മിസ് ഇന്റർകോണ്ടിനെന്റൽ ന്യൂസിലൻഡ്  2020 എന്ന സുവർണ നേട്ടവുമായി ചരിത്രം കുറിച്ചിരിക്കുകയാണ് ഫിലിപ്പൈൻസ് സ്വദേശിയായ ഏരിയൽ കൈൽ എന്ന ട്രാൻസ്ജെൻഡർ യുവതി. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുശേഷം മിസ് ന്യൂസിലാൻഡ് മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ ട്രാൻസ്ജെൻഡർ കൂടിയാണ് 26കാരിയായ ഏരിയൽ കൈൽ. ട്രാൻസ്ജെൻഡർ ആണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന്  വീട്ടിൽ നിന്നും മാതാപിതാക്കൾ ഏരിയലിനെ പുറത്താക്കുകയായിരുന്നു.

ആൻഡ്രൂ എന്ന പേരിലാണ് പൂർവകാലത്ത് ഏരിയൽ ജീവിച്ചത്. തുടക്കത്തിൽ തന്റെ യഥാർത്ഥ വ്യക്തിത്വം വെളിപ്പെടുത്തുന്നതിൽ ആശങ്കകൾ ഉണ്ടായിരുന്നു എങ്കിലും പിന്നീട് പശ്ചാത്തപിക്കേണ്ടി വരരുത് എന്ന ഉറച്ച ബോധ്യം വന്നതോടെയാണ് ട്രാൻസ്ജെൻഡറായി ജീവിക്കാനുള്ള തീരുമാനം ഏരിയൽ എടുത്തത്. 2017ലാണ് ശാരീരികമായ മാറ്റങ്ങൾക്കായി ഏരിയൽ ശ്രമങ്ങൾ തുടങ്ങിയത്. ഹോർമോൺ ചികിത്സ നടത്തുന്നു എന്ന് വീട്ടിൽ അറിഞ്ഞതോടെ ഒന്നുകിൽ അത് അവസാനിപ്പിക്കുക അല്ലെങ്കിൽ വീടു വിട്ടു പോവുക എന്നിങ്ങന രണ്ടു മാർഗങ്ങൾ മാത്രമായിരുന്നു ഏരിയലിന് മുൻപിൽ ഉണ്ടായിരുന്നത്.അങ്ങനെ ഇരുപത്തിമൂന്നാം വയസ്സിൽ വീടു വിട്ടിറങ്ങി.

2020 ന്റെ തുടക്കകാലത്താണ് ഏരിയൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. അതിനുശേഷം തന്റെ ജീവിതം മാറിമറിഞ്ഞു എന്ന് ഏരിയൽ പറയുന്നു. പുരുഷനായി ജീവിതകാലം മുഴുവൻ സുഖമായി കഴിയാമായിരുന്നുവെങ്കിലും താൻ ആഗ്രഹിച്ചത് എന്ത് യാതനകൾ സഹിച്ചും സ്ത്രീയായി ജീവിക്കാനാണ്. ലോകം മുഴുവൻ തന്റെ ഈ തീരുമാനത്തെ എതിർത്താലും അതിൽ പശ്ചാത്താപമില്ല എന്നും ഏരിയൽ പറയുന്നു.

തന്നെപ്പോലെ ഉള്ളവരെയും സമൂഹം ബഹുമാനത്തോടെ കാണണമെന്ന അഭ്യർത്ഥനയാണ് ഏരിയൽ മുന്നോട്ടുവയ്ക്കുന്നത്. തങ്ങൾക്കൊപ്പം അതേരീതിയിൽ ഒരു മാറ്റത്തിനല്ല ആവശ്യപ്പെടുന്നത്. അതേസമയം സമൂഹത്തിന്റെ ഭാഗമായി കണ്ട് കരുണയും സ്നേഹവും പുലർത്തിയാൽ നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ല എന്നും അവർ ഓർമിപ്പിക്കുന്നു.

നിലവിൽ ഫാഷൻ ഡിസൈനിംഗ് ബിരുദ വിദ്യാർഥിനിയാണ് ഏരിയൽ. മിസ് ന്യൂസിലാൻഡ് 2020 ആകുന്നതിനു വേണ്ടിയുള്ള  മത്സരം ഏരിയലിന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. ദീർഘകാലമായി സ്വപ്നം കണ്ടിരുന്ന ജീവിതം  ജീവിക്കാൻ ആകുന്നതിന്റെ സന്തോഷവും ഏരിയൽ പങ്കുവയ്ക്കുന്നു.ന്യൂസിലാൻഡിൽ സുന്ദരി പട്ടം നേടുന്ന ആദ്യ ട്രാൻസ്ജെൻഡർ യുവതിയാണ് ഏരിയൽ എങ്കിലും ആഗോളതലത്തിൽ ഇത് ആദ്യത്തെ സംഭവമല്ല. 2018 എയ്ഞ്ചലാ മരിയ എന്ന ട്രാൻസ്ജെൻഡർ യുവതി മിസ്സ് സ്പെയിനായി തെരഞ്ഞെടുക്കപ്പെടുകയും പിന്നീട് ലോകസുന്ദരി മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.