ഭക്ഷണത്തില്‍ വിഷം കലര്‍ന്ന ഗുളികകള്‍ ഒളിപ്പിച്ചുവച്ച് യുവതികളുടെ ജീവന്‍ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. യുകെയില്‍ സസക്സിലാണു സംഭവം. രാത്രി പുറത്തുപോയതിനിടെ വീട്ടില്‍കൊണ്ടുപോയി കഴിക്കാന്‍ വാങ്ങിച്ച കബാബിലാണ് വിഷഗുളിക കണ്ടെത്തിയത്. 

20 വയസ്സുള്ള രണ്ടു യുവതികളാണു പരാതിക്കാര്‍. 29ന് രാത്രി വൈകിയാണ് ഇവര്‍ ഒരു റെസ്റ്റോറന്റില്‍നിന്നു ഭക്ഷണം വാങ്ങിച്ചത്. മനഃപൂര്‍വം അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി രണ്ടു പുരുഷന്‍മാരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 30 ഉം 42 ഉം വയസ്സുള്ള പുരുഷന്‍മാരാണ് അറസ്റ്റിലായത്. രണ്ടുപേരും നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. 

സംഭവത്തെ അതീവ ഗൗരവത്തോടെയാണു കാണുന്നതെന്നും പൊലീസ് അറിയിച്ചു. യാദൃച്ഛികമായാണ് വിഷ ഗുളികകള്‍ യുവതികള്‍ കണ്ടെത്തിയതെന്നും ഇല്ലെങ്കില്‍ രണ്ടു പേരുടെയും ജീവന്‍ അപകടത്തിലാകുമാ യിരുന്നെന്നും പൊലീസ് പറയുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ മനഃപൂര്‍വമാണോ ഗുളികകള്‍ ഭക്ഷണത്തില്‍ കലര്‍ത്തിയെന്നതിനെക്കുറിച്ച് പൊലീസ് കൃത്യമായി ഒന്നും പറയുന്നില്ല. 

ഒരു ഭക്ഷണശാലയില്‍ നിന്നു വാങ്ങിച്ച ആഹാരത്തില്‍ മാത്രമാണ് വിഷ ഗുളിക കണ്ടെത്തിയതെന്നും മറ്റും ഭക്ഷണശാലകളൊന്നും ഹീനമായ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നുമാണ് പൊലീസിന്റെ ഇപ്പോഴത്തെ നിലപാട്. എന്തായാലും വിശദമായ അന്വേഷണാണു നടക്കുന്നത്. വിപുലമായ പദ്ധതികളുള്ള കുറ്റകൃത്യത്തിന്റെ ഭാഗമാണോ നടപടിയെന്ന് കണ്ടുപിടിക്കാനുള്ള ശ്രമമാണു പൊലീസ് നടത്തുന്നത്. 

English Summary : Two men have been arrested after three women reported finding pills hidden in a kebab