പാറിപ്പറന്ന മുടി, മുറിവേറ്റ ശരീരം... യുദ്ധത്തില്‍ തകർന്നു പോയ ബെയ്റൂട്ടിന്റെ നടുവിലാണ് ആ പ്രതിമ. ഈ പ്രതിമ പണിയാൻ ഹയാത്ത് നാസർ എന്ന ലബനീസ് യുവതിക്ക് കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല. കെടുതികളിൽ നിന്നും രാജ്യം ഉയിർത്തെഴുന്നേൽക്കുന്നതിന്റെ പ്രതീകം കൂടിയാണ് ഈ പ്രതിമ. തകർന്നടിഞ്ഞ കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾക്കൊണ്ടാണ് ഹയാത്ത് പ്രതിമ നിർമിച്ചിരിക്കുന്നത്. 

പാറിപ്പറന്ന മുടിക്കും മുറിവേറ്റ മുഖത്തിനും ഒപ്പം ഉയർത്തിപ്പിടിച്ച ഒരു കൈയും കാൽക്കീഴിലെ നിലച്ച ക്ലോക്കും പ്രതിമയുടെ പ്രധാന ആകർഷണങ്ങളാണ്. എന്നാല്‍ വെറുതെ ഒരു ക്ലോക്ക് അല്ല അത്. അതിലെ സമയവും ലോകത്തിനുള്ള സന്ദേശമാണ്. ബെയ്റൂട്ടിനെ ഞെട്ടിച്ച സ്ഫോടനം നടന്ന 6.08 ആണ് ക്ലോക്കിൽ കാണിച്ചിരിക്കുന്ന സമയം. സ്ഫോടനത്തിൽ തകർന്ന കെട്ടിടങ്ങളിൽ നിന്നും ശേഖരിച്ച വസ്തുക്കളാണ് പ്രതിമയുടെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. പാതിഭാഗം കീഴടങ്ങിയ രീതിയിൽ നിൽക്കുന്ന സ്ത്രീയെ പ്രതിനിധീകരിക്കുമ്പോൾ മറുപാതി ഉയർത്തിപ്പിടിച്ച കയ്യും നടക്കാൻ തയാറെടുത്ത കാലുകളും പോരാട്ടം തുടരാൻ ഉറപ്പിച്ച  മനസ്സുമായി നിൽക്കുന്ന സ്ത്രീയുടെതാണ്. 

ശിൽപത്തെ കുറിച്ച് ഹയാത്ത് പറയുന്നത് ഇങ്ങനെയാണ്. ‘ ബെയ്റൂട്ടിനെ ഒരു സ്ത്രീയായാണ് എനിക്കു തോന്നിയത്. ദുരിതങ്ങളെ അതിജീവിച്ച് കരുത്തയായി മുന്നേറാൻ പാകത വന്ന സ്ത്രീ. അതിജീവനത്തിനായി കരുത്തു പകരാനുള്ള പ്രചോദനമാകട്ടെ ഈ പ്രതിമയെന്ന് ഞാൻ കരുതുന്നു. ’– ഹയാത്ത് പറഞ്ഞു. രണ്ടുമാസത്തോളം സമയമെടുത്താണ് ഹയാത്ത് പ്രതിമയുടെ നിർമാണം പൂർത്തിയാക്കിയത്. സ്വന്തം സൃഷ്ടിക്ക് ഹയാത്ത് ഇതുവരെ പേരു നൽകിയിട്ടില്ല. അത് ജനങ്ങൾ തീരുമാനിക്കട്ടെ എന്നാണ് അവരുടെപക്ഷം. വീടുകളുടെയും മറ്റും അവശിഷ്ടങ്ങളിൽ നിന്നും മനോഹരമായ ശിൽപങ്ങൾ നിർമിച്ച ഹയാത്ത് നേരത്തെയും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. 

English Summary: ‘Rise from the rubble’: Lebanese artist uses blast debris to create inspiring sculpture