ഡല്‍ഹിയില്‍ സിലാംപൂര്‍ സ്വദേശിയായ ഫൈസയ്ക്ക് 18 വയസ്സ്. എന്നാല്‍ പഠനത്തിനൊപ്പം വീട്ടിലെ ജോലിയും ചെയ്യുന്നത് ആ കുട്ടി കൂടിയാണ്. വീട് കഴിയാനുള്ള വരുമാനം ഉണ്ടാക്കുന്നതിലും ഫൈസയ്ക്കു പങ്കുണ്ട്. എന്നാല്‍ സിബിഎസ്ഇ 12-ാം ക്ലാസ്സ് പരീക്ഷയുടെ ഫലം വന്നപ്പോള്‍ വീട്ടുകാര്‍ ഉള്‍പ്പെടെ ഞെട്ടി. ഫൈസയ്ക്ക് മാര്‍ക്ക് 96 ശതമാനം. 

70 സ്ക്വയര്‍ ഫീറ്റ് മാത്രം വലുപ്പമുള്ള ഒരു മുറിയിലാണ് ഫൈസ താമസിക്കുന്നത്. ദിവസവും രാവിലെ വളരെ നേരത്തെ എഴുന്നേല്‍ക്കും. പിന്നെ വീട്ടുജോലി. അതു കഴിഞ്ഞാല്‍ തയ്യല്‍. അതിലൂടെയാണ് വീട്ടിലേക്കുള്ള വരുമാനത്തില്‍ ഒരു ഭാഗം കണ്ടെത്തുന്നത്. ഇതിനെല്ലാമിടയിലാണ് പഠനവും. ഇപ്പോള്‍ എല്ലാ സൗകര്യങ്ങളുമുള്ള കുട്ടികളെ തോല്‍പിക്കന്ന അഭിമാനാര്‍ഹമായ വിജയവും. 

ഫൈസയ്ക്ക് ട്യൂഷന്‍ സൗകര്യം ഇല്ല. സഹായിക്കാന്‍ പ്രത്യേകിച്ച് അധ്യാപകരുമില്ല. ഇതിനിടെ വീട്ടുജോലിയും. എന്നാലും പിന്നോട്ടു നോക്കാതെയായിരുന്നു പഠനം. ചേരിയിലാണ് വീട്. എപ്പോഴും ശബ്ദവും ബഹളവും. പകല്‍ സമയത്ത് പഠിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനേ പറ്റില്ല. രാത്രിയില്‍ അയല്‍വക്കത്തുള്ളവരും ഉറങ്ങിക്കഴിയുമ്പോള്‍ മാത്രമാണ് പഠനം. ഫൈസയെക്കുറിച്ച് അറിഞ്ഞ ആഷ സൊസൈറ്റി എന്ന സന്നദ്ധ സംഘടന അവര്‍ക്കു കഴിയാവുന്ന സഹായങ്ങള്‍ ചെയ്തിരുന്നു. സാംപിള്‍ ചോദ്യപേപ്പറും മോക് ടെസ്റ്റുകളുമൊക്കെ അവര്‍ തന്നെയാണ് നടത്തിയത്. പഠിക്കാനുള്ള പരിമിതമായ സൗകര്യങ്ങളും ആഷ ഒരുക്കിക്കൊടുത്തു. അവരുടെ സംരക്ഷണയിലായിരുന്നു പഠനം. ഫൈസയുടെ അമ്മ കാന്‍സര്‍ രോഗിയാണ്. രോഗത്തെ അതിജീവിച്ച അവരുടെ ഏറ്റവും വലിയ മോഹം മക്കള്‍ മികച്ച വിദ്യാഭ്യാസം നേടുന്നതാണ്. ഒരു സല്‍വാര്‍ തയ്ക്കുന്നതിന് 120 രൂപയാണ് ഫൈസയ്ക്കു ലഭിക്കുന്നത്. മാസം 2,000 മുതല്‍ 2,500 രൂപ വരെ ഇങ്ങനെ സമ്പാദിക്കാറുണ്ട്. 

അധ്യാപികയാകുക എന്നതാണ് ഫൈസയുടെ മോഹം. ഇഷ്ടവിഷയം ഭൂമിശാസ്ത്രവും. ആ വിഷയം പഠിക്കുന്നതിലൂടെ കൂടുതല്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാമെന്നും  മോഹിക്കുന്നു. ഡല്‍ഹി തലസ്ഥാന മേഖലയ്ക്കു പുറത്ത് മറ്റൊരിടത്തും ഇതുവരെ ഫൈസ പോയിട്ടില്ല. എന്നാല്‍ കാണാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങള്‍ ഒട്ടേറെ. പ്രത്യേകിച്ചും സിക്കിം ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനങ്ങള്‍. 

English Summary: Seelampur girl living in tiny room with family in slum scores 96% in CBSE 12th result without teacher or tuition