കോവിഡ് കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സ്ഥാപനങ്ങള്‍ തങ്ങളെ അനുവദിക്കുന്നില്ല എന്ന പരാതിയുമായി ബ്രിട്ടനിലെ അമ്മമാര്‍. സ്കൂള്‍ വിദ്യാര്‍ഥികളായ മക്കളുള്ള അമ്മമാരാണ് പരാതി പറയുന്നത്. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സൗകര്യം ഒരുക്കിക്കൊടുക്കുന്ന കമ്പനികള്‍ തന്നെ തങ്ങള്‍ക്ക് അതേ സൗകര്യം നിഷേധിക്കുകയാണെന്നാണ് അവരുടെ പരാതി. സ്ത്രീകള്‍ക്ക് നിയമസഹായം കൊടുക്കുന്ന സ്ഥാപനങ്ങളിലേക്ക് ഗര്‍ഭിണികളായ സ്ത്രീകളും നിരന്തരം വിളിക്കുന്നുണ്ട്. അവരും ഉന്നയിക്കുന്നത് സമാന പരാതികള്‍. ജോലിക്കു സ്ഥാപനങ്ങളില്‍ എത്തുക അല്ലെങ്കില്‍ രാജി വയ്ക്കാന്‍ തയാറാകുക എന്ന സന്ദേശമാണത്രേ പല വനിതകള്‍ക്കും സ്ഥാപനങ്ങള്‍ നല്‍കുന്നത്. സര്‍ക്കാര്‍ എല്ലാ സൗകര്യവും വാഗ്ദാനം ചെയ്തിരിക്കെയാണ് തങ്ങള്‍ ക്രൂരതയ്ക്ക് വിധേയമാകുന്നതെന്നാണ് ബ്രിട്ടനിലെ യുവതികള്‍ പറയുന്നത്. 

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബ്രിട്ടനില്‍ സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇതിനിടെയാണ് കുട്ടികളെ നോക്കുന്നതിനൊപ്പം സ്ഥാപനങ്ങളില്‍ ചെന്ന് ജോലി ചെയ്യണമെന്ന നിയമവും കര്‍ശനമാക്കിയിരിക്കുന്നത്. ഇതു തങ്ങളുടെ ജീവിതം അസഹനീയമാക്കുന്നു എന്ന പരാതിയുമായി നൂറുകണക്കിനു പേരാണ് തങ്ങളെ വിളിക്കുന്നതെന്ന് വര്‍ക്കിങ് ഫാമിലീസ് എന്ന ചാരിറ്റി സ്ഥാപനത്തിന്റെ മേധാവി ജൂലിയ വല്‍താം പറയുന്നു. വീട്ടിലെ ജോലിയും കുട്ടികളെ നോക്കലും ഒപ്പം ഓഫിസ് ജോലിയും കൂടി സ്ത്രീകളെ സമ്മര്‍ദത്തിലാക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 

കോവിഡ് കാലത്തെ പ്രതിസന്ധി ചൂണ്ടിക്കാട്ടി തന്റെ ശമ്പളം വെട്ടിക്കുറച്ചെന്ന് ഒരുസ്ത്രീ പരാതിപ്പെടുന്നു. ജോലി ചെയ്യേണ്ട സമയവും കുറച്ചിട്ടുണ്ട്. വീട്ടില്‍ രണ്ടു കുട്ടികളെ നോക്കേണ്ട ഉത്തരവാദിത്വത്തിനൊപ്പമാണ് അവർക്കു ജോലിയും ചെയ്യേണ്ടിവരുന്നത്. ഇതേസമയം ഈ നിയന്ത്രണങ്ങളൊന്നും പുരുഷന്‍മാര്‍ക്ക് ബാധകവുമല്ല. ജോലിക്ക് സ്ഥാപനങ്ങളില്‍ വരാന്‍ സാധിക്കാത്തവര്‍ക്കും ഈ മാസം ശമ്പളം നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. എന്നാല്‍ ഈ വാഗ്ദാനം കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ സ്ത്രീകള്‍ക്കെതിരായ വിവേചനം വ്യക്തമാക്കുന്ന നിയമങ്ങളും നടപ്പാക്കുന്നത്. ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുന്ന വീട്ടില്‍ ഒരാള്‍ക്ക് ലീവിനൊപ്പമുള്ള ശമ്പളം അനുവദിക്കുകയാണെങ്കില്‍ അത് ഭാര്യയ്ക്ക് ആയിരിക്കണമെന്നാണ് സ്ത്രീ സംഘടനകള്‍ ആവശ്യപ്പെടുന്നത്. ഈ മാസം 20 നാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യുകെയിലെ സ്കൂളുകള്‍ അടച്ചിട്ടത്.

ജീവനക്കാരോട് വീട്ടില്‍ ഇരുന്നു ജോലി ചെയ്യാന്‍ ആവശ്യപ്പെടുന്ന നൂറുകണക്കിനു സ്ഥാപനങ്ങള്‍ യുകെയിലുണ്ട്. എന്നാല്‍ ഭൂരിപക്ഷം സ്ഥാപനങ്ങളും ഈ സൗകര്യം ചെയ്തുകൊടുക്കുന്നത് പുരുഷന്മാര്‍ക്കാണ് എന്നതാണു വൈരുധ്യം.  സാറ എന്ന യുവതി ഗര്‍ഭിണിയാണ്. കോള്‍ സെന്ററിലാണ് ജോലി ചെയ്യുന്നത്. വാടക ടാക്സിയിലാണ് ദിവസവും ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ പോകുന്നത്. നിയന്ത്രണങ്ങള്‍ നടപ്പാക്കിയപ്പോഴും പ്രധാന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ ഓഫിസില്‍ വരിക തന്നെ ചെയ്യണമെന്ന് സ്ഥാപനം നിബന്ധന പുറപ്പെടുവിച്ചു. അതോടെ സാറയ്ക്ക് എല്ലാ ദിവസവും പതിവുപോലെ കോവിഡ് കാലത്തും ജോലി ചെയ്യേണ്ട സാഹചര്യമാണ്. സര്‍ക്കാര്‍ നിര്‍ദേശം പരിഗണിച്ച് ജോലിക്കു വരാതെ 12 ആഴ്ച വീട്ടിലിരിക്കാനാണ് തീരുമാനമെങ്കില്‍ ശമ്പളത്തിന്റെ കാര്യത്തില്‍ ഉറപ്പില്ലെന്നാണ് ജോലി ചെയ്യുന്ന സ്ഥാപനം സാറയെ അറിയിച്ചിരിക്കുന്നത്. 

ഗര്‍ഭിണികളായ യുവതികള്‍ അസുഖങ്ങള്‍ ചൂണ്ടിക്കാട്ടി അവധിയെടുത്താല്‍ മെറ്റേണിറ്റി ലീവിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും ചില സ്ഥാപനങ്ങള്‍ അറിയിച്ചിട്ടുണ്ടത്രേ. ക്ലെയര്‍ എന്ന യുവതി കാര്‍ ഇന്‍ഷുറന്‍സ് സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. 2 മാസം ഗര്‍ഭിണിയാണ്. ക്ലെയര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മിക്ക പുരുഷന്മാരും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. എന്നാല്‍ തനിക്ക് ഇതുവരെ അങ്ങനെയൊരു ആനുകൂല്യം അനുവദിച്ചുകിട്ടിയിട്ടില്ലെന്ന് അവര്‍ പറയുന്നു. ഇനിയും ജോലിക്ക് പോയി ആരോഗ്യം മോശമാക്കരുതെന്നും അത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും വീട്ടില്‍ നിന്നു പറയുന്നുണ്ട്. പക്ഷേ, ഞാനെന്തു ചെയ്യും. സമ്മര്‍ദ്ദം കൂടിയതിനാല്‍ എന്തുവേണമെന്നു തീരുമാനിക്കാന്‍ പോലും ആവാത്ത അവസ്ഥയിലാണ് ഞാന്‍-ക്ലെയര്‍ പറയുന്നു. 

English Summary: Mothers say they are being kept at work in UK as fathers stay home