മതം മാറി മുസ്‍ലിം പുരുഷനെ വിവാഹം ചെയ്ത പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയുടെ വിവാഹം റദ്ദാക്കി പാക്കിസ്ഥാനിലെ കോടതി. സിന്ധ് പ്രവിശ്യയിലുണ്ടായ സംഭവം പാക്കിസ്ഥാനിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ കോടതി വിധിയാണെന്നും പറയപ്പെടുന്നു. 

9-ാം ക്ലാസ് വിദ്യാര്‍ഥിനിയായ മേഹക് കുമാരിയാണ് കഥയിലെ നായിക. ഇക്കഴിഞ്ഞ ജനുവരി 15 ന് അലി റാസ സോളങ്കി എന്നയാള്‍ മേഹക് കുമാരിയെ തട്ടിക്കൊണ്ടുപോയി പിന്നീട് വിവാഹം കഴിക്കുകയായിരുന്നു. മേഹകിന്റെ അച്ഛന്‍ മകളെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി കോടതിയെ സമീപിച്ചു. മകളെ ബലം പ്രയോഗിച്ചാണ് അലി വിവാഹം കഴിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. തട്ടിക്കൊണ്ടു പോകുമ്പോള്‍ മകള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും 15 വയസ്സ് മാത്രമാണുണ്ടായിരുന്നതെന്നും അദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചു. മേഹകിന്റെ അച്ഛന്റെ വാദം ശരിവച്ച കോടതി മേഹക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നു വിധിച്ചു.

മതം മാറിയതിനെത്തുടര്‍ന്ന് മേഹക് അലീസ എന്ന പുതിയ പേരും സ്വീകരിച്ചിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് മേഹക് മതം മാറിയതെന്നും അലിയെ വിവാഹം കഴിച്ചതെന്നു വധൂവരന്‍മാര്‍ വാദിച്ചു. എന്നാല്‍ സിന്ധ് പ്രവിശ്യയിലെ ബാല വിവാഹം തടയല്‍ നിയമത്തിലെ മൂന്നും നാലും വകുപ്പുകള്‍ ഉദ്ധരിച്ച് മേഹകിനു പ്രായപൂര്‍ത്തിയായിട്ടില്ലെന്നും വിവാഹം നിലനില്‍ക്കില്ലെന്നും കോടതി വിധിച്ചു. നിരോധിക്കപ്പെട്ട ശിശുവിവാഹം നടത്തിയവര്‍ക്കും സൗകര്യം ചെയ്തുകൊടുത്തവര്‍ക്കുമെതിരെ കേസ് എടുക്കാനും കോടതി നിര്‍ദേശിച്ചു.

വധൂവരന്‍മാരെ കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദേശിച്ച കോടതി മേഹകിനെ സ്ത്രീകളുടെ അഭയകേന്ദ്രത്തില്‍ പാര്‍പ്പിക്കാനും നിര്‍ദേശിച്ചു. അഭയകേന്ദ്രത്തില്‍നിന്നാണ് മേഹകിനെ കോടതിയില്‍ എത്തിച്ചത്. ഹിന്ദു, മുസ്‍ലിം മതങ്ങളില്‍ പെട്ട പ്രാദേശിക നേതാക്കന്‍മാരും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍വേണ്ടി കര്‍ശന സുരക്ഷയാണ് കോടതിയില്‍ ഏര്‍പ്പെടുത്തിയത്.  സിന്ധില്‍ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്നതു നിരന്തരമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. 

English Summary: Pakistan Court Nullifies Converted Minor Hindu Girl's Marriage