കോവിഡ് പ്രതിരോധത്തിനുള്ള പിഎം കെയേഴ്സ് ഫണ്ടിലേക്ക് രണ്ടു ലക്ഷം രൂപ സംഭാവന നൽകി യുദ്ധവിധവ. 82 വയസ്സുള്ള ദർശൻ ദേവിയാണ് രാജ്യത്തിനു തന്നെ മാതൃകയാവുന്ന പ്രവൃത്തിയിലൂടെ ശ്രദ്ധേയയായത്.

ഉത്തരാഖണ്ടിലെ കേദാർനാഥിലാണ് ഇവർ താമസിക്കുന്നത്. ഇന്ത്യൻ സൈന്യത്തിലായിരുന്ന ഭർത്താവിനെ നഷ്ടപ്പെടുന്നത് 1965–ലെ ഇന്ത്യാ–പാക്ക് യുദ്ധത്തിൽ. അന്ന് ഹവീൽദാറായിരുന്ന ഭർത്താവ് മരിക്കുമ്പോൾ ദർശൻ ദേവിക്ക് 22 വയസ്സ് മാത്രം. ഗ്രാമത്തിൽ തന്നെയുള്ള പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെയാണ് ദേവി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സമർപ്പിച്ചത്.

അതുല്യമായ മാതൃകയെ സംയുക്ത സേനാ മേധാവി ജന. ബിപിൻ റാവത്ത് പുകഴ്ത്തി. ദേവിയുടെ സംഭാവനയിൽ ഇന്ത്യൻ സൈന്യം അഭിമാനിക്കുന്നതായി അറിയിച്ച അദ്ദേഹം ഈ മാതൃക എല്ലാവരും പിൻതുടരേണ്ടതാണെന്നും അഭിപ്രായപ്പെട്ടു. രാജ്യത്തിനുവേണ്ടിയാണ് സൈന്യം എന്നും കഷ്ടപ്പെടുന്നത്. ഇന്നലെയും ഇന്നും നാളെയും അതങ്ങനെ തന്നെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണം. അതിനു കഴിയാത്തവർ നികുതി അടയ്ക്കുന്നതെങ്കിലും ശ്രദ്ധിക്കണം– അദ്ദേഹം പറഞ്ഞു. ദർശൻ ദേവിയുടെ സംഭാവനയുടെ വാർത്ത പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന സന്ദേശങ്ങളും പ്രവഹിക്കുകയാണ്.

English Summary: Octogenerian war widow donates Rs 2 lakh to PM CARES Fund