മന്ത്രിസഭയിലെ സഹപ്രവര്‍ത്തകയും ആഭ്യന്തര വകുപ്പിന്റെ ചുമതലയുമുള്ള ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ആഭ്യന്തര വകുപ്പിലെ ഉന്നതോദ്യോഗസ്ഥനായ സ്ഥിരം സെക്രട്ടറി പ്രീതിക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച് രാജിവച്ചതിനു പിന്നാലെയാണ് പ്രീതിയെക്കുറിച്ച് പ്രധാനമന്ത്രിയോട് അന്വേഷണങ്ങള്‍ ഉയര്‍ന്നത്. പ്രീതി ജീവനക്കാരോട് മോശമായി പെരുമാറുന്നെന്നും ഭീഷണിപ്പെടുത്തുന്നെന്നുമാണ് ആരോപണങ്ങള്‍. 

പ്രീതി പട്ടേലിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. തനിക്ക് പ്രീതിയില്‍ പൂര്‍ണ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘ ആഭ്യന്തര വകുപ്പില്‍ പ്രീതി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സര്‍ക്കാരിലെ ഏറ്റവും കടുപ്പമേറിയ ജോലിയാണ് ആഭ്യന്തര വകുപ്പിലുള്ളത്. അത് പ്രശംസനീയമായി പൂര്‍ത്തിയാക്കുന്നത് വലിയ വെല്ലുവിളിയാണ്- ബോറിസ് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയുടെ ഭാഗമായാണ് ബ്രിട്ടനില്‍ പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്. പ്രീതിയെ പിന്തുണച്ചതിനൊപ്പം രാജ്യത്തെ സിവില്‍ സര്‍വീസിനെ പ്രശംസിക്കാനും പ്രധാനമന്ത്രി മറന്നില്ല. 

പുതിയ ഇമിഗ്രേഷന്‍ നിയമം നടപ്പാക്കാനൊരുങ്ങുകയാണ് ബ്രിട്ടന്‍. ഇതിന്റെ ചുമതല ആഭ്യന്തര വകുപ്പിനും പ്രീതി പട്ടേലിനുമാണ്. പോയിന്റ് അടിസ്ഥാനത്തിലുള്ള നിയമമാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. കഴിഞ്ഞമാസം ഈ വീസ നിയമത്തിന്റെ വിശദാംശങ്ങള്‍ മന്ത്രി പ്രീതി പട്ടേലാണ് പുറത്തുവിട്ടത്. ഇതിനിടെ കഴിഞ്ഞയാഴ്ചയായിരുന്നു രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ആഭ്യന്തര വകുപ്പില്‍നിന്ന് സര്‍ ഫിലിപ് റുത്‍നാം രാജിവച്ചത്. രാജിയെക്കുറിച്ച് പ്രീതി പട്ടേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രീതി പ്രതികരിക്കണം എന്ന ആവശ്യം പ്രതിപക്ഷത്തുനിന്ന് ഉയര്‍ന്നുകഴിഞ്ഞു. 

ആരോഗ്യവകുപ്പ് മന്ത്രി മാറ്റ് ഹെന്‍കോക്ക് ഇതിനിടെ പ്രീതിയെ പിന്തുണച്ച് രംഗത്തുവരികയും ചെയ്തു. ദൃഢനിശ്ചയമാണ് പ്രീതിയുടെ കരുത്തെന്ന് മാറ്റ് അഭിപ്രായപ്പെട്ടു. ഒരുകാര്യം തീരുമാനിച്ചാല്‍ അതു നടപ്പാക്കാനുള്ള കഴിവാണ് അവരെ മറ്റുള്ളവരില്‍നിന്നു വേറിട്ടുനിര്‍ത്തുന്നതെന്നും മാറ്റ് പറഞ്ഞു. എന്നാല്‍ വിനയമുള്ള വ്യക്തിയാണ് പ്രീതിയെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തുനിന്ന് ലേബര്‍ പാര്‍ട്ടി നേതാവാണ് പ്രീതി ആഭ്യന്തര വകുപ്പിലെ രാജിയെക്കുറിച്ച് പ്രതികരിക്കണം എന്ന ആവശ്യവുമായി രംഗത്തുവന്നത്. പ്രീതിയുടെ സ്വഭാവത്തെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചുമാണ് ആരോപണം ഉയര്‍ന്നിരിക്കുന്നതെന്നും അതിനെക്കുറിച്ച് അറിയാന്‍ പാര്‍ലമെന്റിനു താല്‍പര്യമുണ്ടെന്നും ലേബര്‍ പാര്‍ട്ടി നേതാവ് പറഞ്ഞു. 

രാജിവച്ച റുത്‍മാന്‍ ആകട്ടെ സര്‍ക്കാരിനെതിരായ നിയമനടപടിയെക്കുറിച്ചുള്ള ആലോചനയിലുമാണ്. തന്റെ രാജിയിലേക്കു നയിച്ച സംഭവങ്ങളെക്കുറിച്ച് ഉടന്‍ തന്നെ വിശദവും സമഗ്രവുമായ അന്വേഷണം വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ടെലിവിഷനില്‍ വികാര നിര്‍ഭരമായ പ്രസംഗത്തിനൊടുവിലാണ് റുത്‍മാന്‍ രാജി പ്രഖ്യാപിച്ചത്. തനിക്കെതിരെ വിദ്വേഷത്തോടെ ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരുടെ നേതാവ് പ്രീതിയാണെന്നും അദ്ദേഹം ആരോപിക്കുകയും ചെയ്തിട്ടുണ്ട്. 

തെറ്റായ മാര്‍ഗത്തിലൂടെയാണ് എന്നെ പുറത്താക്കിയത്. അതില്‍ ഒരു പങ്കുമില്ലെന്നാണ് ആഭ്യന്തര മന്ത്രി പ്രീതി പട്ടേല്‍ പറയുന്നത്. എന്നാല്‍, ഞാനത് വിശ്വസിക്കുന്നില്ല. മന്ത്രിയോടു പല തവണ സ്വാഭാവ രീതികള്‍ മാറ്റണമെന്ന് ഞാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രോത്സാഹജനകമായ നിലപാടല്ല മന്ത്രിയുടതേത്- റുത്‍മാന്‍ കുറ്റപ്പെടുത്തുന്നു. 

ജീവനക്കാരോട് ശബ്ദമുയര്‍ത്തി സംസാരിക്കുന്നത് പ്രീതിയുടെ പതിവാണ്. ഭീഷണിപ്പെടുത്താനും അവര്‍ മടിക്കാറില്ല. കുടെയുള്ള ആളുകളെ ചെറുതാക്കി കാണിക്കുന്നു. ആഭ്യന്തര വകുപ്പ് ജീവനക്കാര്‍ പേടിയോടെയാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഇതിനെതിരെ പറഞ്ഞതുകൊണ്ടാണ് എനിക്കു പുറത്തുപോകേണ്ടിവന്നത്- റുത്‍മാന്‍ ആരോപിക്കുന്നു. 

English Summary: British PM Boris Johnson Backs ''Fantastic'' Priti Patel Amid Bullying Row