പ്രായഭേദമെന്യേ, രാജ്യാതിര്‍ത്തികളെപ്പോലും നിഷ്പ്രഭമാക്കി കോവിഡ് പടരുന്നതിനിടെ സ്പെയിനില്‍ നിന്ന് ഒരു ആശ്വാസവാര്‍ത്ത. വിരമിച്ച ജീവനക്കാര്‍ക്കുള്ള വിശ്രമസങ്കേതത്തില്‍ ജീവിക്കുന്ന 113 വയസ്സുകാരി കോവിഡിനെ തോല്‍പിച്ചിരിക്കുന്നു. ലോകത്തു തന്നെ കോവിഡിനെ തോല്‍പിച്ച ഏറ്റവും പ്രായം കൂടിയ സ്ത്രീ. വിശ്രമസങ്കേതത്തിലെ മിക്കവര്‍ക്കും കോവിഡ് ബാധിക്കുകയും പലരും മരണത്തിനു കീഴടങ്ങുകയും ചെയ്യുന്നതിനിടെത്തന്നെയാണ് 113 വയസ്സുകാരി ജീവിതത്തിലേക്കു മടങ്ങിവന്ന് ചരിത്രം രചിച്ചത്. 

യുഎസില്‍ ജനിച്ച മരിയ ബ്രന്യാസാണ് കോവിഡിനെ കീഴടക്കി ലോകത്തിന് ആശ്വാസം പകരുന്നത്. ഏപ്രിലിലാണ് മരിയയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. സാന്റ മരിയ ഡെല്‍ ടുറ കെയര്‍ ഹോമിലെ താമസത്തിനിടെ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇവിടെത്തന്നെയാണു താമസം. മരിയയ്ക്ക് കോവിഡ് ബാധിച്ചതോടെ അന്തേവാസികളെല്ലാം ആശങ്കയിലായി. ഇത്ര പ്രായം കൂടി വ്യക്തിക്ക് രോഗം ബാധിച്ചാല്‍ തിരിച്ചുവരാനാവില്ല എന്നാണ് ഡോക്ടര്‍മാരും അഭിപ്രായപ്പെട്ടത്. 

കോവിഡ് ആണെങ്കിലും ലഘുവായ ആക്രമണം മാത്രമാണ് മരിയയ്ക്ക് ബാധിച്ചതെന്ന് കെയര്‍ ഹോമിന്റെ വക്താവ് അറിയിച്ച്. രോഗം പൂര്‍ണമായും ഭേദമായെന്നും മരിയ ഇപ്പോള്‍ സുഖമായിരിക്കുകയാണെന്നും വക്താവ് അറിയിച്ചിട്ടുമുണ്ട്. 

കഴിഞ്ഞ ആഴ്ചയും പരിശോധന നടത്തിയിരുന്നു. ഫലം നെഗറ്റീവ് ആയിരുന്നു. ഇനി ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത് - വക്താവ് പറയുന്നു. 

മൂന്നു മക്കളുടെ അമ്മയായ മരിയയെ രോഗത്തെത്തുടര്‍ന്ന് മുറിയില്‍ ഐസലേഷനില്‍ ആക്കിയിരിക്കുകയായിരുന്നു. പരിചരണത്തിന് ഒരാളെയും ഏര്‍പ്പെടുത്തിയിരുന്നു. സ്പെയിനിലെ പ്രാദേശിക ടെലിവിഷന്‍ ചാനല്‍ കെയര്‍ ഹോമില്‍നിന്നുള്ള ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. ആരോഗ്യത്തോടെയിരിക്കുന്ന മരിയയുടെ ദൃശ്യങ്ങളും. 

ചാനല്‍ പ്രേക്ഷകരെ കാണിച്ചു. കെയര്‍ ഹോമിലെ പരിചരണം മികച്ചതാണെന്ന് ചാനല്‍ വിഡിയോയില്‍ മരിയ പറയുന്നുണ്ട്. എല്ലാവരും സ്നേഹത്തോടെ, ശ്രദ്ധയോടെയാണ് തന്നെ പരിചരിക്കുന്നതെന്നും മരിയ പറയുന്നു.ദീര്‍ഘായുസ്സിന്റെ രഹസ്യം എന്താണെന്നു തിരക്കുന്ന ജീവനക്കാരിയോട് മരിയ പറയുന്നത് ആരോഗ്യവതിയായിരിക്കാനുള്ള ഭാഗ്യം തനിക്ക് സിദ്ധിച്ചു എന്നാണ്. 

അമ്മ സംസാരിക്കാന്‍ ആഗ്രഹിക്കുന്നതായും ഒരു തരത്തിലുമുള്ള പ്രശ്നങ്ങള്‍ ഇപ്പോള്‍ ഇല്ലെന്നും മരിയ ബ്രന്യാസിന്റെ മകള്‍ റോസ മോററ്റും അറിയിച്ചു. ഭക്ഷണം കഴിക്കുന്നുണ്ട്. ആലോചിക്കുന്നുണ്ട്. എല്ലാവരോടും സരസമായി സംസാരിക്കാനും ആഗഹ്രിക്കുന്നു- റോസ പറയുന്നു. 

1907 മാര്‍ച്ച് 4 നാണ് യുഎസില്‍ മരിയ ജനിച്ചത്. പിതാവിന്റെ ജോലിയുമായി ബന്ധപ്പെട്ട് കുടുംബം അന്ന് അമേരിക്കയിലായിരുന്നു. പത്രപ്രവര്‍ത്തകനായിരുന്നു  പിതാവ്. ഒന്നാം ലോക മഹായുദ്ധത്തിന്റെ കാലത്ത് ബോട്ടില്‍ മരിയ കുടുംബത്തിനൊപ്പം സ്പെയിനില്‍ എത്തി. 1918-19 കാലത്ത് പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്ലു എന്ന മാരക രോഗത്തെ കുട്ടിക്കാലത്തു തന്നെ അതിജീവിച്ചു. 1936-39 കാലത്ത് സ്പാനിഷ് ആഭ്യന്തര യുദ്ധമായിരുന്നു അടുത്ത വെല്ലുവിളി. അതും മരിയ വിജയകരമായി തരണം ചെയ്തു. 

സാന്റ മരിയ ഡെല്‍ ടുറ കെയര്‍ ഹോമിലെ ഒട്ടേറെപ്പേര്‍ കോവിഡ് ബാധിച്ചു മരിച്ചിരുന്നു.  കോവിഡ‍് ഏറ്റവും കൂടുതല്‍ന നാശം വിതച്ച രാജ്യങ്ങളിലൊന്നാണ് സ്പെയിന്‍. 27,000 ല്‍ അധികം പേര്‍ ഇതിനോടകം മരിച്ചുകഴിഞ്ഞു.

English Summary: 113 year old Spanish Woman becomes the oldest person to defeat corona virus