ഉത്തര്‍പ്രദേശിലെ ഹരോദി ജില്ലയില്‍ നിന്നുള്ള 16 വയസ്സുകാരിയായ ഷിക്കോഹ് സൈദി ഒരു പോരാട്ടത്തിലാണ്. ഇന്ത്യയിലെ അതേ പ്രായത്തിലുള്ള പല പെണ്‍കുട്ടികളും ധൈര്യപ്പെടാത്ത ഒരു പോരാട്ടത്തില്‍. ആര്‍ത്തവത്തെക്കുറിച്ചുള്ള തെറ്റിധാരണകള്‍ ഒഴിവാക്കി ശരിയായ ആരോഗ്യ ശീലങ്ങള്‍ സൃഷ്ടിക്കുക, സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തുക എന്നിവയാണ് ഷിക്കോഹ് സൈദിയുടെ ലക്ഷ്യങ്ങള്‍. 

രാജ്യത്തെ 23 ശതമാനം പെണ്‍കുട്ടികള്‍ കൗമാരത്തില്‍ തന്നെ അധ്യയനം ഉപേക്ഷിക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നതും ആര്‍ത്തവത്തിന്റെ പേരിലുള്ള തെറ്റിധാരണകളാണ്. മതപരമായതുള്‍പ്പെടെ പല വിശേഷപ്പെട്ട ചടങ്ങുകളില്‍ പെണ്‍കുട്ടികള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യവുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഷിക്കോഹ് സൈദിയുടെ പോരാട്ടം ശ്രദ്ധേയമാകുന്നത്.

കുവര്‍പ്പര്‍ ഭഗര്‍ എന്ന ഗ്രാമത്തിലാണ് സൈദി താമസിക്കുന്നത്. തന്റെ ഗ്രാമത്തില്‍തന്നെയാണ് പെണ്‍കുട്ടി ബോധല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതും. വിഡിയോകളിലൂടെ ശുചിത്വം പാലിക്കുന്നതിനെക്കുറിച്ചുള്ള പ്രചാരണമായിരുന്നു തുടക്കം.

ഒരു കര്‍ഷകന്റെ മകളാണ് സൈദി. ആറു സഹോദരിമാരുണ്ട്. തന്റെ ഒരു കൂട്ടുകാരി ആര്‍ത്തവ സമയത്ത് തുണി ഉപയോഗിക്കുകയും അതിനെത്തുടര്‍ന്ന് ശരീരത്തില്‍ പാടുകള്‍ ഉണ്ടാകുകയും ചെയ്തതോടെയാണ് പ്രശ്നത്തില്‍ ഇടപെടാന്‍ സൈദി തീരുമാനിക്കുന്നത്. വീട്ടില്‍ അമ്മയും സഹോദരിമാരുമൊക്കെ തുണി തന്നെയാണ് ഉപയോഗിക്കുന്നത്. നഗരത്തില്‍ ഉന്നതവിദ്യാഭ്യാസത്തിനുവേണ്ടി പോയതോടെയാണ് സാനിറ്ററി പാഡുകളുടെ പ്രാധാന്യം അവര്‍ മനസ്സിലാക്കിയതുതന്നെ. ഗ്രാമത്തില്‍ ഭൂരിപക്ഷം സ്ത്രീകളും ഇപ്പോഴും പാഡിനു പകരം തുണിയാണ് ഉപയോഗിക്കുന്നത്- സൈദി പറയുന്നു.

10-ാം വയസ്സില്‍ സൈദി ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്കു മാറിയത് റെസിഡെന്‍ഷ്യന്‍ സ്കൂളില്‍ ചേരാനാണ്. 9-ാം ക്ലാസ്സില്‍ വച്ചുതന്നെ ഞാനും സഹപാഠികളും അധ്യാപകരും പ്രത്യുല്‍പാദന അവയവങ്ങളെക്കുറിച്ചൊക്കെ പഠിക്കാനും ആരോഗ്യകരമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും തുടങ്ങി. എന്നാല്‍ ഗ്രാമത്തില്‍ അതായിരുന്നില്ല അവസ്ഥ-സൈദി പറയുന്നു. എന്റെ പ്രശ്നം എന്നതിനേക്കാള്‍ ഗ്രാമത്തിലെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും പ്രശ്നമാണ് പ്രധാനമായി എനിക്കു തോന്നിയത്. അവര്‍ക്ക് കാര്യങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യാന്‍ സാധിക്കുന്ന ഒരു വേദി വേണമെന്ന് തോന്നി.

ആര്‍ത്തവ കാലത്ത് പലരും സ്കൂളില്‍ പോലും പോകാറില്ല. ചിലര്‍ വീടിനു വെളിയിലേക്കു പോലും പോകാത്ത സാഹചര്യമുണ്ട്- സൈദി പറയുന്നു. യൂട്യൂബിലെ ആനിമേറ്റഡ് വിഡിയോകളുടെ സഹായത്തോടെയാണ് സൈദി ബോധവല്‍ക്കരണം തുടങ്ങിയത്. സമ്മര്‍ പ്രോജക്ടായി സൈദി തിരഞ്ഞെടുത്തതും ആര്‍ത്തവ ബോധവല്‍ക്കരണം തന്നെയായിരുന്നു. അതേക്കുറിച്ച് പറഞ്ഞപ്പോള്‍ അമ്മ പേടിച്ചു. എന്നാല്‍ അച്ഛന്‍ ധൈര്യം നല്‍കി. അതോടെ സൈദി മുന്നിട്ടിറങ്ങി.

ആദ്യമൊക്കെ സൈദി തയാറാക്കിയ വിഡിയോകള്‍ കാണാന്‍ ആരും എത്തിയില്ല. അതോടെ വിഡിയോ പ്രദര്‍ശനത്തിന്റെ ഭാഗമായി ഹിന്ദി സിനിമകളും കാണിക്കാന്‍ തുടങ്ങി. അങ്ങനെ നൂറോളം പേര്‍ എത്തി. പുതിയ തലമുറയിലെ കുട്ടികള്‍ ധാരാളമായി സാനിറ്ററി പാഡ് ഉപയോഗിക്കാന്‍ തുടങ്ങി. അതിനുവേണ്ടി അവര്‍ പണം സ്വരൂപിക്കുന്നുമുണ്ടായിരുന്നു. അതോടെ നഗരത്തില്‍ നിന്ന് കൂടുതല്‍ പാഡുകള്‍ ഗ്രാമത്തില്‍ എത്തിക്കാനുള്ള സജ്ജീകരണത്തിനു സൈദി നേതൃത്വം കൊടുത്തു.