ഗേൾ അപ് ലീഡർഷിപ് സമിറ്റ് 2020 ഇത്തവണ ഇന്ത്യക്കാർക്കും പ്രത്യേകതയുള്ളതാണ്. ലോകത്തെ ശ്രദ്ധേയരായ വനിതാ നേതാക്കൾക്കൊപ്പം ഈ വർഷം രാജ്യത്തിന്റെ അഭിമാനമായ നടി പ്രിയങ്ക ചോപ്രയും പങ്കെടുക്കുന്നു. മിഷേൽ ഒബാമ, മേഗൻ മാർക്കിൾ തുടങ്ങിയ വമ്പൻ പേരുകൾക്കൊപ്പമാണ് പ്രിയങ്കയുടെ പേരും ഇടംപിടിച്ചിരിക്കുന്നത്. അമേരിക്കയിലാണ് എല്ലാ വർഷവും നടക്കുന്ന പെൺകുട്ടികളുടെ രാജ്യാന്തര സമ്മേളനം ഇത്തവണ നടക്കുന്നത്. 

സമൂഹ മാധ്യമത്തിലൂടെ പ്രിയങ്ക തന്നെയാണ് സന്തോഷ വാർത്ത പുറത്തുവിട്ടത്. ‘പശ്ചാത്തലം എന്തുതന്നെയും ആയിക്കോട്ടെ. പെൺകുട്ടികൾക്ക് ലോകത്തെ മാറ്റിമറിക്കാനാകും. ജീവിതങ്ങളെ സ്വാധീനിക്കാനാവും. അവർ ജീവിക്കുന്ന സമൂഹങ്ങളെ, സമുദായങ്ങളെ. ചുറ്റുമുള്ളവരെ. കുടുംബങ്ങളെ. ഈ മാസം 13 മുതൽ 15 വരെ നടക്കുന്ന പെൺകുട്ടികളുടെ ലോക കൂട്ടായ്മയിൽ ഞാനുമുണ്ട്. നിങ്ങളും വരൂ. നമുക്ക് ആ ദിവസങ്ങൾ ആഘോഷമാക്കാം– പ്രിയങ്ക കുറിച്ചു. 

ഈ വർഷത്തെ ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കുന്ന കാര്യം നേരത്തേ പ്രിയങ്ക പങ്കുവച്ചിരുന്നു. ‘എന്റെ കരിയറിലൂടനീളം ടൊറന്റോ മേളയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. എന്റെ രണ്ടാം വീട് പോലെയാണ് ടൊറന്റോ എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. നടി എന്ന നിലയിലും നിർമാതാവ് എന്ന നിലയിലും എന്റെ മികച്ച സിനിമകളെല്ലാം ടൊറന്റോയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കയ്യടി നേടിയിട്ടുണ്ട്. സിനിമയെ നിഷ്കളങ്കമായി സ്നേഹിക്കുന്നവരാണ് ഇവിടെയെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. എന്നെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആരാധകരെ കാണാൻ വീണ്ടും അവസരം ലഭിച്ചിരിക്കുകയാണ്. നന്ദി– പ്രിയങ്ക പറഞ്ഞു. സെപ്റ്റംബർ 10 മുതൽ 19 വരെ നടക്കുന്ന മേളയിൽ ഇത്തവണ ഡിജിറ്റൽ സ്ക്രീനിങ്ങ് ആയിരിക്കും. അമേരിക്കയിലെ ലൊസാഞ്ചൽസിൽ ഭർത്താവും ഗായകനുമായ നിക്ക് ജൊനാസിനൊപ്പമാണ് ഇപ്പോൾ പ്രിയങ്ക. 

English Summary: Priyanka Chopra to join Meghan Markle and Michelle Obama at virtual Girl Up Leadership Summit 2020