കൊറോണ വൈറസ് ലോകമാകെ പരിഭ്രാന്തി പരത്തുമ്പോൾ ചൈനയിൽ നിന്നുള്ള ഒരു വിഡിയോ ഏറെ ശ്രദ്ധയാകർഷിക്കുകയാണ്. ചോങ്കിങ് പബ്ലിക് ഹെൽത്ത് മെഡിക്കൽ സെന്ററിലെ ഹെഡ്നഴ്സ് ഫാൻ ആങ്ഴിയുടെതാണ് അഭിനന്ദനം അർഹിക്കുന്ന ഈ വിഡിയോ. സൗത്ത് ചൈന മോണിങ് പോസ്റ്റാണ് വിഡിയോ പുറത്തുവിട്ടത്. 

‘കോവിഡ്–19 വാർഡുകളിൽ നിന്നും മെഡിക്കൽ മാലിന്യം എടുത്തു മാറ്റുക എന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്. രോഗികൾ ചുമച്ചതും തുമ്മിയതും, മൂക്ക് ചീറ്റിയതുമായ ടിഷ്യൂകൾ ഉണ്ടാകും. അത് ഏറെ അപകടമാണ്. സുക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ ചികിത്സിക്കുന്നവരും രോഗികളായി മാറും. വൈറസ് ബാധയുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും അത് വായുവിൽ പടരും. അതുകൊണ്ടുതന്നെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവർക്ക് അസുഖം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.’– ഫാൻ ആങ്ഴി പറയുന്നു. 

വാർഡിലെ മെഡിക്കല്‍ മാലിന്യങ്ങൾ എടുത്തുമാറ്റുന്നതിനൊപ്പം തന്നെ രോഗിയെ ചികിത്സിക്കേണ്ടി വരുമെന്നും അവർ വ്യക്തമാക്കി. ‘ഒരു രോഗി ചിലപ്പോള്‍ശക്തിയായി ചുമയ്ക്കുകയോ മറ്റോ ചെയ്താൽ പിറകോട്ട് മാറണമെന്ന് അവർ ആഗ്രഹിക്കും. എന്നാൽ ജോലിയോടുള്ള ആത്മാർഥത നഴ്സുമാരെ അതിന് അനുവദിക്കില്ല. ചുമച്ചാൽ കഫം തുപ്പിക്കളയാൻ ചിലപ്പോൾ അവർക്ക് കഴിയില്ല. അപ്പോൾ നമ്മൾ സഹായിക്കേണ്ടി വരും. മെഡിക്കൽ മാലിന്യങ്ങൾ എടുത്തു മാറ്റുമ്പോൾ തന്നെയായിരിക്കും അത്. എങ്കിലും രോഗിയെ പരിചരിക്കേണ്ടത് ഒരു നഴ്സ് എന്ന നിലയിൽ എന്റെ കടമയാണ്. എന്റെ രോഗഗികളോട് എനിക്ക് തെറ്റ് ചെയ്യാൻ സാധിക്കില്ല.’– ആങ്ഴി വ്യക്തമാക്കി.  

English Summary: China Nurse Treating Corona Virus Patient