ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സന്ദര്‍ശനത്തിന്റെ പേരില്‍ വിവാദത്തിലായ ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ യഥാര്‍ഥ പ്രശ്നം കണ്ടെത്തി യോഗ ഗുരു ബാബ രാംദേവ്. ഉപദേശിക്കാന്‍ ആളില്ലാത്തതാണത്രേ ദീപികയുടെ പ്രശ്നം. നല്ല ഉപദേശങ്ങളല്ല കിട്ടുന്നത്. അതുകൊണ്ടാണ് നടി ജെഎന്‍യു സന്ദര്‍ശിച്ചതും വിവാദങ്ങള്‍ സൃഷ്ടിച്ചതും. നല്ല ഉപദേശം തരാന്‍ പറ്റിയ ഒരാളെ രാംദേവ് തന്നെ കണ്ടെത്തുകയും ചെയ്തു. അതു മാറ്റാരുമല്ല. അദ്ദേഹം തന്നെ. എന്നോട് ഉപദേശം തേടിയിരുന്നെങ്കില്‍ എന്തെങ്കിലും പ്രശ്നമുണ്ടാകുമായിരുന്നോ എന്നാണ് ഇപ്പോള്‍ രാദേവ് ദീപികയോടു ചോദിക്കുന്നത്. 

ഫീസ് വര്‍ധനയ്ക്കെതിരായി പ്രതിഷേധിച്ച വിദ്യാര്‍ഥികളെ അജ്ഞാതരെക്കൊണ്ട് അടിച്ചൊതുക്കുകയും അന്വേഷണം ഊര്‍ജിതമാക്കാതെ വിവാദത്തിലാവുകയും ചെയ്ത ജെഎന്‍യു കുറച്ചുനാളായി വിവാദത്തിന്റെ കേന്ദ്രബിന്ദുവാണ്. അക്രമം രാജ്യാന്തര ശ്രദ്ധ നേടിയതോടെ പ്രമുഖര്‍ രാജ്യത്തിന്റെ അഭിമാനമായ സര്‍വകലാശാല സന്ദര്‍ശിച്ചിരുന്നു. ഇക്കൂട്ടത്തില്‍ ദീപികയുടെ സന്ദര്‍ശനം വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ബിജെപി ദീപികയെ വിമര്‍ശിച്ചെങ്കിലും നടി അഭിനയിച്ച ഛപാക് എന്ന സിനിമയ്ക്കു നികുതിയിളവ് നല്‍കിയാണു വിവിധ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സംഭവത്തോടു പ്രതികരിച്ചത്. അതിനിടെയാണ് സൗജന്യ ഉപദേശവുമായി ബാബ രാംദേവ് എത്തിയിരിക്കുന്നത്. 

ഇന്ത്യ എന്ന രാജ്യത്തെക്കുറിച്ച് ദീപികയ്ക്ക് ഒന്നുമറിയില്ല എന്ന കണ്ടെത്തലും രാംദേവ് നടത്തിയിട്ടുണ്ട്. ആദ്യം രാജ്യത്തിന്റെ ചരിത്രം പഠിക്കണം. സമൂഹിക ശാസ്ത്രം. ഭൂമിശാസ്ത്രം. സംസ്കാരം. പൈതൃകം. അതിനുശേഷം വേണം തീരുമാനങ്ങളെടുക്കാന്‍. അങ്ങനെയായിരുന്നെങ്കില്‍ ദീപികയ്ക്കു തെറ്റു പറ്റില്ലായിരുന്നു എന്ന നിരീക്ഷണവും യോഗ ഗുരു നടത്തിയിട്ടുണ്ട്. ഇതൊന്നും അറിയില്ലെങ്കില്‍ അറിയാവുന്ന തന്നെപ്പോലെയുള്ളവരോട് ചോദിക്കണമെന്നും അതിനുശേഷം മാത്രം തീരുമാനങ്ങളെടുക്കണമെന്നും ഉപദേശിച്ചിട്ടുമുണ്ട്. 

ജെഎന്‍യു വിദ്യാര്‍ഥികളെ അടിച്ചൊതുക്കിയ നടപടിയില്‍ പ്രതിഷേധിക്കാനും ഇരകളായ വിദ്യാര്‍ഥികളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനുമാണ് ദീപിക സര്‍വകലാശാല സന്ദര്‍ശിച്ചത്. ഇതു ബിജെപി ഉള്‍പ്പെടെയുള്ള കക്ഷികളെ പ്രകോപിപ്പിച്ചിരുന്നു. 

English Summary: Baba Ramdev to Deepika Padukone: Get good advice from people like me