അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ എതിരാളിയാകാനുള്ള മത്സരത്തില്‍നിന്നു പിന്‍മാറി തുള്‍സി ഗബാര്‍ഡ്.  യുഎസ് പാര്‍ലമെന്റിലെ ഹിന്ദുമത വിശ്വാസിയായ ആദ്യ അംഗമാണ്  തുള്‍സി. ഇറാഖ് യുദ്ധത്തില്‍ അമേരിക്കയ്ക്കുവേണ്ടി ധീരയായി പോരാടിയ, എല്ലാ യുദ്ധങ്ങളും അവസാനിക്കണം എന്നാഗ്രഹിച്ച തുള്‍സി മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് കഴിഞ്ഞദിവസം പിന്‍മാറ്റം പ്രഖ്യാപിച്ചത്. 

പല വിഷയങ്ങളിലും ജോ ബൈഡനുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഹൃദയശുദ്ധിയില്‍ ഞാന്‍ വിശ്വസിക്കുന്നു. രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹം, അമേരിക്കന്‍ ജനതയിലുള്ള വിശ്വാസം എല്ലാം ഞാന്‍ അംഗീകരിക്കുന്നു- 38 വയസ്സുകാരിയായ തുള്‍സി അഭിപ്രായപ്പെട്ടു. 2013 ലാണ് ഹവായില്‍നിന്ന് തുള്‍സി ഡെമോക്രറ്റിക് പാര്‍ട്ടി പിന്തുണയില്‍ ആദ്യമായി അമേരിക്കന്‍ പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. 

അമ്മ കാരള്‍ പോര്‍ട്ടര്‍ ഹിന്ദുമത വിശ്വാസിയും അച്ഛന്‍ മൈക്ക് ഗബാര്‍ഡ് കത്തോലിക്കാ വിശ്വാസിയുമാണ്. ഹവായില്‍നിന്നു ജനപ്രതിനിധി സഭയിലേക്കു തിരഞ്ഞെടുക്കപ്പോള്‍ ഭഗവത് ഗീതയില്‍ തൊട്ടു സത്യപ്രതിജ്ഞ ചെയ്ത തുള്‍സിയും ഹിന്ദുമത വിശ്വാസിതന്നെ. 

തുള്‍സിയുടെ ഇപ്പോഴത്തെ പിന്‍മാറ്റവും ജോ ബൈഡനുള്ള പരസ്യ പിന്തുണയും അതിശയത്തോടെയാണ് രാഷ്ട്രീയലോകം കാണുന്നത്. നേരത്തെ, ബൈഡനെ എതിര്‍ന്ന ബേണി സാന്‍ഡേഴ്സിനെയാണ് തുള്‍സി പിന്തുണച്ചിരുന്നത്. എന്നാല്‍ അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ട്രംപിനെ എതിര്‍ക്കാന്‍ ഏറ്റവും ശക്തിയുള്ള വ്യക്തി ജോ ബൈഡനാണ് എന്നു കണ്ടതിനാലാണ് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്നാണ് തുള്‍സി പറയുന്നത്. തന്നെ പിന്തുണച്ച തുള്‍സിയുടെ നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് ബൈഡനും രംഗത്തെത്തിയിട്ടുണ്ട്. ഒരു യുദ്ധ സേനാനി എന്ന നിലയിലും ഡെമോക്രാറ്റ് അംഗമെന്ന നിലയിലും തുള്‍സിയുടെ സംഭാവനകള്‍ ബൈഡന്‍ എടുത്തുപറഞ്ഞിട്ടുമുണ്ട്. 

തുള്‍സിയുടെ പിന്തുണയ്ക്ക് നന്ദി, വൈറ്റ് ഹൗസിന്റെ പ്രതാപവും പ്രൗഡിയും വീണ്ടെടുക്കാനുള്ള പ്രയത്നത്തില്‍ അവരുടെ പിന്തുണയ്ക്ക് വലിയ പ്രാധാന്യമുണ്ട്- ബൈഡന്‍ പറഞ്ഞു. പ്രചാരണത്തില്‍ ബൈഡനും സാന്‍ഡേഴ്സിനും വളരെ പിന്നിലായിരുന്നെങ്കിലും തുള്‍സി മത്സര രംഗത്ത് ഉറച്ചുനില്‍ക്കുന്നു എന്ന പ്രതീതിയാണ് സൃഷ്ടിച്ചിരുന്നത്. ജന്‍മനഗരമായ സമോവയില്‍ അവര്‍ രണ്ടാമത് എത്തുകയും ചെയ്തിരുന്നു. 

ഹവായ് നാഷണല്‍ ഗാര്‍ഡില്‍ മേജര്‍ പദവിയുണ്ടായിരുന്നു തുള്‍സി 2004 മുതല്‍ ഒരു വര്‍ഷമാണ് ഇറാഖില്‍ യുദ്ധത്തില്‍ പങ്കെടുത്തത്. സിറിയയിലെ അമേരിക്കന്‍ ഇടപെടലിനെ ശക്തമായി വിമര്‍ശിച്ച അപൂര്‍വം നേതാക്കളില്‍ ഒരാള്‍ കൂടിയാണ് തുള്‍സി. സൗദി അറേബ്യയുമായുള്ള ആയുധ വ്യാപാരത്തോടും എതിര്‍പ്പു രേഖപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയം പ്രമേയമായി വരുന്ന ഒരു പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ തുള്‍സി. നേരത്തെ, ഹിലറി ക്ലിന്റനും തുള്‍സിയും തമ്മില്‍ ശക്തമായ വാദപ്രതിവാദവും നടന്നിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സാധ്യതകള്‍ തുള്‍സി തകര്‍ക്കുമെന്നായിരുന്നു ഹിലറിയുടെ ആരോപണം. ഇതിനെതിരെ അവര്‍ ഹിലറിയെ പ്രതിയാക്കി മാനനഷടക്കേസും ഫയല്‍ ചെയ്തിരുന്നു. 

English Summary: US Representative Tulsi Gabbard ends Democratic presidential bid, endorses Biden