ബ്രിട്ടിഷ് രാജകുടുംബത്തിന് എക്കാലത്തും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും ആരോപണം. ബ്രിട്ടിഷ് രാജകുടുംബത്തിനുവേണ്ടി തിങ്കളാഴ്ച ലണ്ടന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത പേപ്പറുകളിലാണ് പുതിയ ആരോപണങ്ങളുള്ളത്. ഇത്തവണ പരാതിക്കാരി ഹാരി രാജകുമാരന്റെ ഭാര്യ , അമേരിക്കന്‍ നടിയും മോഡലുമായ മേഗന്‍ മാര്‍ക്കിളുമായി ബന്ധപ്പെട്ടാണ്. 

ഹാരിയുമായുള്ള വിവാഹത്തിന്റെ പേരില്‍ മേഗന്റെ കുടുംബത്തില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിവാഹത്തിന് മേഗന്‍ തന്റെ പിതാവിനെപ്പോലും ക്ഷണിച്ചില്ലെന്നും ആരോപണമുണ്ടായിരുന്നു. ഇരുവരും തമ്മില്‍ വഴക്കാണെന്നും അവര്‍ തമ്മില്‍ അയച്ച കത്തുകള്‍ തെളിവായി ഉദ്ധരിച്ചുകൊണ്ട് ചില ടാബ്ളോയിഡ് പത്രങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ തെളിവായി മേഗന്‍ പിതാവ് തോമസ് മാര്‍ക്കിളിന് അയച്ചതെന്നു കരുതപ്പെടുന്ന കത്തും ചില പത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതിനെതിരെ മേഗന്‍ രംഗത്തുവന്നിരുന്നു. 

തന്നെയും പിതാവിനെയും തമ്മില്‍ തെറ്റിക്കാനുള്ള മാധ്യമങ്ങളുടെ ഗൂഢാലോചനയാണ് സംഭവത്തിനു പിന്നിലെന്നാണ് മേഗന്‍ ആരോപിക്കുന്നത്. ഈ വിവരങ്ങളാണ് ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതും. തെറ്റായതും കെട്ടിച്ചമച്ചതുമായ വാര്‍ത്തകളാണ് പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതെന്നും മേഗന്‍ ആരോപിച്ചിരുന്നു. തന്റെ പിതാവിനെ മാധ്യമങ്ങള്‍ നിരന്തരമായി വേട്ടയാടുന്നെന്നും മേഗനു പരാതിയുണ്ട്. അദ്ദേഹത്തെ ചെറുതാക്കിക്കാണിക്കാനും മാധ്യമങ്ങള്‍ മനഃപൂര്‍വം ശ്രമിച്ചിരുന്നത്രേ. 

ഹാരിയും മേഗനും ബ്രിട്ടിഷ് രാജകുടുംബത്തില്‍നിന്ന് വേര്‍പിരിഞ്ഞ് സാധാരണക്കാരായാണ് ഇപ്പോള്‍ കാനഡയില്‍ ജീവിക്കുന്നത്. ഇത് ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ വലിയ വാര്‍ത്തയായി ആഘോഷിച്ചിരുന്നു. ഡയാന രാജകുമാരിയുടെ മരണത്തിനു പോലും കാരണമായത് മാധ്യമങ്ങളും പപ്പരാസികളുമാണെന്ന് ഇപ്പോഴും ആരോപണങ്ങളുണ്ട്. രഹസ്യങ്ങള്‍ ചികഞ്ഞെടുക്കാന്‍വേണ്ടി പിന്‍തുടര്‍ന്ന പപ്പരാസികളില്‍നിന്നു രക്ഷപ്പെടാന്‍വേണ്ടി പലപ്പോഴും ഡായനയ്ക്ക് പലായനങ്ങള്‍ പോലും നടത്തേണ്ടിവന്നിട്ടുമുണ്ട്. ഈ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് ഇപ്പോള്‍ ബ്രിട്ടിഷ് മാധ്യമങ്ങള്‍ക്കെതിരെ മേഗന്‍ ഉയര്‍ത്തിയിരിക്കുന്ന ആരോപണങ്ങള്‍. 

English Summary: Meghan Markle accuses Britain's tabloid media of causing rift with her father