തൊഴിലിടങ്ങളിൽ എത്താൻ സാധിക്കാതെ വീടുകളിൽ തന്നെ ഇരുന്നാണ് പലരും ഈ കൊറോണക്കാലത്ത് ജോലിചെയ്യുന്നത്. ഈ ദുരിതകാലം ഏറ്റവും കൂടുതൽ ബാധിക്കുന്നത് അന്നത്തെ കൂലിക്ക് അന്നത്തെ അരി കണ്ടെത്തുന്നവരെയാണ്. അത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിച്ച് മാതൃകയാകുകയാണ് പ്രശസ്ത ഫാഷൻ ഡിസൈനർ അനിത ഡോംഗ്രെ. 

ഒന്നരക്കോടി രൂപയാണ് കമ്പനിയുടെ ഭാഗമായുള്ള നെയ്ത്തുകാർക്കും, മറ്റുചെറുകിട തൊഴിലാളികൾക്കുമായി അനിത നൽകിയത്. കോവിഡ്–19നെ അടിയന്തരമായി  നേരിടേണ്ടി വരുന്ന ഘട്ടത്തിനായാണ് സാമ്പത്തിക സഹായം. കമ്പനിയിലെ സ്ഥിര വരുമാനക്കാർക്ക് നൽകുന്ന ആരോഗ്യ ഇൻഷൂറൻസ് അത്യാവശ്യഘട്ടത്തില്‍ അവർക്ക് നൽകുമെന്നും അനിത പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അനിത ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

അനിതയുടെ  കുറിപ്പിന്റെ സംക്ഷിപ്ത രൂപം 

ഒരു വൻദുരന്തം കാരണം നമ്മുടെ ബന്ധങ്ങളിലും, ജോലിയിലും, ഇടപഴകലിലുമെല്ലാം വലിയ മാറ്റങ്ങളാണ് അടുത്ത ദിവസങ്ങളിൽ സംഭവിച്ചത്. പക്ഷേ, നമുക്കിതിനെ നേരിട്ടേ പറ്റൂ. വരുംദിവസങ്ങളിൽ അടിയന്തരമായി മെഡിക്കൽ സഹായം ആവശ്യമായി വന്നേക്കാം. സാധാരണക്കാരായ തൊഴിലാളികളെ ഈ അവസ്ഥ സാരമായി ബാധിച്ചിട്ടുണ്ട്. നിരവധി പേർക്ക് അടിയന്തരമായ ആരോഗ്യ സംരംക്ഷണം പോലും ലഭിക്കാത്ത സന്ദർഭങ്ങൾ വരും.  ഈ സമയത്ത് അനിത ഡോംഗ്രെ ഫൗണ്ടേഷൻ ഒന്നരക്കോടി രൂപ അവർക്കായി നൽകാൻ  തീരുമാനിക്കുകയാണ്. 

English Summary: COVID-19: Anita Dongre Announces 1.5 Cr Medical Fund for Workers