നിറത്തിന്റെയോ ശരീരത്തിന്റെയോ പേരിൽ  ബോഡിഷെയ്മിങ് നേരിടാത്ത ആളുകൾ കുറവായിരിക്കും. ക്വാഡൻ എന്ന കുഞ്ഞിനെ ലോകം ചേർത്തു പിടിക്കുന്ന വാർത്ത മാധ്യമങ്ങളിൽ നിറയുകയാണ് . നിറത്തിന്റെ പേരിൽ സ്കൂളിൽ മകൾ പരിഹസിക്കപ്പെട്ടതിന്റെ ഓർമ പങ്കുവയ്ക്കുകയാണ് ഒരമ്മ. 

മാധ്യമ പ്രവർത്തക രമ്യ ബിനോയ്‌യുടെ കുറിപ്പിന്റെ പൂർണരൂപം

അമ്മുക്കുട്ടി മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലം. നാലുമണിക്ക് വന്നു കയറിയത് കരഞ്ഞു തളർന്നാണ്. ക്ലാസിലെ മൂന്നു പയ്യന്മാർ അവളെ 'കട്ടൻകാപ്പി' എന്നു വിളിച്ചു കളിയാക്കുന്നു. അവൾ കറുത്ത കുട്ടിയാണെന്നതാണ് പ്രശ്നം. മോളെ ഒരുപാട് ആശ്വസിപ്പിച്ച ശേഷം കുട്ടികളുടെ അമ്മമാരെ വിളിക്കാൻ തീരുമാനിച്ചു. സ്കൂളിൽ പരാതിയുമായി പോകാതെ അവരെ കാര്യം ധരിപ്പിക്കാമല്ലോ എന്ന് ഞാൻ കരുതി. ബുള്ളിയിങ് ഗ്രൂപ്പിൽ രണ്ടു പേർ ഇരട്ടകളാണ്. അവരുടെ അമ്മയുടെ നമ്പർ തപ്പിയെടുത്ത് ഞാൻ ആ സ്ത്രീയോട് കാര്യം പറഞ്ഞു. ഉടൻ വന്നു പ്രതികരണം, "അയ്യേ.... ഇത്ര ചെറിയൊരു കാര്യമാണോ ഇങ്ങനെ വഷളാക്കുന്നത്?" അതോടെ എന്റെ നിയന്ത്രണം വിട്ടു. അവർക്കത് ചെറിയ കാര്യം. എന്റെ കുഞ്ഞിന് ആജീവനാന്തം ഉണ്ടാവേണ്ട ആത്മവിശ്വാസമാണ് നഷ്ടമാകുന്നത്. "വെറുതെയല്ല നിങ്ങളുടെ കുട്ടികൾ ഇങ്ങനെ പെരുമാറുന്നത്" എന്ന് പറഞ്ഞു ഞാൻ ഫോൺ വച്ചു.

അന്ന് ഓഫീസിൽ ചെന്ന ശേഷം ആദ്യം ചെയ്തത് സംഭവം വിവരിച്ച് വായനക്കാരുടെ കത്തുകളിൽ എഴുതി. പിറ്റേന്ന് ഈ പത്രവുമായി ഞാൻ സ്കൂളിൽ ചെന്നു. പ്രിൻസിപ്പൽ സ്ഥലത്തില്ല. വൈസ് പ്രിൻസിപ്പലിനെ കണ്ടു കാര്യം പറഞ്ഞു. പ്രിൻസിപ്പൽ ശാന്തി മാം എന്ന് ഞങ്ങൾ വിളിച്ചിരുന്ന റെബേക്ക മാം അന്ന് തന്നെ എന്നെ വിളിച്ചു. ആ പത്രവുമായി അവർ എല്ലാ ക്ലാസിലും പോയി. കുട്ടികളോടു സംസാരിച്ചു. ഇനിയൊരിക്കലും ആ സ്കൂളിൽ ഒരു കുട്ടിക്കും ഈ അനുഭവം ഉണ്ടാകില്ലെന്ന് ഉറപ്പു തന്നു. ആറു വർഷത്തോളം കഴിഞ്ഞു. മാം തന്ന വാക്ക് ആ സ്കൂളിലെ കുട്ടികൾ ഇന്നും പാലിക്കുന്നുണ്ടെന്ന് വിശ്വസിക്കുകയാണ് ഞാൻ. കാരണം, എന്റെ കുട്ടികൾ ആ സ്കൂളിൽ അത്രയേറെ സന്തുഷ്ടരാണ്.

മറ്റൊരു തരം അവഹേളനരീതിയും കണ്ടിട്ടുണ്ട്. സ്കൂളുകളിൽ സംഘ നൃത്ത (തിരുവാതിരയും മാർഗംകളിയുമടക്കം) ഇനങ്ങളിൽ എപ്പോഴും ഉൾപ്പെടുന്നത് വെളുത്തു, തുടുത്ത, സമൂഹം അനുശാസിക്കുന്ന എല്ലാ സൗന്ദര്യ അളവുകോലുകളുമായി ഒത്തുപോകുന്ന കുട്ടികൾ മാത്രം. അൽപ്പം ഇരുണ്ട നിറമുള്ള കുട്ടി അതിൽ അബദ്ധവശാൽ ഉൾപ്പെട്ടു പോയാൽ പിൻനിരയിലാകുമെന്ന് ഉറപ്പ്.

ഓസ്‌ട്രേലിയയിൽ ഡ്വാർഫിസം എന്ന അവസ്ഥയുടെ പേരിൽ അവഹേളിക്കപ്പെട്ട ക്വാഡന്റെ കരച്ചിൽ ഉള്ളുപൊള്ളിച്ചു. നമ്മുടെ നാട്ടിലുമുണ്ട് ഒരുപാട് ക്വാഡന്മാർ. ശാരീരിക പ്രത്യേകതകളുടെ പേരിൽ അപമാനിതനും ഒറ്റപ്പെട്ടവനും ആകേണ്ടി വരുന്നവർ. അത്തരം പ്രശ്നങ്ങളിൽ പ്രതിസ്ഥാനത്ത് വരുന്ന കുട്ടികൾക്ക് മാത്രമല്ല കുടുംബത്തിനും ബോധവത്കരണം ആവശ്യമുണ്ട്. പിന്നെ, ചിലർക്ക് ബോധവത്കരണമല്ല, ഇത്തിരി കടുത്ത ചികിത്സ തന്നെ വേണ്ടി വരും. കാരണം, അവർക്കറിയാം അവർ ചെയ്യുന്നത് എന്തെന്ന്. അഹങ്കാരം കൊണ്ടും ഇരയുടെ വേദന കാണാനുള്ള വികല മാനസികാവസ്ഥ കൊണ്ടും ക്രൂരമായി പെരുമാറുകയാണ്.

ക്വാഡൻ തിരിച്ചു പിടിച്ചു തുടങ്ങി. കാരണം അവന് പ്രതികരണ ശേഷിയുള്ള ഒരമ്മയുണ്ട്. ഇനി അവൻ ആത്മവിശ്വാസത്തോടെ വളർന്നു കൊള്ളും. മോഡലിങ് ചെയ്താലോ എന്ന് അച്ഛനോടും അമ്മയോടും അനുവാദം ചോദിക്കാൻ മാത്രം മുതിർന്ന എന്റെ അമ്മുവിനെ പോലെ...