ജീവനക്കാരായി സ്ത്രീകള്‍ ഇല്ലാത്ത ഓഫിസുകള്‍. സ്കൂളിലുമില്ല സ്ത്രീകള്‍. റസ്റ്ററന്റുകളിലും കടകളിലും ഒരു സ്ത്രീയെപ്പോലും കാണാനില്ലാത്ത അവസ്ഥ. കാറിലോ തെരുവിലോ പൊതു വാഹനങ്ങളിലോ പോലും സ്ത്രീകളില്ല. ലോകത്ത് ഒരു നഗരത്തിലും ഇങ്ങനെയൊരവസ്ഥ സങ്കല്‍പിക്കാനാവില്ലെങ്കിലും അത്തരമൊരു ദിവസം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ് മെക്സിക്കോ നഗരത്തിലെ സ്ത്രീകള്‍. സഹിച്ചു സഹിച്ച് അവര്‍ക്ക് മടുത്തു കഴിഞ്ഞിരിക്കുന്നു. ദിനംപ്രതി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെ  വർധിച്ചുവരുന്ന അക്രമങ്ങള്‍. അടുത്തിടെ രാജ്യത്തെ ഞെട്ടിച്ച രണ്ടു കൊലപാതകങ്ങള്‍. രണ്ടിലും ഇര സ്ത്രീകള്‍ തന്നെ. സഹിക്കാനാവുന്നതിന്റെ പരമാവധി ആയതോടെ സ്ത്രീകള്‍ ദേശവ്യാപക പ്രക്ഷോഭത്തിന് ഒരുക്കം നടത്തുകയാണ്. 24 മണിക്കൂര്‍ നീളുന്ന ദേശവ്യാപക സമരം. അന്ന് പൊതു ഇടങ്ങളിലൊന്നും ഒരു സ്ത്രീയെപ്പോലും ആര്‍ക്കും കാണാനാവില്ല. മാര്‍ച്ച് 9 ആണ് ആ ദിവസമായി നിശ്ചയിച്ചിരിക്കുന്നത്. സ്ത്രീകളും പെണ്‍കുട്ടികളും ഇല്ലാത്ത നഗരം മെക്സിക്കോയില്‍ സംജാതമാകുന്ന ദിവസം. വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയാണ് ലോകത്തുതന്നെ ആദ്യമെന്നു പറയാവുന്ന സവിശേഷതയുള്ള സമരത്തിനു പദ്ധതിയിട്ടിരിക്കുന്നത്. 

സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള പരിഗണന ഇനിയെങ്കിലും ഉണ്ടാകണം. അതാണ് മെക്സിക്കോയിലെ സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. പുരുഷന്‍മാരുടെ മനോഭാവത്തില്‍ മാറ്റം. അതിനുവേണ്ടിയാണ് എല്ലാ സ്ത്രീകളും ഒരു ദിവസത്തേക്കെങ്കിലും നഗരത്തിന്റെ പൊതു ഇടങ്ങളില്‍നിന്നു മാറിനില്‍ക്കുന്നത്. എ ഡേ വിത്തൗട്ട് അസ്- ഞങ്ങളില്ലാത്ത ദിവസം- അതാണു സ്ത്രീകളുടെ പദ്ധതി. എല്ലാ സ്ത്രീകളും ഒരു ദിവസത്തേത്ത് മാറിനിന്നാലെങ്കിലും രാജ്യം സ്ത്രീകളുടെ വിലയറിയട്ടെ. ആ ദിവസം ആധുനിക മെക്സിക്കോയുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തണം. അങ്ങനെയെങ്കിലും സ്ത്രീകള്‍ക്ക് ജീവിക്കാനാവാത്ത നഗരം എന്ന ദുഷ്പേര് മാറ്റണം. അതാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. 

വിപ്ലവം സ്ത്രീകളുടേത്. ഭാവി സ്ത്രീത്വത്തിന്റേത്. ഇതാ ആ നിമിഷം വന്നെത്തിയിരിക്കുന്നു. തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഇപ്പോള്‍ മെക്സിക്കോയില്‍ സ്ത്രീകള്‍ ഉയർത്തുന്നത്. അവര്‍ പല ദിവസങ്ങളിലായി അനേകം പ്രക്ഷോഭങ്ങളും പ്രകടനങ്ങളും നടത്തുന്നുമുണ്ട്. എന്നാല്‍, എല്ലാം നിഷ്ഫലമാകുകയും അക്രമവും അനീതിയും തുടരുകയും ചെയ്യുന്നു. ഇതാണ്, കടുത്ത നടപടി സ്വീകരിക്കാന്‍ സ്ത്രീകളെ പ്രേരിപ്പിച്ചിരിക്കുന്നത്. 

ഇക്കഴിഞ്ഞ ഒരു വര്‍ഷം വലിയ പ്രക്ഷോഭങ്ങള്‍ക്കാണ് നാട് സാക്ഷ്യം വഹിച്ചത്. പീഡനങ്ങളെക്കുറിച്ചും മറ്റും സ്ത്രീകള്‍ തുറന്നുപറയുന്ന മീ ടൂ പ്രസ്ഥാനത്തിന്റെ ചുവടുപിടിച്ചായിരുന്നു പ്രതിഷേധത്തിന്റെ തുടക്കം. ചെറിയ പട്ടണങ്ങളിലെയും മറ്റും പ്രകടനങ്ങള്‍ ഫലം കാണാതെ വന്നതോടെ ദേശീയ തലസ്ഥാനത്തേക്കും സമരം വ്യാപിച്ചു. തെരുവിലിറങ്ങിയ സ്ത്രീകള്‍ അവസാനം അക്രമങ്ങള്‍ക്കു പോലും മുതിര്‍ന്നു. നാഷനല്‍ പാലസിന്റെ ഉള്‍പ്പെടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. പൊതു സ്വത്തിനു നാശം സംഭവിച്ചു. 

ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ മെക്സിക്കോയുടെ യുവതലമുറയാണെന്നാണ് നോവലിസ്റ്റ് സബീന ബെര്‍മാന്‍ പറയുന്നത്. നേരത്തെയും സ്ത്രീകള്‍ക്കെതിരെ അക്രമവും അനീതിയും ഒക്കെ ഉണ്ടായിരുന്നെങ്കിലും പഴയ തലമുറ എല്ലാം സഹിച്ചും ക്ഷമിച്ചും മുന്നോട്ടുപോയി. പക്ഷേ, അവരുടേതില്‍നിന്നു വ്യത്യസ്തമാണ് പുതിയ തലമുറയുടെ സമീപനം. സമാധാനം നിറഞ്ഞ സമരം കൊണ്ടു ഫലമില്ലെന്നു വന്നതോടെയാണ് അക്രമങ്ങളിലേക്കു സ്ത്രീകള്‍ തിരിഞ്ഞത്. മുഖാവരണം ധരിച്ചെത്തിയ സ്ത്രീകളാണ് കഴിഞ്ഞ ദിവസം ദേശത്തിന്റെ അഭിമാനമായ കൊട്ടാരത്തിനു നേരെ അക്രമം നടത്തിയതും. അധികാരികള്‍ ഇനിയെങ്കിലും ഉണരട്ടെ എന്നാണ് അവര്‍ ആഗ്രഹിച്ചത്. അങ്ങനെയെങ്കിലും അക്രമങ്ങള്‍ അവസാനിക്കട്ടെ എന്നും. 

മെക്സിക്കോ നഗരവാസിയായ എന്‍ഗ്രിഡ് എസ്കാമില എന്ന 25 വയസുള്ള യുവതി അടുത്തിടെയാണ് കുത്തേറ്റു കൊല്ലപ്പെട്ടത്. പൈശാചികമായിരുന്നു കൊലപാതകം. ആ സ്ത്രീയുടെ തൊലുരിച്ച് അവരുടെ ആന്തരകാവയവങ്ങള്‍ പോലും പുറത്തെടുത്താണ് അക്രമികള്‍ ആഘോഷിച്ചത്. അവസാനം ആ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചും അക്രമികള്‍ ആശ്വാസം കണ്ടെത്തി. ഈ സംഭവം സ്ത്രീകള്‍ക്കിടയില്‍ വന്‍തോതിലുള്ള പ്രതിഷേധത്തിനാണു വഴിവച്ചത്. 

ഫെബ്രുവരി ഒന്നിന് ഏഴു വയസ്സുള്ള ഫാത്തിമ സെസിലിയ എന്ന പെണ്‍കുട്ടിയെ തട്ടിയെടുത്തത് സ്കൂളില്‍നിന്നാണ്. ഒരു നിര്‍മാണ സ്ഥലത്തിനു സമീപം പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം പിന്നീട് കാണപ്പെട്ടത്. മെക്സിക്കോ സിറ്റിക്കു സമീപമാണ് മൃതദേഹം കാണപ്പെട്ട സ്ഥലം. ഈ രണ്ടു സംഭവങ്ങളും രാജ്യത്ത് അസാധാരണമായ രീതിയിലുള്ള പ്രതിഷേധമാണ് ഇളക്കിവിട്ടത്. ഇനിയും എന്തു സംഭവിച്ചാലാണ് രാജ്യം മാറുക എന്നാണ് സ്ത്രീകള്‍ ചോദിക്കുന്നത്. സാധാരണ ഗതിയില്‍ പൊതുസ്ഥലത്ത് തടിച്ചുകൂടിയാണ് സ്ത്രീകള്‍ പ്രതിഷേധിക്കുന്നത്. ഇനിയും അത്തരം പ്രതിഷേധം കൊണ്ട് ഫലമില്ല എന്നുവന്നതോടെയാണ് പൊതുസ്ഥലത്തുനിന്നും നിഷ്ക്രമിച്ചുകൊണ്ടുള്ള സമരത്തിന് സ്ത്രീകള്‍ ഒരുങ്ങുന്നത്. മാര്‍ച്ച് 9 നു നടക്കുന്ന സമരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് ആകെ ഒരു നിര്‍ദേശമേ കൊടുത്തിട്ടുള്ളൂ: വീട്ടില്‍ത്തന്നെ ഇരിക്കുക. രാജ്യാന്തര വനിതാ ദിനത്തില്‍ത്തന്നെയാണ് സമരം നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 

സമരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് പിന്തുണ നല്‍കാന്‍ വിവിധ സ്ഥപനങ്ങളോടും സമരക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഒരൊറ്റ ദിവസത്തെ സമരം കൊണ്ടുതന്നെ രാജ്യത്തിന്റെ ഖജനാവിന് വന്‍ നഷ്ടം വരുമെന്ന് ഉറപ്പ്. ജോലിക്ക് ഹാജരാകാതിരിക്കുന്ന സ്ത്രീകള്‍ക്ക് എതിരെ ശിക്ഷാ നടപടികള്‍ എടുക്കരുതെന്ന് ലോക്കല്‍ ഓഫിസുകള്‍ക്ക് നിര്‍ദേശം കൊടുത്തിട്ടുണ്ടെന്ന് നഗരത്തിന്റെ വനിതാ മേയര്‍ അറിയിച്ചു. 

English Summary: Women Protest In Mexico