ഫാഷൻ ഡിസൈനിങ് അനന്ത സാധ്യതകളുള്ള ഒരു മേഖലയാണ്. വസ്ത്ര നിർമാണത്തിൽ വ്യത്യസ്തതകൊണ്ട് അത്ഭുതപ്പെടുത്തുന്ന ഫാഷൻ ഡിസൈനർമാരും നിരവധിയാണ്. എന്നാൽ സ്വന്തമായി ഡിസൈൻ ചെയ്ത ഒറ്റ വസ്ത്രം കൊണ്ട് ലോകത്തിന്റെ  ശ്രദ്ധ നേടിയെടുത്തിരിക്കുകയാണ്  ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് സ്വദേശിനിയായ ജസീക്ക കോളിൻസ് എന്ന പതിനേഴ് വയസ്സുകാരി. കാഴ്ചയിൽ അസാധാരണമായി ഒന്നും തോന്നാത്ത ഒരു ബോൾഗൗണാണ് ജെസീക്കയുടെ സൃഷ്ടി. എന്നാൽ ഇത് സാധാരണ ഗൗൺ അല്ല എന്നതാണ് വാസ്തവം. തുണിക്കു പകരം മാങ്ങയുടെ അണ്ടിയാണ് ജെസീക്ക തുന്നി എടുത്തിരിക്കുന്നത്!

ഒന്നും രണ്ടുമല്ല 700 മാങ്ങയാണ് വസ്ത്രത്തിലുള്ളത്.  ഓസ്ട്രേലിയയിൽ വേനൽക്കാലത്ത് വിളയുന്ന കലിപ്സോ മാങ്ങയാണ് വസ്ത്ര നിർമ്മാണത്തിനായി ജസീക്ക തിരഞ്ഞെടുത്തത്. മാങ്ങാണ്ടികളുടെ പുറന്തോടുകൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. കാൽപാദം വരെ നീണ്ടുകിടക്കുന്ന ഐവറി നിറത്തിലുള്ള മാങ്ങാണ്ടി ഗൗൺ ധരിച്ച ജസീക്കാ കോളിൻസിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

പന്ത്രണ്ടാം തരത്തിൽ പഠിക്കുന്ന ജസീക്ക തന്റെ ഡിസൈൻ ആൻഡ് ടെക്നോളജി പ്രോജക്റ്റിന്റെ ഭാഗമായാണ് വസ്ത്രത്തിന് രൂപം നൽകിയത്. സുസ്ഥിരതയും ഫാഷനും ഒന്നിച്ചുചേർത്ത് കൊണ്ട് എങ്ങനെ ഒരു  വസ്ത്രത്തിന് രൂപം നൽകാം എന്ന ആലോചനയ്ക്കൊടുവിലാണ് ഇത്തരമൊരു ആശയത്തിലേക്ക് എത്തിച്ചേർന്നത്.മാതാപിതാക്കളുടെ ഉടമസ്ഥതയിൽ കലിപ്സോ മാംഗോ ഫാം ഉള്ളതിനാൽ അതുതന്നെ പരീക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

അധികം പഴുത്ത മാങ്ങകളിലെ മാങ്ങാണ്ടികളാണ് ഉപയോഗിച്ചിരിക്കുന്നത്. വില്പനയ്ക്ക് എടുക്കാത്ത ഇത്തരം മാങ്ങകളിൽ നിന്നും മാങ്ങാണ്ടികൾ ശേഖരിച്ച് അവയുടെ തോടുകളിൽ നിന്നും മൃഗങ്ങൾക്കുള്ള തീറ്റ ഉണ്ടാക്കാറുണ്ട്. എന്നാൽ ഒരു ഫാഷൻ പരീക്ഷണത്തിന് ഇവ ഉപയോഗിക്കുന്നത് ഇതാദ്യമാണ്.മാങ്ങാണ്ടിയുടെ തോടുകൾ ഉണക്കിയെടുത്തു കഴിഞ്ഞാൽ അവയിൽ വ്യത്യസ്ത നിറങ്ങൾ നൽകാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാൽ അവ ഉണങ്ങി എടുത്തപ്പോൾ സ്വാഭാവിക നിറം നിലനിർത്തുന്നത് തന്നെയാണ് നല്ലത് എന്ന് തോന്നിയെന്ന് ജെസീക്ക പറയുന്നു. കലിപ്സോ ഇനത്തിൽപ്പെട്ട മാങ്ങയിലെ മാങ്ങാണ്ടികൾ താരതമ്യേന വലിപ്പം കുറഞ്ഞ് പരന്ന ആകൃതിയിൽ ഉള്ളവയാണ്. വസ്ത്ര നിർമാണത്തിന് ഇത് ഏറെ ഗുണം ചെയ്തതായും ജെസ്സിക്ക പറയുന്നു.

English Summary: Weaving Magic From Waste The Colypso Mango Dress