ഡല്‍ഹിയിലും മറ്റു സംസ്ഥാനങ്ങളിലുമായി 76 കുട്ടികളെ രക്ഷപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കിഴ്‍വഴക്കങ്ങള്‍ ലംഘിച്ച് സ്ഥാനക്കയറ്റം. കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കുള്ളിലാണ് ഇത്രയധികം കുട്ടികളെ പൊലീസ് ഉദ്യോഗസ്ഥ അവരുടെ വീടുകളില്‍ തിരിച്ചെത്തിച്ചത്. അതോടെയാണ് സമയ്പുര്‍ ബാദ്‍ലി സറ്റേഷനിലെ ഉദ്യോഗസ്ഥയ്ക്ക് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ശ്രീവാസ്തവ അപൂര്‍വ സ്ഥാനക്കയറ്റം നല്‍കാന്‍ ഉത്തരവിട്ടത്. 

ഒരു വര്‍ഷത്തിനകം 50- ല്‍ അധികം  കുട്ടികളെ രക്ഷപ്പെടുത്തുന്നവര്‍ക്ക് അധിക പ്രതിഫലം നല്‍കുമെന്ന് പൊലീസ് കമ്മിഷണര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ധാക എന്ന ഉദ്യോഗസ്ഥയാണ് 76 കുട്ടികളെ രക്ഷിച്ചതിലൂടെ ശ്രദ്ധേയയായിരിക്കുന്നത്. അവര്‍ രക്ഷിച്ച 76 കുട്ടികളില്‍ 56 പേരും 7നും 12 നും ഇടയില്‍ പ്രായമുള്ളവരാണ്. 

ഡല്‍ഹി, ബംഗാള്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെയാണ് ധാക രക്ഷിച്ചത്. കാണാതാകുന്ന കുട്ടികളെ കണ്ടെത്തി കുടുംബങ്ങളുടെ ദുഃഖം മാറ്റുന്നതില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗ്സഥന്‍മാരും തന്നെ സഹായിച്ചു എന്നും അവര്‍ പറയുന്നു. 

ഞാന്‍ ഒരമ്മയാണ്. ഏതെങ്കിലും കുടുംബത്തിന് അവരുടെ കുട്ടിയെ നഷ്ടപ്പെടുന്നത് ഒരിക്കലും സംഭവിക്കരുത് എന്നാണ് എന്റെ ആഗ്രഹം. ദിവസവും 24 മണിക്കൂര്‍ വരെ ജോലി ചെയ്താണ് ഞങ്ങള്‍ കുട്ടികളെ കണ്ടെത്തിയത്. ഒക്ടോബറില്‍ ബംഗാളില്‍ നിന്ന് ഒരു കുട്ടിയെ കണ്ടുപിടിക്കാനാണ് താന്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയത് എന്നും ധാക പറയുന്നു. വെള്ളപ്പൊക്ക സമയത്ത് രണ്ടു പുഴകള്‍ കുറുകെ കടന്നുവരെ അന്വേഷണം നടത്തേണ്ടിവന്നു എന്നും അവര്‍ വെളിപ്പെടുത്തുന്നു. 

രണ്ടു വര്‍ഷം മുന്‍പ് ആ കുട്ടിയുടെ അമ്മ പരാതി നല്‍കിയെങ്കിലും പിന്നീട് അവര്‍ ഫോണ്‍ നമ്പറും വിലാസവും മാറ്റി. അതോടെയാണ് അന്വേഷണം ദുഷ്കരമായത്. ബംഗാളില്‍നിന്നുള്ള സ്ത്രീ എന്നു മാത്രമേ അവരെക്കുറിച്ച് അറിയാമായിരുന്നുള്ളൂ. കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും അവന്‍ വീട്ടിലേക്ക് പോകാന്‍ താല്‍പര്യം കാണിച്ചിരുന്നില്ല. അവനെ മര്‍ദിക്കുന്ന രണ്ടാനച്ഛന്‍ വീട്ടിലുണ്ടെന്നാണ് കാരണം പറഞ്ഞത്. 

മാതാപിതാക്കളുമായി വഴക്കിട്ടാണ് മിക്ക കൗമാരക്കാരും വഴി തെറ്റി വീട് വിട്ടുപോകുന്നതെന്നാണ് ധാകയുടെ അഭിപ്രായം. ഇങ്ങനെ വീട് വിടുന്ന കുട്ടികള്‍ പിന്നീട് മദ്യത്തിലേക്കും ലഹരിമരുന്നിലേക്കും മറ്റും ആകര്‍ഷിക്കപ്പെടുന്നു. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന കുട്ടികള്‍ക്ക് ധാകയും കൂട്ടരും കൗണ്‍സലിങ്ങും കൊടുക്കും. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍നിന്നാണ് പല കുട്ടികളെയും കണ്ടെത്തിയിട്ടുള്ളത്. അന്വേഷണത്തിനിടെ ധാകയ്ക്ക് കോവിഡ് ബാധിച്ചിരുന്നു. മൂന്നാഴ്ച വീട്ടില്‍ ക്വാറന്റീനില്‍ ആയിരുന്ന ആവര്‍ പിന്നീട് ഡ്യൂട്ടിക്ക് ചേര്‍ന്നു. 2006 ലാണ് ധാക ഡല്‍ഹി പൊലീസില്‍ ചേരുന്നത്. അവരുടെ ഭര്‍ത്താവും ഡല്‍ഹിയില്‍ തന്നെ ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ ജോലി ചെയ്യുകയാണ്

English Summary: Delhi policewoman promoted for tracing 76 missing kids in last 3 months