പ്രായം 50 കടന്നാൽ വയസ്സായി എന്ന് സ്വയം കരുതി വീടുകളിൽ ഒതുങ്ങി കൂടുന്നവരാണ് അധികവും. സ്ത്രീകളുടെ കാര്യമാണെങ്കിൽ പ്രത്യേകിച്ച് പറയുകയും വേണ്ട. എന്നാൽ പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന പല്ലവി ജീവിതത്തിലൂടെ വരച്ചു കാട്ടുകയാണ് കുറച്ച് മുത്തശ്ശിമാർ. 80 വയസ്സിന് മുകളിൽ പ്രായമുള്ളവർ മാത്രം അംഗങ്ങളായുള്ള ബാസ്ക്കറ്റ് ബോൾ ടീം തന്നെയുണ്ട് ഇവർക്ക്.

സാൻഡിയാഗോ സീനിയർ വിമൻസ് ബാസ്ക്കറ്റ്ബോൾ അസോസിയേഷനു കീഴിലാണ് 80 കടന്നവർക്ക് വേണ്ടി മാത്രമുള്ള സ്പ്ലാഷ് സിസ്റ്റേ‍ഴ്സ് എന്ന ടീം. 94 കാരി അടക്കം ഏഴ് പേർ സ്‌പ്ലാഷിൽ അംഗങ്ങളാണ്. നേരംപോക്കിനായി വെറുതെ കളിച്ചു പരിശീലിക്കുകയാണെന്ന് കരുതിയെങ്കിൽ അവിടെയും തെറ്റി. മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള ദേശീയ മത്സരങ്ങളിൽ അടക്കം  പങ്കെടുക്കുന്നവർ ആണ് ഇവർ.  ചെറുപ്പകാലത്തുതന്നെ ബാസ്കറ്റ് ബോളിൽ കഴിവ് തെളിയിച്ചവർ തന്നെയാണ് ടീമിലുള്ളത്. ഏറ്റവും മുതിർന്ന അംഗം 94 കാരിയായ ഗ്രേസ് ലാർസൺ ആണ്. 14 കൊല്ലമായി സ്പ്ലാഷ് ടീമിലെ അംഗമാണ് ഗ്രേസ്.

മൂന്ന് പേരടങ്ങുന്ന ടീമുകളുള്ള അരമണിക്കൂർ നേരത്തെ മത്സരങ്ങളിലാണ് സ്പ്ലാഷ് ടീമിലെ അംഗങ്ങൾ മത്സരിക്കുന്നത്. മാനസിക സന്തോഷം നൽകുന്നതിനു പുറമേ ബാസ്കറ്റ് ബോൾ കളിക്കുന്നത് ശാരീരിക ആരോഗ്യം നിലനിർത്തുന്നതിനും ഇവരെ സഹായിക്കുന്നുണ്ട്. അറുപത്തിയാറാം വയസ്സിൽ വീണ്ടും ബാസ്കറ്റ്ബോൾ കളിച്ചു തുടങ്ങുന്ന കാലത്ത് സുഹൃത്തുക്കളും ബന്ധുക്കളും ഒന്നും പിന്തുണയ്ക്കാൻ ഉണ്ടായിരുന്നില്ല എന്ന് ടീമിലെ അംഗമായ മാർഗെ കാൾ പറയുന്നു. ഇപ്പോൾ 90 കാരിയായ താൻ മാത്രമാണ് ബാല്യകാല സുഹൃത്തുക്കളിൽ ജീവിച്ചിരിക്കുന്നത് എന്ന് മാർഗെ കൂട്ടിച്ചേർത്തു.

എന്നാൽ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ ആയതോടെ ഈ മുത്തശ്ശിമാർ സങ്കടത്തിലാണ്. മത്സരങ്ങളിൽ പങ്കെടുക്കാനോ ഒന്നിച്ചുകൂടി പ്രാക്ടീസ് നടത്താനോ സാധിക്കാത്തതാണ് സങ്കടത്തിനു കാരണം. എന്നാലും വീട്ടിലിരുന്ന് പരിശീലനം ചെയ്യുന്നത്   ആരും  മുടക്കാറില്ല. നിയന്ത്രണങ്ങൾ അവസാനിച്ചാൽ ഉടൻ തന്നെ തിരികെ കോർട്ടിൽ ഇറങ്ങേണ്ടതാണ്. അതുകൊണ്ട് ശാരീരികാരോഗ്യം കാത്തുസൂക്ഷിച്ച് ആക്ടീവായി ഇരിക്കേണ്ടത് അത്യാവശ്യമാണ് എന്ന് 80 കടന്ന പ്രസരിപ്പോടെ ഇവർ പറയുന്നു.