കുട്ടികളിൽ പോലും കുറ്റകൃത്യ വാസന കൂടുന്ന സംഭവങ്ങൾ സമീപകാലത്ത് കൂടിവരികയാണ്. ഏറ്റവും ഒടുവിൽ അത്തരം ഒരു സംഭവം പുറത്തു വരുന്നത് ഉത്തർപ്രദേശിലെ ഗാസിയബാദിൽ നിന്നാണ്. 21 വയസ്സുള്ള യുവതിക്കാണ് ആറാം ക്ലാസുകാരനിൽ നിന്നു ദുരനുഭവം ഉണ്ടായത്. യുവതിയുടെ ചിത്രങ്ങൾ മോശമായ രീതിയിൽ മോർഫ് ചെയ്ത് ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നായിരുന്നു അവന്റെ ഭീഷണി.

കവി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ടെലഗ്രാമിലെ ഒരു പൊതുഗ്രൂപ്പിൽ ഇരുവരും അംഗങ്ങളാണെന്ന് പൊലീസ് അറിയിച്ചു. ആ ഗ്രൂപ്പിൽ നിന്നുമാണ് ആണ്‍കുട്ടിക്ക് നമ്പർ ലഭിച്ചത്. ചോദിക്കുന്ന പണം നൽകുകയോ, സെക്സ് ചാറ്റിന് തയാറാകുകയോ വേണമെന്നായിരുന്നു അവന്റെ ആവശ്യം. ആണ്‍കുട്ടി അയച്ച സന്ദേശങ്ങളുടെ 18 സ്ക്രീൻ ഷോട്ടുകൾ യുവതി പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്. അതേസമയം, ആരോ ഫോൺ ഹാക്ക് ചെയ്തതാണെന്നും മെസേജുകൾ സംബന്ധിച്ച് യാതൊന്നും അറിയില്ലെന്നുമാണ് ആരോപണവിധേയനായ ആൺകുട്ടിയുടെ പ്രതികരണം.

മെയ് ഏഴിനാണ് ആദ്യമായി ആണ്‍കുട്ടി സന്ദേശം അയച്ചത്. എന്നാൽ, അത് പഠനത്തെ കുറിച്ചായിരുന്നു. എന്നാൽ മെയ് 17ന് പുലർച്ചെ 3.30ന് യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചു. പിന്നാലെ ഭീഷണിയും. യുവതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് ചിത്രങ്ങൾ എടുക്കുകയും എഡിറ്റ് ചെയ്ത്  അയക്കുകയും ചെയ്തു. ചിത്രങ്ങൾ ലഭിച്ചതോടെ ഭയന്ന യുവതി ഫോൺ സ്വിച്ച് ഓഫ് ചെയ്തു. തുടർന്ന് സുഹൃത്തുക്കൾ യുവതിയുടെ മാതാപിതാക്കളെ വിളിച്ചു. അപ്പോഴാണ് യുവതി ഇക്കാര്യം  തുറന്നു  പറഞ്ഞു. അവൻ വീണ്ടും ചിത്രങ്ങൾ അയക്കുമെന്ന് ഭയന്നാണ് ഫോൺ ഓണ്‍ ചെയ്യാതിരുന്നതെന്നും യുവതി പറഞ്ഞു. തുടർന്ന് മാതാപിതാക്കൾക്കൊപ്പം എത്തി യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

അതേസമയം, മകനെതിരായ ആരോപണം ആൺകുട്ടിയുടെ മാതാപിതാക്കൾ തള്ളി. അവന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ഇത്തരം ഹീനകൃത്യം അവൻ ചെയ്യില്ലെന്നും അവർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

English Summary: UP: Class 6 boy tries to blackmail woman with her morphed photos, asks her to pay money or engage in lewd chat