ഇറാനിയൻ വിവാദ സോഷ്യൽമീഡിയ താരത്തിനും കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട്. 18 വയസ്സുള്ള ഷഹർ തബാർ എന്ന യുവതിക്കാണ് കൊറോണ വൈറസ് ബാധയുള്ളതായി പറയുന്നത്. അവരുടെ വക്കീലാണ് യുവതിക്ക് ജയിലിൽ നിന്ന് കൊറോണ വൈറസ് ബാധിച്ചതായി അറിയിച്ചത്. പ്ലാസ്റ്റിക് സർജറി നടത്തി എന്നു പറയപ്പെടുന്ന മുഖവുമായി സോഷ്യൽ മീഡിയയിലെത്തിയതിനെ തുടർന്നായിരുന്നു 2019ൽ സഹർ തബാറിന്റെ അറസ്റ്റ്

ഹോളിവുഡ് താരം അഞ്ജലിന ജോളിയെ പോലെയാകാനായി നിരവധി പ്ലാസ്റ്റിക് സർജറികൾ വിധേയയാകുകയായിരുന്നു യുവതി. എഡിറ്റ് ചെയ്ത തന്റെ ഫോട്ടോകൾ യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. തുടർന്നാണ് സാമൂഹിക–സാംസ്കാരിക കുറ്റം ചുമത്തി യുവതിയെ അറസ്റ്റ് ചെയ്തത്. അനധികൃതമായി പണം  സമ്പാദിച്ചതിനും യുവതിക്കെതിരെ കേസെടുത്തിരുന്നു. 

ടെഹ്റാനിലെ സൈന ആശുപത്രിയിലെ വെൻഡിലേറ്ററിലായിരുന്നു യുവതി എന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.  ഇപ്പോൾ ജയിലില്‍ ക്വാറന്റീന്‍ സെക്ഷനിലാണ് യുവതി. ‘ഇത്തരത്തിലൊരു സാഹചര്യം നേരിടേണ്ടി വരുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ഈ സമയത്ത് കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണം. ഈ സാഹചര്യത്തിൽ അവരെ ജയിലിൽ നിന്ന് മാറ്റിപാർപ്പിക്കണം.’ യുവതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതേസമയം അഭിഭാഷകന്റെ വാദം ജയിൽ ഡയറക്ടർ തള്ളി. കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണ്ട സാഹചര്യമില്ലെന്ന് ഡയറക്ടർ കോടതിയെ അറിയിച്ചു. അതേസമയം, പ്ലാസ്റ്റിക് സർജറി നടത്തിയിട്ടില്ലെന്നും  സോഷ്യൽ മീഡിയയിൽ ആപ്പ് ഉപയോഗിച്ച് നിർമിച്ച ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തതെന്നുമാണ് യുവതിയുടെ അവകാശവാദം. സംഭവം വിവാദമായതിനെ തുടർന്ന് യുവതി വിവാദ സോഷ്യൽമീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു

രാഷ്ട്രീയ തടവുകാരടക്കം 85,000ത്തോളം പേരെ കഴിഞ്ഞമാസം ഇറാൻ താത്കാലികമായി ജയിൽ മോചിതരാക്കിയിരുന്നു. രാജ്യം കൊറോണ  വൈറസ് വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലായിരുന്നു നടപടി. മധ്യപൂർവ രാജ്യങ്ങളിൽ കൊറോണ വൈറസ് ഏറ്റവും മോശമായി ബാധിച്ച പ്രദേശമാണ് ഇറാൻ.  

English Summary: Iranian Instagram star contracts corona virus in prison