കുഞ്ഞിനെ മുലയൂട്ടുന്ന അമ്മയുടെ ചിത്രത്തിൽ പോലും അശ്ലീലം കണ്ടെത്തുന്നവരുണ്ട്. അത്തരക്കാർക്ക് ശക്തമായ മറുപടിയുമായി എത്തുകയാണ് ചില ന്യൂജെൻ അമ്മമാർ. പൊതുയിടങ്ങളിൽ മുലയൂട്ടാൻ പലപ്പോഴും സ്ത്രീകൾക്ക് കഴിയാറില്ല. കാരണം ചില കഴുകൻ നോട്ടങ്ങൾ തന്നെ. കുഞ്ഞിന്റെ വിശപ്പുമാറ്റാൻ അമ്മമാര്‍ പലപ്പോഴും അനുഭവിക്കുന്ന ദുരിതം ചെറുതല്ല. മുലയൂട്ടുമ്പോൾ മാറിടം കാണാതിരിക്കാൻ വസ്ത്രം കൊണ്ട് പരമാവധി മറയ്ക്കാൻ അമ്മമാർ ശ്രദ്ധിക്കും. ഈ ദുരിതത്തിനു മറുപടിയുമായാണ് അമ്മമാർ എത്തുന്നത്. 

മാറുമറയ്ക്കാതെ മുലയൂട്ടുന്ന ക്യാംപയിനുമായി മുൻപും അമ്മമാർ എത്തിയിരുന്നു. അക്കൂട്ടത്തിലേക്കാണ് പുതിയ ചില അമ്മമാർ കൂടി എത്തുന്നത്. മാറുമറയ്ക്കാതെ മുലയൂട്ടുന്ന അമ്മമാരുടെ വിഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയാണ് എമിലി സോഫി എന്ന യുവതി. മുലയൂട്ടുമ്പോൾ മാറിടം മറയ്ക്കാനായി ഉപയോഗിക്കുന്ന തുണി വലിച്ചെറിഞ്ഞാണ് അമ്മമാർ പ്രതിഷേധം അറിയിക്കുന്നത്. സമാധാനത്തോടെ കുഞ്ഞിനെ മുലയൂട്ടേണ്ട സമയത്ത് തുണികൊണ്ടു മറയ്ക്കാൻ അമ്മമാർ പാടുപെടുന്നത്. കുഞ്ഞിനെ പരസ്യമായി മുലയൂട്ടുന്ന ചിത്രം പങ്കുവച്ച എമിലി മറ്റ് അമ്മമാരെയും ചലഞ്ചിനു ക്ഷണിച്ചു. 

‘ഞാൻ മുലയൂട്ടുന്നത് നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടെങ്കിൽ നിങ്ങളുടെ തലയിലൂടെയാണ് തുണിയിടേണ്ടത്’ എന്ന കുറിപ്പോടെയാണ് എമിലി ചിത്രങ്ങൾ പങ്കുവച്ചത്. എമിലി മറ്റ് അമ്മമാരെയും സോഷ്യൽ മീഡിയ ചല​ഞ്ചിനു ക്ഷണിച്ചു. എമിലിയെ കൂടാതെ മറ്റ് അമ്മമാരും ചലഞ്ച് ഏറ്റെടുത്ത് മാറിടം തുണി ഉപയോഗിച്ച് മറയ്ക്കാതെ മുലയൂട്ടുന്നതിന്റെ വിഡിയോ പങ്കുവച്ചു. തുണികൊണ്ട് മാറുമറയ്ക്കാൻ സ്ത്രീകൾ കഷ്ടപ്പെടുന്നതും ഒടുവിൽ തുണി വലിച്ചെറിയുന്നതുമാണ് വിഡിയോയിലുള്ളത്.

‘ഞങ്ങള്‍ പരസ്പരം പരിചയമുള്ളവരല്ല. പക്ഷേ, ഒരേ പ്രശ്നം നേരിടുന്നവരാണ്. അതുകൊണ്ടാണ് ക്യാംപയ്നിന്റെ ഭാഗമായത്. നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ തലമൂടാറില്ലല്ലോ.  പിന്നെ എന്തിനാണ് കുഞ്ഞുങ്ങളെ ബുദ്ധിമുട്ടിക്കുന്നത്?’– ടിഫാനി എന്ന യുവതി ചോദിക്കുന്നു. വിഡിയോകയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തിയത്. മൂടിവയ്ക്കാതെ മുലയൂട്ടാൻ ഇതുവരെ ആത്മവിശ്വാസം ലഭിച്ചിരുന്നില്ലെന്നും മുലയൂട്ടുന്നത് ഒളിച്ചു വയ്ക്കേണ്ടതല്ലെന്നുമാണ് പലരുടെയും കമന്റുകൾ.

English Summary: 'If my breastfeeding offends you, put a blanket over your head'