അവളുടെ കണ്ണുകളിൽ ഭയമില്ല. ഒരു ബോംബ് എപ്പോൾ വേണമെങ്കിലും അവര്‍ക്ക് മുകളിൽ പതിക്കാം. പക്ഷേ, അവൾ അത് ശ്രദ്ധിക്കുന്നില്ല. പിതാവിനൊപ്പം പൊട്ടിച്ചിരിക്കുകയാണ് നാലുവയസുകാരി സെൽവ. സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിൽ നിന്നുള്ള കാഴ്ചയാണ് ഇത്. 

മരണത്തെ മുഖാമുഖം കാണുന്നവരാണ് സിറിയൻ ജനത. യുദ്ധവിമാനം ഏതുനിമിഷവും അവരുടെ മേൽക്കൂരയിൽ ബോംബുകൾ വർഷിക്കാം. മരണത്തെ എങ്ങനെ പുഞ്ചിരിയോടെ നേരിടാമെന്ന് കുഞ്ഞുസെൽവയെ പഠിപ്പിക്കുകയാണ് പിതാവ് അബ്ദുള്ള. കലാപങ്ങളുടെ ഇരകളാകുന്നത് എന്നും കുരുന്നുകളാണെന്ന് ഓർമിപ്പിച്ചുകൊണ്ട് നൊമ്പരക്കാഴ്ചയാകുകയാണ് ഈ വിഡിയോ. പുറത്തെ സ്ഫോടന ശബ്ദം  വിഡിയോയിൽ കേൾക്കാം. കലാപം അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി നിരവധി പേരാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.

കുഞ്ഞു സെൽവയും  പിതാവുമൊത്തുള്ള വിഡിയോയിൽ അച്ഛൻ അവളോട് ആ ശബ്ദം കേൾക്കുന്നുണ്ടോ, എന്താണത് എന്ന് ചോദിക്കുന്നുണ്ട്. ‘ഒരു ഷെൽ’ അവളുടെ നിഷ്കളങ്കമായ മറുപടി. ഇതൊരു കളിയാണ്. ആ ശബ്ദം കേൾക്കുന്നതിനനുസരിച്ച്  നമുക്കു ചിരിക്കാമെന്നും പിതാവ് സെൽവയോട് പറയുന്നു. പുറത്ത് സ്ഫോടനങ്ങളുടെ ശബ്ദം കേൾക്കുന്നതിനനുസരിച്ച് അവൾ  ചിരിക്കുന്നു. ഇത് നല്ല രസമുള്ള തമാശയാണല്ലേ? പിതാവ് വിഡിയോയിൽ അവളോട്  ചോദിക്കുന്നതും കേൾക്കാം. കുഞ്ഞു സെല്‍വ ചിരിച്ചുകൊണ്ട് അത് സമ്മതിക്കുകയും ചെയ്യുന്നു.

‘ദൈവമേ...ഒരേസമയം വേദനയും ആനന്ദവും തോന്നുന്ന ദൃശ്യങ്ങളാണിത്. ബോബും, ഷെല്ലുകളും നമ്മുടെ കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങളാകുന്നു. എത്ര ഭീകരമായ ലോകമാണ് നമ്മൾ അവൾക്ക് സമ്മാനിക്കുന്നത്. ഒരേസമയം ഹൃദയ ഭേദകവും ഹൃദയം നിറയ്ക്കുകയും ചെയ്യുന്നു ഈ ദൃശ്യങ്ങൾ’. വിഡിയോ പങ്കുവച്ചു കൊണ്ട് പലരും ട്വിറ്ററില്‍ കുറിച്ചു. സിറിയയിലെ ആഭ്യന്തര സംഘർഷങ്ങൾ തുടങ്ങിയിട്ട് ഒൻപത് വർഷത്തോളമായി. ലോകം കണ്ടതിൽ വച്ച് ഏറ്റവും ഭയാനകമായ പ്രതിസന്ധികളാണ് സിറിയൻ ജനത നേരിടുന്നത്. ജീവിക്കാനുള്ള അവകാശം പോലും ലംഘിക്കപ്പെടുകയാണ് സിറിയയിൽ. ലക്ഷക്കണക്കിന് ആളുകളാണ് കലാപങ്ങളിൽ കൊല്ലപ്പെടുന്നത്. യുഎനിന്റെ കണക്കനുസരിച്ച് 9ലക്ഷത്തിലധികം പേരാണ് കഴിഞ്ഞ  ഡിസംബറിൽ സിറിയയിലെ ഇദ‌്‌ലിബിൽ നിന്നു മാത്രം പലായനം ചെയ്തത്. 

English Summary: Syrian Dad Teaches Girl To Laugh At Explosions In Heart-Breaking Video