ക‌ൊറോണ വൈറസ് പിടിയിൽ അകപ്പെട്ടിരിക്കുകയാണ് ലോകം. ജനിച്ച് ഏതാനും ദിവസം പ്രായമായ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ പോലും വേണ്ട രീതിയിൽ നൽകാൻ കഴിയാത്ത അമ്മമാർ ഉണ്ട്. ഇങ്ങനെ മാനവരാശിയെ ആകെ നിശ്ചലാവസ്ഥയിലേക്ക് തള്ളിവിടുകയാണ് ഈ വൈറസ്. കരളലിയിക്കുന്ന പലകാഴ്ചകളും ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും മാധ്യമങ്ങൾ വഴി നമ്മെ തേടി എത്തുന്നു. ഈ കൊറോണക്കാലത്ത് അത്തരത്തിൽ കരളലിയിക്കുന്ന ഒരു കഥ വരികയാണ് യുകെയിൽ നിന്ന്. 

15 ദിവസം മാത്രം പ്രായമുള്ള അസുഖ ബാധിതയായ കുഞ്ഞിനെ കാണാൻ പോലും കഴിയാതെ മാള്‍ഡനിലെ ബെക്കി എന്ന അമ്മയുടെ നെഞ്ച് പിടഞ്ഞു. പങ്കാളിയായ ഡാരന് ജലദോഷത്തിന്റെ ലക്ഷണങ്ങൾ തുടങ്ങിയതിനാലാണ് ബെക്കിക്ക് കുഞ്ഞിനെ കാണാൻ സാധിക്കാതെ വന്നത്. ബെക്കിയുടെ കഷ്ടപ്പാടും കുഞ്ഞിനെ കാണാന്‍ കഴിയാത്തതിലുള്ള വേദനയും മനസ്സിലാക്കിയ അമ്മ സന്നദ്ധ പ്രവർത്തകരോട് സഹായം  അഭ്യർഥിക്കുകയായിരുന്നു. 

കുഞ്ഞിന് എങ്ങനെ മുലപ്പാൽ എത്തിക്കുമെന്നായിരുന്നു ബെക്കിയെ അലട്ടിയ പ്രധാന പ്രശ്നം. തുടർന്ന് സന്നദ്ധ പ്രവർത്തകനായ സ്കോട്ട് ഫോർഡ് ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ‘മില്‍ക്ക്മാൻ’ ആയി താൻ പ്രവർത്തിക്കാമെന്ന് സ്കോട്ട് ഫോർഡ്  പറഞ്ഞു. എന്നാൽ ഈ സഹായാഭ്യർഥന കേട്ടപ്പോൾ ആദ്യം അത്ഭുതം തോന്നിയെങ്കിലും പിന്നീട് ഏറെ സന്തോഷത്തോടെ അഭ്യർഥന സ്വീകരിക്കുകയായിരുന്നു എന്ന് സ്കോട്ട് ഫോർഡ് പറഞ്ഞു. 

ശ്വാസോഛ്വാസത്തിൽ ബുദ്ധിമുട്ട് നേരിടുന്നതിനാലാണ് കുഞ്ഞിനെ ആശുപത്രിയിലാക്കിയിരിക്കുന്നത്. കുഞ്ഞിന്റെ അച്ഛനിൽ കൊറോണ ലക്ഷണം കണ്ടെത്തിയതിനാലാണ് അമ്മയടക്കമുള്ള ബന്ധുക്കൾക്ക് കുഞ്ഞിന്റെ അരികിലേക്കുള്ള പ്രവേശനം നിഷേധിച്ചത്. അതുകൊണ്ടു തന്നെ എല്ലാ വൈകുന്നേരവും ബെക്കിയിൽ നിന്നും മുലപ്പാൽ വാങ്ങി കുഞ്ഞിന് എത്തിക്കുന്ന ദൗത്യം ഫോർഡ് ഏറ്റെടുത്തു. 

‘സ്കോട്ട് വളരെ സ്നേഹവും സഹാനുഭൂതിയുമുള്ള മനുഷ്യനായതുകൊണ്ടാണ് അദ്ദേഹത്തിന് ഞങ്ങൾക്കായി ഈ സഹായം ചെയ്യാൻ തോന്നിയത്. പക്ഷേ, ഈ നിമിഷങ്ങൾ വളരെ ഹൃദയഭേദകമാണ്. കാരണം ഏന്റെ കുഞ്ഞിനോടൊപ്പം ഞാൻ എല്ലായിപ്പോഴും ഉണ്ടാകേണ്ട സമയമാണ് ഇത്. എനിക്ക് ആ അസുലഭ അവസരങ്ങളെല്ലാം നഷ്ടമായി.’– ബെക്കി പറഞ്ഞു. 

മാള്‍ഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയിലെ  അംഗമാണ് ഫോര്‍ഡ്. കൊറോണ വൈറസ് ബാധിതരായവരെ സഹായിക്കുക എന്ന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് അദ്ദേഹം. തന്റെ കുടുംബം സുരക്ഷിതമായിരിക്കുന്നതിനായി രണ്ടാഴ്ചയായി വീട്ടിൽ പോകാറില്ലെന്നും ഫോർഡ് പറഞ്ഞു. കൊറോണ വൈറസ് ബാധിതർക്കായി പ്രയത്നിക്കുകയാണ് അദ്ദേഹം. മാൾഡനിലെ ഏറ്റവും വേഗതയുള്ള ‘മിൽക്ക് മാനാ’ണ് താനെന്ന് ഫോർഡ് തമാശ രൂപേണ പറയും. ഏതായാലും ഫോർഡിന്റെ ഈ പ്രയത്നത്തോടുള്ള നന്ദി ഒറ്റവാക്കിൽ ഒതുങ്ങില്ലെന്നാണ് ബെകക്കിയും കുടുംബവും പറയുന്നത്. 

English Summary: Coronavirus: Mum's thanks for breast milk delivery to sick baby