തണ്ണിത്തോട് ∙ പുതുവർഷത്തിൽ പ്ലാസ്റ്റിക് നിരോധനം നിലവിൽ വരുന്നതോടെ ഉണ്ടാകുന്ന സഞ്ചിക്ഷാമത്തിനു പരിഹാരം കാണാനുള്ള ശ്രമത്തിലാണ് വനിതകളുടെ കൂട്ടായ്മ. സ്ത്രീകൾക്കായി ഡിസൈൻ ബാഗുകൾ രൂപകൽപന ചെയ്ത് രംഗത്തുവന്ന സ്വയം തൊഴിൽ സംരംഭം പുതിയ പരീക്ഷണങ്ങളിലാണ്. 

തണ്ണിത്തോട് പഞ്ചായത്ത് കുടുബശ്രീ സിഡിഎസ്, ഹരിത കർമസേന എന്നിവയുടെ സഹകരണത്തോടെ ചെറി ഹാൻഡ് മെയ്ഡ് ബാഗ് നിർമാണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത് മൂന്നു മാസം മുൻപാണ്. ഡിസൈൻ തുണിയിലും വെൽവെറ്റിലും സ്ത്രീകൾക്കുള്ള ബാഗുകൾ നിർമിച്ചു തുടങ്ങിയ ഇവർ അടുത്തിടെയാണ് തുണി സഞ്ചികളുടെ നിർമാണത്തിലേക്ക് തിരിഞ്ഞത്. ഇതിനകം അര ലക്ഷം രൂപയുടെ വിൽപന നടത്തിക്കഴിഞ്ഞു. കൂടാതെ അര ലക്ഷത്തോളം രൂപയുടെ ഓർഡറുമുണ്ട്. 

രജനി മധു, വിജി സജി എന്നിവർ ലൈസൻസികളായി കുടുംബശ്രീ സിഡിഎസിൽ നിന്ന് 75,000 രൂപ വായ്പയെടുത്തു തുടക്കമിട്ട യൂണിറ്റിൽ ഇവർക്കൊപ്പം അമ്പിളി അനിലും ചേർന്നാണ് തുണിസഞ്ചി തയാറാക്കുന്നത്. തുണിയിലും വിവിധ നിറങ്ങളിലുള്ള ബോംബെ കോറയിലും നിർമിക്കുന്ന സഞ്ചികൾക്ക് ആവശ്യക്കാരേറെയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സ്ഥാപനങ്ങൾ തുണിസഞ്ചിക്കായി ഇവരെ സമീപിക്കുന്നുണ്ട്. ആവശ്യക്കാർക്ക് സഞ്ചിയിൽ പേര് പ്രിന്റ് ചെയ്തും നൽകുന്നുണ്ട്. പേപ്പർ ബാഗുകളും ഡിസൈൻ തുണികളിൽ പുനരാവിഷ്കരിച്ച ചേളാവും തയാറാക്കി നൽകും. എറണാകുളത്തു നിന്നാണ് ഇതിനാവശ്യമായ സാമഗ്രികൾ എത്തിക്കുന്നത്.

കുടുംബശ്രീ മുഖേന തുണിസഞ്ചി നിർമാണം, പേപ്പർ ബാഗ്, സ്ക്രീൻ പ്രിന്റിങ് എന്നിവയിൽ പരിശീലനം ലഭിച്ചതിനു ശേഷമാണ് ഇവർ സ്വയം തൊഴിൽ സംരംഭത്തെക്കുറിച്ച് ആലോചിക്കുന്നത്. സ്വന്തമായുള്ള തയ്യൽ മെഷീനുമായി തുടക്കമിട്ട സ്ഥാപനത്തിന്  വായ്പ ലഭിച്ചതോടെയാണ് പവർ മെഷീൻ വാങ്ങിയത്. സ്ക്രീൻ പ്രിന്റിങ് മെഷീൻ കൂടി എത്തിച്ച്, പരിശീലനം ലഭിച്ചിട്ടുള്ള കൂടുതൽ വനിതകളെ ഉൾപ്പെടുത്തി തുണിസഞ്ചി നിർമാണം വിപുലമാക്കാനുള്ള ശ്രമത്തിലാണ്. 

പ്ലാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പേരിലേക്ക് തുണിസഞ്ചി എത്തിക്കാൻ ലക്ഷ്യമിട്ട്, കഴിഞ്ഞ ദിവസം നടന്ന തണ്ണിത്തോട് പഞ്ചായത്ത് 12–ാം വാർഡിലെ എഡിഎസ് വാർഷികത്തിന് എത്തിയ വിശിഷ്ടാതിഥികൾക്ക് പൂച്ചെണ്ടിനു പകരം തുണി സഞ്ചി നൽകിയാണ് സ്വീകരിച്ചത്.

English Summary : Woman Makes Cloth Bags