‘സൈക്കിൾ ഓടിക്കുന്നവർക്ക് മുകളിലൂടെ വളരെ കൂളായി നടക്കുക’ കേൾക്കുമ്പോൾ ഇതെന്തു കഥ എന്ന ഭാവത്തിൽ മൂക്കത്ത് വിരൽ വയ്ക്കും നമ്മൾ. എന്നാൽ സംഗതി സത്യമാണ്. ഇവിടെ സൈക്കിൾ ഓടിക്കുന്നവർക്കു മുകളിലൂടെ ലാഘവത്തോടെ നടക്കുകയാണ് ഒര പെൺകുട്ടി. അവളുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

മുൻ ബാസ്കറ്റ് ബോൾ കളിക്കാരനായ റെക്സ് ചാപ്മെനാണ് വിഡിയോ പങ്കുവച്ചത്. നിരയായി സൈക്കിൾ ഓടിക്കുന്നവരുടെ മുകളിലൂടെ നടന്നു പോകുന്ന യുവതിയാണ് വിഡിയോയിൽ.സാധാരണ നടക്കുന്നതു പോലെ അനായാസേനയാണ് യുവതി  സൈക്കിൾ ഓടിക്കുന്നവർക്കു മുകളിലൂടെയും  നടക്കുന്നത്.

അഞ്ച് സെക്കന്റാണ്  വിഡിയോയുടെ ദൈർഘ്യം. ഇതിനോടകം തന്നെ നിരവധി പേർ  വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. വരാനിരിക്കുന്ന മിഷൻ ഇംപോസിബിൾ എന്ന ചിത്രത്തിലെ രംഗം എന്ന കുറിപ്പോടെയാണ് പലരും വിഡിയോ പങ്കുവയ്ക്കുന്നത്. വീഴാതിരിക്കാൻ  പെൺകുട്ടി ശരീരത്തിൽ ചരട് കെട്ടിയുട്ടുണ്ടെന്നാണ് ചിലർ പറയുന്നത്. വീഴില്ലെന്ന ഉറപ്പോടെ അങ്ങനെ നടക്കുന്നതിൽ അദ്ഭുതമില്ലെന്ന  തരത്തിലുള്ള കമന്റുകളും എത്തി. പക്ഷേ, അത്തരത്തിൽ ഒരു തോന്നലുണ്ടാക്കാതെ വിഡിയോ എടുത്ത ആൾക്ക് നൽകണം കയ്യടി എന്നും അവർ പറയുന്നു. ചരടു കെട്ടിയത്  സുരക്ഷയ്ക്കാണെങ്കിലും പ്രയത്നം വിലകുറച്ചു കാണരുതെനന്ന്  അഭിപ്രായപ്പെടുന്നവരും ഉണ്ട്.