ഗര്‍ഭഛിദ്രം കുറ്റകരമാണെന്ന നിയമം റദ്ദാക്കി ന്യൂസിലന്‍ഡ്. 51 നെതിരെ 68 വോട്ടുകള്‍ക്ക് പാര്‍ലമെന്റാണ് നിയമം പാസ്സാക്കിയത്. രാജ്യത്തിന്റെ ഗവര്‍ണര്‍ ജനറല്‍ കൂടി ഒപ്പിടുന്നതോടെ നിയമത്തിന് പൂര്‍ണ അംഗീകാരമാകും. 

കഴിഞ്ഞ 40 വര്‍ഷമായി ഗര്‍ഭഛിദ്രം കുറ്റകരമായ പ്രവൃത്തിയായാണ് കണ്ടിരുന്നത്. അതു മാറുന്നു. ഇനി ഗര്‍ഭഛിദ്രം ഒരു ആരോഗ്യ പ്രശ്നം മാത്രം- നിയമത്തെക്കുറിച്ച് ജസ്റ്റിസ് മന്ത്രി ആന്‍ഡ്ര്യൂ ലിറ്റില്‍ അഭിപ്രായപ്പെട്ടു. 1977 മുതല്‍ ഗര്‍ഭഛിദ്രത്തെ കുറ്റമായി കാണുന്ന നിയമമാണ് രാജ്യത്ത് നിലനിന്നിരുന്നത്. കുറഞ്ഞത് രണ്ട് ഡോക്ടര്‍മാരെങ്കിലും ഗര്‍ഭഛിദ്രം അനിവാര്യമാണെന്നും അല്ലെങ്കില്‍ ഗര്‍ഭിണിയുടെ മാനസികവും ശാരീരികവുമായ അവസ്ഥ ദയനീയമാകുമെന്നും അംഗീകരിച്ചാല്‍ മാത്രമേ ഗര്‍ഭഛിദ്രം അനുവദിച്ചിരുന്നുള്ളൂ. അനധികൃതമായി ഗര്‍ഭം അലസിപ്പിച്ചുവെന്ന് തെളിഞ്ഞാല്‍ സ്ത്രീകള്‍ക്ക് 14 വര്‍ഷം വരെ നീളുന്ന ശിക്ഷയും ലഭിക്കുമായിരുന്നു. 

അനന്തമായ നിയമപ്രശ്നങ്ങളിലൂടെ കടന്നുപോകണമെന്നതിനാല്‍ പലരും ഗര്‍ഭഛിദ്രത്തിന് അനുമതി തേടാതിരിക്കുകയും ഇത് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ജനങ്ങള്‍ക്ക് ആശ്വാസകരമായ നിയമം നിലവില്‍ വന്നിരിക്കുകയാണ്. 

സ്വന്തം ഗര്‍ഭത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശം അവസാനം സ്ത്രീക്ക് സ്വന്തമായിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇതോടെ സുരക്ഷിതമായ ഗര്‍ഭം അലസിപ്പിക്കല്‍ യാഥാര്‍ഥ്യമാകും. നിയമത്തെ കഠിനമായി എതിര്‍ത്ത കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍, ജനിക്കാന്‍ അനുമതി ലഭിക്കാതിരുന്ന കുട്ടിയെയും ഒരു വ്യക്തിയായിത്തന്നെ പരിഗണിക്കണം എന്ന് അഭിപ്രായപ്പെട്ടു. ഗര്‍ഭത്തില്‍വച്ചുതന്നെ നശിപ്പിക്കപ്പെടുന്ന കുട്ടിക്കും എല്ലാ അവകാശങ്ങളുമുണ്ടെന്നും അവര്‍ വാദിച്ചു. 

നിയമം പാസ്സായത് വ്യക്തിപരമായി പ്രധാനമന്ത്രി ജെസീന്ത ആന്‍ഡേഴ്സന്റെ വിജയം കൂടിയാണ്. 2017 ല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അവര്‍ ഈ വിഷയം ശക്തമായി ഉന്നയിക്കുകയും വിജയിച്ചാല്‍ നിയമം പാസ്സാക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പു കൊടുക്കുകയും ചെയ്തിരുന്നു. ദക്ഷിണ കൊറിയയും അയര്‍ലന്‍ഡും അടുത്തിടെയാണ്  സമാന നിയമം പാസ്സാക്കിയത്. 

English Summary: New Zealand decriminalises abortion