ഡല്‍ഹിയില്‍ എനര്‍ജി പൊളിസി ഇന്‍സ്റ്റിറ്യൂട്ടില്‍ ആയിരുന്നു രേഷ്മയ്ക്ക് ജോലി. മാസം 24,000 രൂപ ശമ്പളം. 29 വയസ്സുള്ള അവര്‍ക്ക് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുണ്ട്. എന്നാല്‍, കോവിഡ് ലോക്ഡൗണ്‍ തുടങ്ങി ഒരു മാസമായപ്പോഴേക്കും ജോലി നഷ്ടപ്പെട്ടു. അതോടെ മകളെ ദുരെയുള്ള ഗ്രാമത്തില്‍ അച്ഛനമ്മമാരുടെ കൂടെയാക്കി. എനിക്കെന്റെ മകളെ നോക്കാനുള്ള പണമില്ല. അവള്‍ക്ക് ഒരു ഗ്ലാസ് പാല്‍ വാങ്ങിക്കൊടുക്കാനുള്ള പണം പോലും എനിക്കു കിട്ടാത്തപ്പോള്‍ ഞാന്‍ എങ്ങനെയാണ് മകളെ നോക്കുന്നത്- രേഷ്മ ചോദിക്കുന്നു. 

രേഷ്മയുടെ ഭര്‍ത്താവിനും ജോലി നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ മാസം അദ്ദേഹം ഒരു പെട്രോള്‍ പമ്പില്‍ ജോലിക്കു കയറി. അതാണ് ഇപ്പോള്‍ കുടുംബത്തിനു ലഭിക്കുന്ന ഒരേയൊരു വരുമാനം. രേഷ്മയെപ്പോലെ കോവിഡിനെ പഴിക്കുന്ന നൂറു കണക്കിനുപേര്‍ ഡല്‍ഹിയിലുണ്ട്. ഇവരുടെ കഥ ചൂണ്ടിക്കാട്ടുന്നത് കോവിഡ് ആയിരക്കണക്കിനു സ്ത്രീകളുടെ ജീവിതത്തില്‍ സൃഷ്ടിച്ച ദുരന്തമാണ്. 

കുടുംബത്തിനുവേണ്ടി ജോലി ചെയ്യുന്നതില്‍ അഭിമാനിച്ചവരാണ് ഈ സ്ത്രീകള്‍. പലരും അവരുടെ കുടുംബങ്ങളില്‍ നിന്ന് ആദ്യമായി ജോലിക്കു പോകുന്നവരുമാണ്. ഭര്‍ത്താവിന്റെയും കൂടെ വരുമാനമാകുന്നതോടെ കുടുംബം മുട്ടില്ലാതെ കഴിയുമായിരുന്നു. എന്നാല്‍ കോവിഡ് എല്ലാ പ്രതീക്ഷയും തകിടം മറിച്ചു. ഇപ്പോള്‍ വീടുകളില്‍ ദാരിദ്ര്യത്തിന്റെ എല്ലാ കഷ്ടപ്പാടും അനുഭവിച്ചും പട്ടിണി കിടന്നുമൊക്കെയാണ് പലരും ജീവിക്കുന്നത്. 

സൗത്ത് ഡല്‍ഹിയില്‍ സ്വകാര്യ സ്കൂള്‍ അധ്യാപികയായിരുന്നു പ്രിയ. മാസം 12,000 രൂപ കിട്ടുന്ന ജോലി പ്രിയയ്ക്ക് ഏപ്രിലില്‍ നഷ്ടപ്പെട്ടു. 40,000 രൂപയുടെ ഒരു ലോണ്‍ ഉണ്ടായിരുന്നു പ്രിയയ്ക്ക്. 11 പേരില്‍ നിന്ന് കടം വാങ്ങിച്ചാണ് അവര്‍ ഈ തുക തിരിച്ചടച്ചത്. അഞ്ചു മാസത്തെ കാത്തിരിപ്പിനുശേഷം ഒരു ഹോട്ടലില്‍ പ്രിയയ്ക്ക് ബൗണ്‍സര്‍ ആയി ജോലി ലഭിച്ചു. എന്നാല്‍ ശമ്പളം തുച്ഛം. അധ്യാപികയായിരുന്ന ഒരാള്‍ ഹോട്ടലില്‍ കാവല്‍ക്കാരിയായി ജോലി ചെയ്യുന്നതില്‍ പ്രിയയ്ക്ക് വിഷമമുണ്ട്. നാണക്കേടുണ്ട്. എന്നാല്‍ ആ തുക കൂടി കിട്ടിയില്ലെങ്കില്‍ പട്ടിണി കിടക്കേണ്ടിവരും എന്നതാണ് അവസ്ഥ. 

പേരു വെളിപ്പെടുത്താത്ത മറ്റൊരു സ്ത്രീ ബ്യൂട്ടീഷ്യന്‍ ആയാണ് ജോലി ചെയ്തിരുന്നത്. മാസം 10,000 രൂപയായിരുന്നു ശമ്പളം. അച്ഛന്‍ ഒരു ഡ്രൈക്ലീനിങ് സ്ഥാപനത്തില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. അദ്ദേഹത്തിനും ജോലി നഷ്ടപ്പെട്ടു. 

സമ്പാദ്യമില്ലാത്ത ഞങ്ങള്‍ക്ക് ഇപ്പോള്‍ കടം മാത്രമാണ് കൂട്ട്. എന്തു ജോലിയും ചെയ്യാന്‍ ഞാന്‍ തയാറാണ്. എന്നാല്‍ ഒരു ജോലിയും ലഭിക്കുന്നില്ല എന്നതാണ് അവസ്ഥ- അവര്‍ പറയുന്നു. ഇന്ത്യയില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍. രോഗത്തിന്റെ മൂന്നാം തരംഗത്തിനു തുടക്കം കുറിച്ചതോടെ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. അതോടെ ജോലി നഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് അടുത്തകാലത്തൊന്നും മികച്ച മറ്റൊരു ജോലി ലഭിക്കില്ലെന്നും ഉറപ്പായിരിക്കുന്നു. എങ്ങനെ ജീവിക്കും എന്നാണ് ഈ സ്ത്രീകള്‍ ചോദിക്കുന്നത്. എന്നാല്‍ അവരുടെ ചോദ്യത്തിന് ആരും ഉത്തരം പറയുന്നില്ല. ഇവരാണ് ശരിക്കും കോവിഡിന്റെ ഇരകള്‍. ഇവരുടെ ഭാവിജീവിതംചോദ്യചിഹ്നമായിത്തന്നെ അവശേഷിക്കുന്നു.

English Summary: The Covid lockdown has set off sweeping economic distress in cities