യുഎസിലെ മിനിയപൊലീസിൽ ആഫ്രോ–അമേരിക്കൻ വംശജൻ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിനെതിരെ ലോകമാകെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയരുന്നത്. മനഃസാക്ഷിയുള്ളവർക്ക് കണ്ട് നിൽക്കാൻ കഴിയാത്തതാണ് സംഭവത്തിന്റെ വിഡിയോ. കഴിഞ്ഞ രണ്ട് ദിവസമായി സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് ഈ വിഡിയോ. ഡാർനെല്ല ഫ്രെയ്സിയൽ എന്ന യുവതിയാണ് ഞെട്ടിക്കുന്ന ഈ വിഡിയോ ആദ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

ഫ്രെയ്സിയൽ ചിത്രീകരിച്ച വിഡിയോ പിന്നീട് വ്യാപകമായി പ്രചരിക്കുകയായിരുന്നു. ജോർജ് ഫ്ലോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രതിഷേധങ്ങളിൽ മുൻനിരയിൽ തന്നെയുണ്ട് ഡാർനെല്ല ഫെയ്സിയൽ. ഇത്രയും ക്രൂരമായ കൊലപാതകം കണ്ടു നില്‍ക്കേണ്ടി വന്നതിന്റെ നടുക്കം ഇതുവരെയും ഡാർനെല്ലയെ വിട്ടുമാറിയിട്ടില്ല. ഫ്‌ളോയിഡിന് നീതി ലഭിക്കുന്നതു വരെ പോരാടാനാണ് തീരുമാനമെന്നും യുവതി നിറകണ്ണുകളോടെ പറയുന്നു.

‘കഴിഞ്ഞ ദിവസം രാത്രിയാണ് ഞാൻ ആ വിഡിയോ പോസ്റ്റ് ചെയ്തത്. അത് വൈറലാകുകയായിരുന്നു. അതു കണ്ടപ്പോൾ എനിക്ക് എന്താണ് തോന്നിയതെന്ന് എല്ലാവരും ചോദിക്കുകയാണ്. എന്താണ് അപ്പോൾ തോന്നിയതെന്ന് എനിക്ക് അറിയില്ല. പക്ഷേ, കഴിഞ്ഞ ദിവസം രാത്രി 8 മണിക്ക് അയാൾ ഇവിടെയുണ്ട്. എന്റെ കസിനൊപ്പം ഞാൻ ആ കടയിലേക്ക് പോകുകയായിരുന്നു. അയാൾ നിലത്തു കിടക്കുന്നത് ഞാൻ കണ്ടു. പക്ഷേ, എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ എന്റെ ക്യാമറ ഓൺ ചെയ്തു. അയാൾക്ക് ശ്വാസമെടുക്കാൻ കഴിഞ്ഞിരുന്നില്ല. പ്ലീസ്, എനിക്ക് ശ്വാസമെടുക്കാൻ കഴിയുന്നില്ല എന്ന് അയാൾ ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു. പക്ഷേ, അവർ അത് കേട്ടില്ല. അവർ ആ മനുഷ്യനെ കൊന്നു. അഞ്ച്  അടി അപ്പുറത്ത് ഞാൻ  ഉണ്ടായിരുന്നു. അബോധാവസ്ഥയിലായെന്നാണ് ഞാൻ കരുതിയത്. അയാളുടെ ജീവൻ നഷ്ടമായെന്ന് അറിഞ്ഞത് പിന്നീടാണ്. അയാളെ രക്ഷിക്കാൻ കഴിഞ്ഞില്ല.’– ഡാർനെല്ല ഫ്രെയ്സിയലിൻ പറയുന്നു.

English Summary: Woman Who Captured George Floyd Killing Returns To Scene