കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് ആയിരങ്ങളാണ് ലോകത്ത് മരിച്ചത്. നിരവധി പേർക്ക് ഇപ്പോഴും  വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്യുന്നു. അസുഖം ഭേദമായവർ തങ്ങളുടെ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്നു. അക്കൂട്ടത്തില്‍പ്പെട്ട ഒരാളാണ് 22കാരി എമി ഷെർസൽ. യുഎസിലെ വിസ്കോൻസിൻ സ്വദേശിയായ യുവതി ട്വിറ്ററിലൂടെയാണ് കോവിഡ്–19 ബാധിച്ച അവസ്ഥയെ കുറിച്ച് പുറം ലോകത്തെ അറിയിച്ചത്. 

മറ്റുള്ളവർ ഇനിയെങ്കിലും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന മുഖവുരയോടെയാണ് യുവതി തന്റെ അനുഭവം പങ്കുവയ്ക്കുന്നത്. ‘എനിക്ക് 22 വയസ്സുണ്ട്. ടെസ്റ്റ് നടത്തിയപ്പോള്‍ കോവിഡ് പോസിറ്റീവ് രേഖപ്പെടുത്തി. എന്റെ അനുഭവം പങ്കുവയ്ക്കുന്നതിലൂടെ നിങ്ങളിൽ കുറച്ചു പേരെങ്കിലും വീടുകളിൽ സുരക്ഷിതമായി ഇരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’ എമി പറയുന്നു. യൂറോപ്പിൽ നിന്നും അവധിക്ക് യുഎസിൽ എത്തിയ താൻ ലക്ഷണങ്ങൾ കണ്ട്് രണ്ടാമത്തെ ആഴ്ച തന്നെ ചികിത്സ തേടി എന്നും യുവതി വ്യക്തമാക്കി. ‌

‘ആദ്യത്തെ ഏതാനും ദിവസങ്ങളിൽ കൈകാര്യം ചെയ്യാന്‍ കഴിയുന്ന അവസ്ഥയായിരുന്നു. പനിയും തലവേദനയും നേരിയ ചുമയുമാണ് ആദ്യദിവസങ്ങളിൽ അനുഭവപ്പെട്ടത്. യൂറോപ്പില്‍ നിന്നും വരുമ്പോൾ തന്നെ ഈ പ്രശ്നങ്ങൾ നേരിയ തോതിൽ അലട്ടിയിരുന്നു. എന്നാൽ ദിനംപ്രതി അവസ്ഥ കൂടുതൽ വഷളായി. മൂന്നാമത്തെ ദിവസം എഴുന്നേറ്റ് നിൽക്കാൻ പോലും കഴിഞ്ഞിരുന്നില്ല. തുടർച്ചയായി ഛർദ്ദിച്ചു കൊണ്ടിരുന്നു. എനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ആഹാരം കഴിക്കാനും കഴിയില്ലായിരുന്നു. എന്നാൽ, എന്റെ പരിശോധനാഫലം അപ്പോഴും കിട്ടിയിരുന്നില്ല.’– എമി ട്വിറ്ററിൽ കുറിച്ചു. 

നാലാംദിനം പരിശോധനാ ഫലം ലഭിച്ചു. പോസിറ്റീവ്. ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാന്‍ തുടങ്ങി. ഭീകരമായിരുന്നു ആ അവസ്ഥ. ശ്വാസകോശം ചെറുതാകുന്നതായി എനിക്ക് തോന്നി. ശരിയായ രീതിയില്‍ ശ്വാസോച്ഛ്വാസം നടത്താൻ സാധിച്ചിരുന്നില്ല. വളരെ ക്ഷീണം അനുഭവപ്പെട്ടു. 102 ഡിഗ്രിയോ അതിൽ കൂടുതലോ പനിയും ഉണ്ടായിരുന്നു. അഞ്ചാമത്തെ ദിവസമായപ്പോഴേക്കും ആരോഗ്യനില കൂടുതൽ മോശമായി. ഇനിയൊരിക്കലും ഈ അസുഖം എന്റെ ജീവിതത്തിൽ ബാധിക്കരുതെന്ന് ആഗ്രഹിക്കുകയാണ്. ഞാൻ മരിക്കാൻ പോവുകയാണെന്നു തന്നെ ഉറപ്പിച്ചു. ആ സമയം ഏറെ ഭയത്തോടെയല്ലാതെ ഓർക്കാൻ കഴിയില്ല. എഴുന്നേറ്റ് നടക്കാൻ പോലും കഴിയാതെ വന്നപ്പോൾ ആറാം നാൾ ഞാൻ ആരോഗ്യപ്രവർത്തകരെ വിളിച്ചു. അവർ പെട്ടന്നു വന്ന് ആശുപത്രിയിലേക്ക് മാറ്റി. 

9 ദിവസത്തോളം എനിക്ക് ഭക്ഷണം കഴിക്കാൻ സാധിച്ചിരുന്നില്ല. ഇത്രയേറെ ക്ഷീണം ജീവിതത്തിൽ ഒരിക്കൽ പോലും അനുഭവിച്ചിട്ടില്ല. ആ അവസ്ഥ അതിദയനീയമാണ്. ഇപ്പോൾ ഞാൻ പന്ത്രണ്ടാം ദിവസത്തിലാണ്. വിശപ്പ് എന്നെ തേടി വരാൻ തുടങ്ങി. പക്ഷേ, എല്ലാ  ലക്ഷണങ്ങളും ഇപ്പോഴും എന്നിലുണ്ട്. അതുകൊണ്ട്് നിങ്ങളോടെനിക്ക്് പറയാനുള്ളത് 20കളിലാണെങ്കിൽ പോലും പ്രതിരോധിക്കാൻ കഴിയണമെന്നില്ല. ദയവായി നിർദേശങ്ങൾ പാലിച്ച് വീട്ടിൽ തന്നെ കഴിയുക. – എമി പറഞ്ഞു. 

English Summary: I was afraid I would die: 22-year-old US girl shares coronavirus experience