അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മിഷേല്‍ ഒബാമ നടത്തിയ പ്രസംഗത്തില്‍ മുന്നിട്ടു നിന്നത് നിലവിലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെയുള്ള കടുത്ത വിമര്‍ശനം. എന്നാല്‍ പറയാതെ പറഞ്ഞ ഒരു വാക്കും ശ്രദ്ധേയമായി: വോട്ട്. 

തിങ്കളാഴ്ച രാത്രി നടന്ന ഡെമോക്രാറ്റ്  നാഷണല്‍ കണ്‍വന്‍ഷന്‍  വെര്‍ച്വല്‍ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മുന്‍ പ്രഥമ വനിത മിഷേലിന്റെ പ്രസംഗം. നിശിത വിമര്‍ശനം നിറഞ്ഞു നിന്ന മിഷേലിന്റെ വാക്കുകള്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും അതിലും ശ്രദ്ധിക്കപ്പെട്ടിരുന്നു അവര്‍ കഴുത്തിലണിഞ്ഞ നെക്‌ലേസ്. മാലയിലെ മുത്തുകള്‍ പോലെ നാലക്ഷരങ്ങള്‍ നെക്‌ലേസിൽ നിറഞ്ഞുനിന്നിരുന്നു. വോട്ട്. V O T E .

മിഷേലിന്റെ പ്രസംഗം കഴിയുകയും ജനം ചൂടുപിടിച്ച തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് കടക്കുകയും ചെയ്തപ്പോഴേക്കും നെക്‌ലേസ് ചര്‍ച്ചയായി. കണ്ടവര്‍ കാണാത്തവരോടു പറഞ്ഞ്. സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത്. ട്രംപിനെ ആക്രമിക്കുന്നതിനൊപ്പം തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മിഷേല്‍ അമേരിക്കന്‍ ജനതയെ ഓര്‍മിപ്പിച്ചിരുന്നു. ആ സന്ദേശം വാക്കുകളേക്കാള്‍ വ്യക്തമായി പ്രതിഫലിപ്പിക്കാനാണ് വോട്ട് എന്ന വാക്കിന്റെ അക്ഷരങ്ങള്‍ നെക്‌ലേസിൽ തുന്നിപ്പിടിപ്പിച്ചത്. പ്രസംഗം കഴിഞ്ഞപ്പോള്‍ പലരും നെക്‌ലേസിനെക്കുറിച്ചു തിരക്കി. ചിലര്‍ ഒട്ടും സമയം കളയാതെ അതുപോലൊരെണ്ണത്തിനുവേണ്ടി ഓര്‍ഡര്‍ ചെയ്തു. 

മിഷേല്‍ അണിഞ്ഞ വോട്ട് നെക്‌ലേസ ആരെങ്കിലും എനിക്കു കണ്ടെത്തിത്തരുമോ. അതുപോലൊരെണ്ണം എനിക്ക് എന്നും അണിയണം എന്നായിരുന്നു ഒരാളുടെ ആഗ്രഹം. മിഷേല്‍, കഴിഞ്ഞ രാത്രി നിങ്ങളുടെ ശക്തമായ വാക്കുകള്‍ക്ക് നന്ദി. ഞങ്ങളെല്ലാം നിങ്ങള്‍ക്ക് എന്തു പറയാനുണ്ടെന്ന് കേള്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു. നന്ദി ഞങ്ങളുടെ പ്രതീക്ഷ നിറവേറ്റിയതിന്. പിന്നെ ആ നെക്‌ലേസിനും. അതൊരെണ്ണം ഞാന്‍ ഓര്‍ഡര്‍ ചെയ്തുകഴിഞ്ഞു. 

ലവ് എന്നാണ് നെക്‌‌ലേസിൽ എഴുതിയത് എന്നാണ് താന്‍ ആദ്യം വിചാരിച്ചതെന്നും എന്നാല്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍ വോട്ട് എന്നാണെന്നു വ്യക്തമായെന്നുമാണ് മറ്റൊരാളുടെ കമന്റ്. ലോസാഞ്ചൽസ് ആസ്ഥാനമായ ബൈചാരി എന്ന ഡിസൈനര്‍ ഗ്രൂപ്പാണ് മിഷേലിന്റെ കൗതുകകരമായ നെക്‍ലേസ് രൂപകല്‍ചന ചെയ്തത്. 295 അമേരിക്കന്‍ ഡോളറാണ് വില. ഏകദേശം 22,000 ഇന്ത്യന്‍ രൂപ. 

English Summary: Michelle Obama's Vote necklace is crazy viral. Internet loves it