കോടതിമുറിയില്‍ കേസ് വാദിക്കാന്‍ തുടങ്ങുന്നതിനിടെ, പൊലീസുകാരന്റെ തോക്കില്‍നിന്നുള്ള വെടിയേറ്റ് മുതിര്‍ന്ന സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ കൊല്ലപ്പെട്ടു. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. കവര്‍ച്ചാക്കേസിന്റെ വിചാരണയ്ക്കിടെ, പൊലീസുകാരന്‍ തോക്ക് കൈമാറുന്നതിനിടെയാണ് അപ്രതീക്ഷിതമായി വെടി പൊട്ടിയത്. 51 വയസ്സുകാരിയായ അഡലെയ്ഡ ഫെറേര വാട്ട് എന്ന മുതിര്‍ന്ന അഭിഭാഷകയുടെ അരക്കെട്ടിലാണ് വെടിയേറ്റത്. 

കേസിന്റെ പേപ്പറുകള്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടെ, നിലവിളിച്ചുകൊണ്ട് അഡലെയ്ഡ പിന്നിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു.കോടതിമുറിയിലുണ്ടായിരുന്നവര്‍ ഒടിയെത്തി സഹായിക്കുകയും പെട്ടെന്നുതന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും അഡലെയ്ഡയുടെ ജീവന്‍ രക്ഷിക്കാനായില്ല.  ജനപ്രിയ അഭിഭാഷകയായിരുന്ന അഡലെയ്ഡയുടെ കൊലപാതകത്തിന്  ഉത്തരവാദി പൊലീസ് ഉദ്യോഗസ്ഥ നാണെന്നാണ് കണ്ടെത്തല്‍. മനപൂര്‍വമല്ലാത്ത നരഹത്യാക്കേസാണ് പൊലീസുകാരനുമേല്‍ ചുമത്തിയിരിക്കുന്നത്. അന്വേഷണത്തിന് ഉന്നതാധികാരികള്‍ ഉത്തരവിട്ടിട്ടുണ്ട്. 

പൊലീസുകാരന്‍ മനപൂര്‍വം വെടിവയ്ക്കുകയായിരുന്നോ അതോ യാദൃച്ഛികമായി വെടി പൊട്ടുകയായിരുന്നോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. തോക്ക് താഴെ വയ്ക്കുന്നതിനിടെയാണ് വെടി പൊട്ടിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. നിറതോക്കുമായി എന്തിനാണ് പൊലീസുകാരന്‍ കോടതിമുറിയില്‍ എത്തിയതെന്ന വസ്തുതയും പരിശോധിക്കുന്നുണ്ട്. കേസിലെ തെളിവായി നിറതോക്ക് കോടതിയില്‍ കൊണ്ടുവരേണ്ട ഒരാവശ്യവും ഇല്ലായിരുന്നു എന്നാണ് ഉദ്യോഗസ്ഥരില്‍ പലരും അഭിപ്രായപ്പെട്ടത്. 

ദക്ഷിണാഫ്രിക്കയില്‍ ഏറ്റവും കൂടൂതല്‍ അറിയപ്പെട്ടിരുന്ന അഭിഭാഷകയും സ്റ്റേറ്റ് പ്രോസിക്യൂട്ടറുമായിരുന്നു അഡലെയ്ഡ. ഒരു കുട്ടിയുടെ മാതാവായ അവര്‍ മൃഗ സ്നേഹിയും കലാ സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ തല്‍പരയുമാണ്. അഡലെയ്ഡയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും കോടതിയും അഭിഭാഷകരും. 2014 ല്‍ ദമ്പതികളെ കെട്ടിയിട്ട് പണവും മറ്റു വിലപിടിപ്പിള്ള വസ്തുക്കളും കവരുകയും പീഡിപ്പിക്കുകയും ചെയ്ത 8 അംഗ സംഘത്തിലെ അഞ്ചു പേര്‍ക്ക് തടവുശിക്ഷ വിധിക്കണം എന്നു വാദിക്കാന്‍ തുടങ്ങുന്നതിനിടെയായിരുന്നു വെടിയേറ്റത്. 

ദമ്പതികളുടെ തോക്കും കൊള്ളസംഘം കവര്‍ന്നിരുന്നു. പൊലീസ് തോക്ക് വീണ്ടെടുക്കുകയും സ്വയരക്ഷയ്ക്ക് ദമ്പതികള്‍ക്കു തന്നെ തോക്ക് കൈമാറുകയും ചെയ്തിരുന്നു. പ്രിട്ടോറിയയില്‍നിന്നുള്ള അഭിഭാഷകയായ അഡലെയ്ഡയുടെ മകള്‍  ലിന്‍ഡ്സേയുടെ വിവാഹം അടുത്തുതന്നെ നടക്കാനിരിക്കുകയാണ്. വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.അതിനിടെയാണ് ഏവരെയും ഞെട്ടിച്ച ദുരന്തം സംഭവിച്ചിരിക്കുന്നത്. അഭിഭാഷകരുടെയും മറ്റും അനുശോചന സന്ദേശങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് കഴിവുകളുണ്ടായിരുന്ന, സ്നേഹമയിയായ അഡലെയ്ഡയെക്കുറിച്ചുള്ള ഓര്‍മകളാണ്. 

English Summary : Prosecutor accidentally blasted to death by a shotgun