണമെന്നാണ് ആഗ്രഹിക്കുന്നത്. ഒപ്പം ഭര്‍ത്താവിനെതിരെ ശക്തമായ നടപടി വേണമെന്നും. മെഹ്റാജിന്റെ പരാതി സ്വീകരിച്ച പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണ്. മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന ബില്ലില്‍ ഈ വര്‍ഷം ഓഗസ്റ്റ് ഒന്നിനാണ് പ്രസിഡന്റ് ഒപ്പുവച്ചത്. 

English Summary : Woman claims husband gives triple talaq for not delivering baby boy