ലൂക്കാസ് ഡി സില്‍വ എന്ന 33 വയസ്സുള്ള പുരുഷന്‍ കാത്തിരിക്കുകയാണ്. കോടതിയില്‍ നിന്നുള്ള വിധി കേള്‍ക്കാന്‍. ഭാര്യയെ ആക്രമിച്ചതാണ് അയാളുടെ പേരിലുള്ള കുറ്റം. എന്നാല്‍ സാധാരണ ഗതിയിലുള്ള കോടതി മുറിയിലല്ല ലൂക്കാസ് ഇരിക്കുന്നത്. സ്ത്രീകള്‍ക്കെതരെയുള്ള കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ബ്രസീലിലെ പ്രത്യേക കോടതി മുറിയില്‍. കാമ്പോ ഗ്രന്‍ഡേയില്‍ 24 മണിക്കൂറും തുറന്നിരിക്കുന്നതാണ് ഈ കോടതി മുറിയും തടഞ്ഞുവയ്ക്കല്‍ കേന്ദ്രവും. സ്ത്രീകളെ ആക്രമിക്കുന്ന പുരുഷന്‍മാരെ 48 മണിക്കൂര്‍ വരെ ഇവിടെ തടഞ്ഞുവയ്ക്കാം. അതിനകം അവര്‍ക്കുള്ള ശിക്ഷ തീരുമാനിക്കും. രണ്ടു സെല്ലുകളാണ് ഇവിടെയുള്ളത്. 4 പേരെ വീതം താമസിപ്പിക്കാവുന്നത്.

തടഞ്ഞുവയ്ക്കല്‍ കേന്ദ്രത്തിലെ മറ്റൊരു ഹാളില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരുണ്ട്. സ്ത്രീകളുടെ സംരക്ഷണമാണ് ഇവരുടെ ഉത്തരവാദിത്തം. പട്രോളിങ് നടത്തി ഇവര്‍ കുറ്റവാളികളെ കണ്ടെത്തുന്നുണ്ട്. കൂടാതെ സ്ത്രീകള്‍ക്ക് ഫോണിലൂടെയോ നേരിട്ടോ ഇവരെ പരാതികള്‍ അറിയിക്കുകയും ചെയ്യാം. പരിഹാരം ഉടനുണ്ടാകും. മനഃശാസ്ത്ര വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനവും ഇവിടെയുണ്ടാകും.

2015 ലാണ് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമ സംഭവങ്ങള്‍ കൈകാര്യം ചെയ്യാന്‍ മാത്രമായി സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രത്യേക ജയിലും കോടതിയും ഉള്‍പ്പെട്ട കേന്ദ്രം രാജ്യത്ത് തുറക്കുന്നത്.ഇപ്പോള്‍ ബ്രസീലില്‍ മൊത്തം 7 കേന്ദ്രങ്ങളുണ്ട്. ലോക്‌ഡൗണിനെത്തുടര്‍ന്ന് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചിരുന്നു. ഇവിടം കൂടുതല്‍ സജീവമാണ്. സാമൂഹിക അകലം പാലിച്ചാണ് നടപടിക്രമങ്ങള്‍ മുന്നേറുന്നത്. എല്ലാവരും നിര്‍ബന്ധമായും മാസ്കും ധരിച്ചിട്ടുണ്ട്.

വിചാരണയ്ക്കു വിധേയനായിക്കൊണ്ടിരിക്കുന്ന ലൂക്കാസ് ഡി സില്‍വ മദ്യലഹരിയില്‍ ഭാര്യയെ മര്‍ദിക്കുകയായിരുന്നു. അതും മൂന്നു വയസ്സുള്ള മകന്റെ മുന്‍പില്‍വച്ച്. അറിയാതെ സംഭവിച്ചുപോയതാണ്. ഞാന്‍ ചെയ്ത പ്രവൃത്തിയില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുന്നുണ്ട്. എന്നാല്‍ ഭാര്യയും എന്നെ ആക്രമിച്ചു. എന്റെയും ഭാര്യയുടെയും മര്‍ദനത്തെ രണ്ടു രീതിയില്‍ കാണുന്നത് ക്രൂരമാണ്. എന്നോട് അനീതിയാണ് കാണിച്ചിരിക്കുന്നത് - ലൂക്കാസ് പറയുന്നു.

അത്യാവശ്യ ഘട്ടത്തില്‍ സ്ത്രീകള്‍ക്ക് ഇവിടെ താമസവും അനുവദിക്കുന്നുണ്ട്. സ്ത്രീകള്‍ക്കെതെരെ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ബ്രസീല്‍. പലപ്പോഴും അക്രമികള്‍ പങ്കാളികളോ മുന്‍ പങ്കാളികളോ ആയിരിക്കും. 212 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് ഓരോ രണ്ടു മിനിറ്റ് കൂടുമ്പോഴും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു എന്നാണ് കണക്ക്. ലോക്‌ഡൗണിനെത്തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം ബ്രസീലിലെ സാവോ പോളോയില്‍ മാത്രം കുറ്റകൃത്യങ്ങള്‍ 45 ശതമാനം കൂടിയതായാണ് റിപ്പോര്‍ട്ട്.

English Summary: We wrap services around women, Brazils innovative domestic violence center