21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും അവശ്യ സര്‍വീസ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ രാപകലില്ലാതെ അധ്വാനം തുടരുകയാണ്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ക്രമസമാധാന പാലനത്തിനു നിയോഗിക്കപ്പെട്ട പൊലീസുകാര്‍ എന്നിവരെല്ലാം അപകടകരമായ സാഹചര്യങ്ങളില്‍ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു. നടി ഗുല്‍ പനാഗിന്റെ ഭര്‍ത്താവ്  പൈലറ്റാണ്. ലോക് ഡൗണിനു മുമ്പുള്ള ദിവസങ്ങളില്‍ അദ്ദേഹം വിശ്രമമില്ലാത്ത ജോലിയിലുമായിരുന്നു. പല രാജ്യങ്ങളിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ജോലിയില്‍. ഇതറിയാതെ, സമൂഹ മാധ്യമത്തിലൂടെ നടിയെ കളിയാക്കിയ വ്യക്തിക്ക് ഗുല്‍പനാഗ് കൊടുത്തത് അര്‍ഹിക്കുന്ന മറുപടി. ശക്തമായ സന്ദേശം. 

24 ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് പ്രധാനമന്ത്രി രാജ്യവ്യാപക ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഈ വിവരം ഷെയര്‍ ചെയ്തുകൊണ്ട് ഗുല്‍പനാഗ് സമൂഹ മാധ്യമത്തില്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്തു. ‘ മറ്റൊരു മാര്‍ഗവുമില്ല. അടച്ചിടുക തന്നെ. കര്‍ശനമായിത്തന്നെ നടപ്പാക്കണം’. ഇതായിരുന്നു ലോക്ഡൗണിനെ പിന്തുണച്ചുകൊണ്ടുള്ള നടിയുടെ പോസ്റ്റ്. എന്നാല്‍ ഇതിനെ പരിഹസിച്ചുകൊണ്ട് ഒരാള്‍ ഉടന്‍തന്നെ ട്വിറ്ററില്‍ പോസ്റ്റ് ഇട്ടു. ‘നിങ്ങളെപ്പോലെയുള്ള സംരക്ഷിത വിഭാഗത്തിന് ഇതൊക്കെ മികച്ച സാഹസികത തന്നെ’. 

പെട്ടെന്നുതന്നെ ഈ പരിഹാസത്തിനു നടി മറുപടി കൊടുത്തു: അതേ, സാഹസികത തന്നെ. ട്വിറ്ററില്‍ സന്ദേശം പോസ്റ്റ് ചെയ്യുന്നതും കളിയാക്കുന്നതുമാണല്ലോ നിങ്ങളുടെ സന്തോഷം. എന്നാല്‍ എന്റെ ഭര്‍ത്താവ് അങ്ങനെയായിരുന്നില്ല. നിങ്ങള്‍ ട്വിറ്റര്‍ ഉപയോഗിച്ചുകൊണ്ടിരുന്നപ്പോള്‍ ജീവന്‍ പണയം വച്ച് അദ്ദേഹം ജോലി ചെയ്യുകയായിരുന്നു. കുടുങ്ങിപ്പോയ ജനങ്ങളെ രാജ്യത്തു  തിരികെയെത്തിക്കുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളില്‍. കഴിഞ്ഞ കുറേ ദിവസങ്ങളായി. ഒരു സംരക്ഷണവും ഇല്ലാതെ ആള്‍ക്കൂട്ടങ്ങള്‍ക്കൊപ്പമായിരുന്നു അദ്ദേഹം. കാരണം വിമാനം ഇന്നു രാത്രി വരെയും അവശ്യസര്‍വീസ് ആയിരുന്നു. 2011 ലാണ് റിഷി അട്ടാരി എന്ന വൈമാനികനെ ഗുല്‍പനാഗ് വിവാഹം കഴിക്കുന്നത്. ദമ്പതികള്‍ക്ക് നിഹാല്‍ എന്ന മകനുമുണ്ട്. 

English Summary: Twitter user trolls Gul Panag for 21-day lockdown tweet. She shuts him up with a fitting reply