ഇന്ത്യൻ വംശജനെ വിവാഹം കഴിച്ച് വാർത്തകളിൽ ഇടം നേടിയ ഓസ്ട്രിയ രാജകുമാരി ഇനി ഓർമകളിൽ. മരിയ സിങ് എന്നറിയപ്പെട്ട മരിയ ഗലിറ്റ്സൈൻ ആണ് പെട്ടെന്നുള്ള ഹൃദയാഘാതത്തെത്തുടർന്ന് 31–ാം വയസ്സിൽ അന്തരിച്ചത്. യുഎസിലെ ഹൂസ്റ്റിണിലായിരുന്നു അന്ത്യം. ഇന്ത്യൻ വംശജനായ പാചക വിദഗ്ധൻ റിഷി രൂപ് സിങ് ആണ് ഭർത്താവ്.

മൂന്നു വർഷം മുൻപ് 2017 ൽ ആയിരുന്നു മരിയയും റിഷിയും തമ്മിലുള്ള വിവാഹം. ദമ്പതികൾക്ക് രണ്ടു വയസ്സുള്ള ഒരു മകനുണ്ട്–മാക്സിം. അറിയപ്പെടുന്ന പാചക വിദഗ്ധനായ റിഷിക്കൊപ്പം ഇന്റീരിയർ ഡിസൈനർ ആയി ജോലി ചെയ്യുകയായിരുന്നു മരിയ. ഓസ്ട്രിയൻ രാജകുടുംബത്തിലെ മരിയ അന്നയും പീറ്റർ ഗാലിറ്റ്സൈനുമാണ് മാതാപിതാക്കൾ.

ഈ മാസം നാലിനു മരിച്ച രാജകുമാരിയുടെ സംസ്കാരം നാലു ദിവസത്തിനുശേഷം ഹൂസ്റ്റണിൽവച്ചുതന്നെയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്ന മരിയ മകൻ മാക്സിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ ഇടയ്ക്കിടെ പോസ്റ്റ് ചെയ്യുന്നതു പതിവായിരുന്നു. ചിത്രങ്ങൾ ഓർമയിലുള്ള പലരും മരിയയുടെ ആകസ്മിക മരണത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും.

1988 ൽ ലക്സംബർഗിൽ ജനിച്ച മരിയ അഞ്ചാം വയസ്സിൽ റഷ്യയിൽ എത്തി. ബിരുദം നേടിയതിനുശേഷം ബൽജിയത്തിൽ ആർട് ആൻഡ് ഡിസൈൻ പഠനം. ബ്രസൽസ്, ചിക്കാഗൊ, ഇലിനോയിസ് എന്നിവിടങ്ങളിൽ താമസിച്ചതിനുശേഷമാണ് ഹൂസ്റ്റണിൽ കുടുംബത്തിനൊപ്പം സ്ഥിര താമസം തുടങ്ങുന്നത്. ഹൃദയാഘാതം എന്നു മാത്രമാണ് മരണ കാരണം പറഞ്ഞിരിക്കുന്നത്. വിശദ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

English Summary: Princess Maria Galitzine, Austrian Royalty, Dies at 31