തന്നെ നായികയാക്കി അവതരിപ്പിച്ച പരസ്യത്തെ തള്ളിപ്പറഞ്ഞ് ബിജെപി എംപിയും മുന്‍ ബോളിവുഡ് താരവുമായ ഹേമ മാലിനി. കെന്റ് ആര്‍ ഒ സിസ്റ്റംസ് പുറത്തിറക്കിയ പരസ്യം തീര്‍ത്തും അനുചിതമാണെന്നാണ് ഹേമമാലിനിയുടെ നിലപാട്. താന്‍ വിശ്വസിക്കുന്ന മൂല്യങ്ങളുമായി പരസ്യം ഒത്തുപോകില്ലെന്നും അവര്‍ വ്യക്തമാക്കി. 

കെന്റ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായ ഹേമ മാലിനിയും മകള്‍ ഇഷ ഡിയോളുമാണ് പരസ്യത്തില്‍ അഭിനയിച്ചത്. വീട്ടു വേലക്കാരെ മോശമായി ചിത്രീകരിക്കുന്നു എന്നാണ് പരസ്യത്തിനെതിരെയുള്ള പ്രധാന ആരോപണം. വീട്ടുവേലക്കാര്‍ രോഗം പകര്‍ത്തുന്നവരാണെന്ന സന്ദേശവും പരസ്യത്തിലുണ്ടത്രേ. ഇതിന്റെ പേരില്‍ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം രൂക്ഷമായതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ഹേമ മാലിനി രംഗത്തെത്തിയത്. 

കെന്റിന്റെ ആട്ട ആന്‍ഡ് ബ്രെഡ് മേക്കറിന്റെ പരസ്യമാണ് വിവാദമായത്. സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും ഞാന്‍ ആദരിക്കുന്നു. അംഗീകരിക്കുന്നു. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗക്കാരെ മോശമായി ചിത്രീകരിക്കുന്നത് എന്റെ ലക്ഷ്യമല്ല- ഹേമ മാലിനി പറയുന്നു. 

നിങ്ങള്‍ വീട്ടുവേലക്കാരെക്കൊണ്ടാണോ മാവ് തയാറാക്കുന്നത്. അവരുടെ കൈകള്‍ രോഗാണു വാഹുക്കള്‍ ആയിരിക്കാം: പരസ്യം പറയുന്നു. കൈ ഉപയോഗിച്ച് മാവ് കുഴയ്ക്കുന്നതിനു പകരം ആട്ട ആന്‍ഡ് ബ്രെഡ് മേക്കര്‍ ഉപയോഗിക്കാനും പരസ്യം ആഹ്വാനം ചെയ്യുന്നു. 

വര്‍ഗീയ ആക്ഷേപമാണ് പരസ്യത്തില്‍ അടങ്ങിയതെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയര്‍ന്നത്. എല്ലാ വീട്ടുവേലക്കാരുടെയും കൈകള്‍ അശുദ്ധമാണെന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ എന്നും വിമര്‍ശനം ഉന്നയിക്കുന്നവര്‍ ചോദിക്കുന്നു. സംഭവം വലിയ വിവാദമായതിനെത്തുടര്‍ന്ന് നോയിഡ ആസ്ഥാനമായ കെന്റ് പരസ്യം പിന്‍വലിച്ചു. പരസ്യ ക്ഷമാപണവും നടത്തി. 

ആട്ട ആന്‍ഡ് ബ്രെഡ് മേക്കറിനുവേണ്ടി ഞങ്ങള്‍ പുറത്തിറക്കിയ പരസ്യത്തിന്റെ പേരില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. ഞങ്ങള്‍ ഉദ്ദേശിക്കാത്ത അര്‍ഥമാണ് പരസ്യത്തിലൂടെ ഉണ്ടായത്. ഞങ്ങള്‍ക്ക് അങ്ങനെയൊരു ലക്ഷ്യമേയില്ല: കെന്റ് കമ്പനി ചെയര്‍മാന്‍ മഹേഷ് ഗുപ്ത പറഞ്ഞു. 

ലോക്ഡൗണ്‍ പശ്ചാത്തലത്തിലാണ് കൈകള്‍ ഉപയോഗിക്കാതെ മാവു കുഴയ്ക്കാനുള്ള ഉല്‍പന്നത്തിന്റെ പരസ്യം കെന്റ് പുറത്തിറക്കിയത്. കൈകള്‍ ഉപയോഗിക്കാത്ത ഉല്‍പന്നത്തിന് ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ ആവശ്യക്കാര്‍ ഏറെയുണ്ടാകുമെന്നും കമ്പനി പ്രതീക്ഷിച്ചിരുന്നു. 

English Summary: "Inappropriate": Hema Malini On Kent's Controversial Atta Maker Ad