1995 ല്‍ ഡയാന രാജകുമാരിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായിരുന്ന അഭിമുഖം എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് അടിയന്തര അന്വേഷണം പ്രഖ്യാപിച്ച് ബിബിസി. ചാള്‍സ് രാജകുമാരനുമായുള്ള വിവഹ ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ ഈ അഭിമുഖം പുറത്തുവന്നതോടെയാണ് ലോകം അറിഞ്ഞത്.  മുന്‍ സുപ്രീം കോടതി ജഡ്ജി ജോണ്‍ ഡൈസന്‍ ആയിരിക്കും അന്വേഷണത്തിനു നേതൃത്വം കൊടുക്കുക. ചാള്‍സിന്റെ സഹോദരന്‍ സ്പെന്‍സറുടെ അഭ്യര്‍ഥന പ്രകാരമാണ് അന്വേഷണം. 

മാര്‍ട്ടിന്‍ ബഷീര്‍ എന്നയാളാണ് ഡയാനയുടെ അഭിമുഖം സംഘടിപ്പിച്ചത്. എന്നാല്‍ തെറ്റായ വിവരങ്ങള്‍ കാണിച്ചാണ് അഭിമുഖത്തിന് ഡയാനയെ പ്രേരിപ്പിച്ചത് എന്നാണ് സ്പെന്‍സറുടെ ആരോപണം. 22.8 ദശലക്ഷം പേര്‍ കണ്ട 1995 ലെ അഭിമുഖത്തില്‍ താനും ചാള്‍സും തമ്മില്‍ അകന്നുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് ഡയാന തുറന്നുപറഞ്ഞിരുന്നു.

എന്റെ വിവാഹത്തില്‍ മൂന്നു പേരുണ്ട് എന്നാണ് അന്ന് ‍ഡയാന പറഞ്ഞ പിന്നീട് പ്രശസ്തമായ വാചകം. ചാള്‍സ്, അദ്ദേഹത്തിന്റെ കാമുകി കാമില പാര്‍ക്കര്‍ ബൗള്‍സ്, പിന്നെ ഡയാനയും എന്നാണവര്‍ ഉദ്ദേശിച്ചത്. വിവാഹത്തില്‍ താന്‍ അവിശ്വസ്തയായിരുന്നു എന്നും ഡയാന വെളിപ്പെടുത്തിയിരുന്നു. തൊട്ടടുത്ത വര്‍ഷം ചാള്‍സും ‍ഡയാനയും ഔദ്യോഗികമായിത്തന്നെ വേര്‍പിരിഞ്ഞു. 

തെറ്റായ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് അഭിമുഖകാരന്‍ ഡയാനയെ ഉള്ളുതുറക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഡയാനയുടെ സ്വന്തം പരിചാരകര്‍ക്ക് കൈക്കൂലി കൊടുത്ത് ചാരപ്പണിയും ചെയ്യിപ്പിച്ചിരുന്നത്രേ. വളരെ പ്രധാനപ്പെട്ട ഒരു അന്വേഷണത്തിനാണു ഞാന്‍ ഉടന്‍ തുടക്കം കുറിക്കാന്‍ പോകുന്നതെന്ന് കഴിഞ്ഞ ദിവസം ജഡ്ജി ഡോണ്‍ ഡൈസന്‍ പറഞ്ഞു. തികച്ചും നീതിപൂര്‍വകവും കുറ്റമറ്റതുമായ അന്വേഷണമായിരിക്കും താന്‍ നടത്തുന്നതെന്നും അദ്ദേഹം ഉറപ്പു പറയുന്നു. 

1995 ല്‍ അധികമൊന്നും അറിയപ്പെടാതിരുന്ന ബഷീര്‍ ഡയാനയുമായി നടത്തിയ ഒറ്റ അഭിമുഖത്തിലൂടെ ലോകം മുഴുവന്‍ അറിയപ്പെട്ട പത്രപ്രവര്‍ത്തകനായി മാറി. രാജകൊട്ടാരത്തിലെ പലര്‍ക്കും അന്നു ബഷീര്‍ കൈക്കൂലി കൊടുത്തിരുന്നത്രേ. രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനുവേണ്ടിയായിരുന്നു ഇത്. എലിസബത്ത് രാജ്ഞിയെപ്പറ്റിപ്പോലും മോശമായ പരാമര്‍ശങ്ങള്‍ ബഷീര്‍ നടത്തി എന്നും ആരോപണമുണ്ട്. എന്നാല്‍ ആരോപണങ്ങളെക്കുറിച്ച് ബഷീര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. തെറ്റായ മാര്‍ഗങ്ങള്‍ ബഷീര്‍ അവലംബിച്ചു എന്നറിഞ്ഞിട്ടും ബിബിസി അതേപ്പറ്റി മൗനം പാലിച്ചു എന്നും പറയപ്പെടുന്നു. എന്തായാലും പുതിയ അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ.

English Summary: BBC Announces Probe Into Explosive 1995 Princess Diana Interview