‘വീട്ടമ്മ’യ്ക്കു സമൂഹം ഒരുക്കിയ ചട്ടക്കൂടിനുള്ളിൽ കഴിഞ്ഞ ഉത്തമ കുടുംബിനിയായിരുന്നു കോഴിക്കോട്ടുകാരി ധനുജ ബ്രിജേഷ്. എംകോം ബിരുദധാരി. മകനുണ്ടായതോടെ ജോലിവിട്ട് വീടിനുള്ളിൽ ഒതുങ്ങി. ഭർത്താവ് ബ്രിജേഷിന്റെ ബിസിനസിനെക്കുറിച്ചൊന്നും ഒരു ധാരണയുമില്ലായിരുന്നു.

5 വർഷം മുൻപായിരുന്നു ഹൃദയാഘാതം വന്നു ബ്രിജേഷിന്റെ മരണം. മകന് 6 വയസ്സ് മാത്രം. ബ്രിജേഷ് കെട്ടിപ്പടുത്ത ‘ഭാരതി എന്റർപ്രൈസസ്’ എന്ന പരസ്യഹോർഡിങ്ങുകളുടെ കമ്പനിയുടെ സാരഥ്യം ധനുജ ഏറ്റെടുത്തു. ഇന്ന് വർഷം 5 കോടി വിറ്റുവരവുള്ള, കേരളത്തിലെ ഏറ്റവും വലിയ പരസ്യ ഹോർഡിങ് കമ്പനികളിലൊന്നാണു ഭാരതി.

‘താങ്ങാനാളുണ്ടെങ്കിലല്ലേ തളർച്ച തോന്നൂ’ എന്നു ധനുജ പറയും. ബ്രിജേഷിന്റെ പ്രയത്നം പാഴായിപ്പോകരുത്, ജീവനക്കാർ വഴിയാധാരമാകരുത് – ഇവയാണു ബിസിനസ് ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്. പുരുഷമേധാവിത്വമുള്ള മേഖലയാണെങ്കിലും, ജീവനക്കാരോടു ചോദിച്ച് ഓരൊന്നും പഠിച്ചെടുത്തു. തിരക്കിനിടയിലും മകൻ അദ്വൈതിന്റെ കാര്യങ്ങളെല്ലാം നോക്കും. ബിസിനസ് യാത്രകളിലെല്ലാം മകനെയും കൂട്ടും ഈ അമ്മ. ഡ്രൈവിങ് അറിയാതിരുന്ന ധനുജയ്ക്കിപ്പോൾ സ്വന്തമായുള്ളത് ബിഎംഡബ്ല്യു ജിടി 630, ഇന്നോവ, ഇഗ്‌നിസ് കാറുകൾ.