മിസോറാമില്‍ എയ്സ്‍വാളിലെ ജെ.ടി ഫാഷന്‍ ഹൗസ് എന്ന വ്സ്ത്രവ്യാപാര ശാലയുടെ ഷട്ടര്‍ അടഞ്ഞുകിടക്കുകയാണെങ്കിലും തുന്നല്‍ മുറിയില്‍ ആളനക്കമുണ്ട്. തിരക്കുണ്ട്. ഏറ്റവും പുതിയ വസ്ത്ര മോഡലുകള്‍ തുന്നി അവിടെ അലങ്കരിച്ചുവച്ചിട്ടില്ല. അവയെല്ലാം ഒരു വശത്തേക്ക് മാറ്റിവച്ചിരിക്കുന്നു. പകരം അഞ്ചു യുവതികള്‍ തയ്യല്‍മെഷീനുകളുടെ മുന്നില്‍ ഇരുന്ന് വസ്ത്രങ്ങളുടെ അരികുകള്‍ മുറിക്കുകയാണ്. 24 മണിക്കൂറായി അവര്‍ ഇതേ ജോലി തന്നെ ചെയ്യുകയാണെന്നു പറയുന്നു കടയുടമയായ ജെന്നി ലാല്‍ദുഷാകി. 

മുറിക്കുന്ന തുണികള്‍ എയ്സ്‍വാളിലെ വിവിധ തുന്നല്‍ക്കാര്‍ക്കു കൊടുക്കാനാണ്. അവരാണ് ഇവ തുന്നുന്നത്. മിസോറാമില്‍ ആദ്യ കോവിഡ് സ്ഥിരീകരിക്കുകയും ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതിനുപിന്നാലെ സംസ്ഥാനത്തെ തയ്യല്‍ക്കാര്‍ക്കെല്ലാം തിരക്ക് കൂടിയിരിക്കുകയാണ്. അവര്‍ വസ്ത്രങ്ങളല്ല തുന്നുന്നതെന്നു മാത്രം. പകരം സുരക്ഷാ കവചങ്ങളും മാസ്കുകള്‍ പോലെയുള്ള സുരക്ഷിത വസ്ത്രങ്ങളും. ഗൗണുകള്‍. തല മൂടുന്ന കുപ്പായങ്ങള്‍. ഗ്ലൗസ് എന്നിങ്ങനെ. പ്രധാനമായും ഡോക്ടര്‍മാരും നഴ്സുമാരും ഒക്കെ ഉള്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്കുവേണ്ടി. പൊലീസുകാര്‍ക്കു വേണ്ടി. ചരക്കുകളുമായി  പോകുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്കുവേണ്ടി. അവശ്യ സര്‍വീസില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കുവേണ്ടി. 

ഫാഷന്‍ സങ്കല്‍പങ്ങള്‍ക്കു പേരുകേട്ട മിസോറാമില്‍ നൂറു കണക്കിനു സ്ത്രീകളാണ് തയ്യല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും അവരുടെ തിരക്ക് ഒഴിഞ്ഞിട്ടില്ല. കൂടിയിട്ടേയുള്ളൂ. നിര്‍മിക്കുന്നതും തുന്നുന്നതുമെല്ലാം സുരക്ഷിത കവചങ്ങളാണെന്നതു മാത്രമാണ് വ്യത്യാസം. അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് അവര്‍ ജോലി ഏറ്റെടുത്തിരിക്കുന്നത്. 

റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ ആന്‍ഡ് നഴ്സിങ് സയന്‍സിലെ പ്രഫസര്‍ ലയ്റാംദിനിയുടെ ബുദ്ധിയിലാണ് ഈ ആശയം ആദ്യം ഉദിക്കുന്നത്. നമ്മുടെ സംസ്ഥാനത്ത് എത്രയോ വനിതകള്‍ മനോഹരമായി തുന്നുന്നവരാണ്. ഈ ലോക് ഡൗണ്‍ കാലത്ത് എന്തുകൊണ്ട് അവരുടെ സേവനം ഉപയോഗിച്ചുകൂടാ- അദ്ദേഹം ഫെയ്സ്ബുക്കില്‍ എഴുതി. പ്രതികരണം അതിശയകരമായിരുന്നു. നൂറു കണക്കിനുപേരാണ് സഹായം വാഗ്ദാനം ചെയ്തു മുന്നോട്ടുവന്നത്. രണ്ടു മണിക്കൂറിനകം അവര്‍ ഒരു വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി. ഓരോരുത്തരും ഓരോ ജോലികളാണ് ചെയ്യുന്നത്. കുറച്ചുപേര്‍ വസ്ത്രം മുറിക്കുന്നു. മറ്റൊരു ഗ്രൂപ്പ് തുന്നുന്നു. വേറെൊരു ഗ്രൂപ്പ് ഹുക്കുകള്‍ പിടിപ്പിക്കുന്നു. ഒടുവില്‍ ഇവയെല്ലാം സമാഹരിച്ച് ആവശ്യക്കാര്‍ക്ക് എത്തിക്കുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ ഇങ്ങനെയുള്ള ഗ്രൂപ്പുകള്‍ ഒട്ടേറെയുണ്ട്. എല്ലാവരും സജീവമാണ് കോവിഡിനെതിരായ പോരാട്ടത്തില്‍. 

മാസ്കുകള്‍ ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണം പൂര്‍ത്തിയായാല്‍ ലോക്കല്‍ ടാസ്ക് ഫോഴ്സിനെ അറിയിക്കുന്നു. അവര്‍ അവ ശേഖരിച്ച് അടുത്തുള്ള ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് എത്തിക്കുന്നു. അണു വിമുക്തമാക്കിയതിനുശേഷം വിവിധ അവശ്യ സേവന വിഭാഗക്കാര്‍ക്ക്  ഇവ എത്തിച്ചുകൊടുക്കുന്നു. ഏറ്റവും ട്രെന്‍ഡിയായ മാസ്കുകള്‍ ഇപ്പോള്‍ അണിയുന്നത് മിസോറാമിലെ  പൊലീസുകാരാണ് എന്നതാണ് ഇപ്പോഴത്തെ യാഥാര്‍ഥ്യം. അങ്ങനെ സംഭവിക്കാന്‍ കാരണം സംസ്ഥാനത്തെ ഒരു കൂട്ടം സ്ത്രീകളാണ്. ഫാഷന്‍ സങ്കല്‍പങ്ങളെ ഇത്രനാളും മനോഹരമാക്കിയിരുന്ന, ഡിസൈനര്‍മാര്‍ കൂടിയായ ഒരു കൂട്ടം വനിതകള്‍. അവര്‍ സാഹചര്യത്തിനൊത്ത് ഉയര്‍ന്നിരിക്കുന്നു. സാനിറ്റൈസര്‍ നിര്‍മിക്കുന്ന വോളന്റിയര്‍ ഗ്രൂപ്പുകളും സംസ്ഥാനത്ത് സജീവമാണ്. 

English Summary: Across Mizoram, 400 tailors are stitching a resistance to the COVID-19 pandemic