പ്രായം ചിലർക്കെങ്കിലും വെറും നമ്പർ മാത്രമാണെന്ന് അവരുടെ പ്രവർത്തികളിൽ നിന്ന് നമുക്ക് ബോധ്യമാകും. യൗവനത്തിലെ അതേ ആർജവത്തോടെ ഭാരോദ്വഹനം വരെ നടത്തും. ജിം ട്രെയിനറായ  കൊച്ചുമകന്റെ നിർദേശ പ്രകാരം 82–ാം വയസ്സിൽ ഭാരോദ്വഹനം വരെ നടത്തുകയാണ് ഒരു മുത്തശ്ശി. 82–ാം വയസ്സില്‍ വ്യായാമം ചെയ്യുന്നതിലലെ അനുഭവം  ഹ്യൂമൻസ് ഓഫ് ബോംബെയിലൂടെ പങ്കുവയ്ക്കുകയാണ് അവർ. 

മുത്തശ്ശിയുടെ വാക്കുകള്‍ ഇങ്ങനെ: ഞാൻ എപ്പോഴും ആക്ടീവായിരുന്നു. ചെറുപ്പകാലത്ത് നീന്തല്‍, സ്കിപ്പിങ്, കബഡി ഇതിലെല്ലാം ഞാൻ മികവു പുലർത്തിയിരുന്നു. എല്ലാ മത്സരങ്ങൾക്കും അധ്യാപകര്‍ എന്റെ പേര് നിർദേശിക്കും. ഞാൻ സമ്മാനം നേടുകയും ചെയ്യും. എന്നാൽ വിവാഹം കഴിഞ്ഞതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. പശുവിനെ കറക്കൽ, ആട്ടയുണ്ടാക്കൽ, മസാല പൊടിക്കൽ തുടങ്ങിയ വീട്ടുജോലികളിൽ വ്യാപൃതയായി. ഒരുകുടം കയ്യിലും മറുകയ്യിൽ  ബക്കറ്റുമായി ഇരുനില പടികൾ കയറുന്നത് ദിവസവുമുള്ള ശീലമായിരുന്നു. ഞാനായിരുന്നു ആ വീട്ടിലെ പ്രായം കുറഞ്ഞ വ്യക്തി. അതുകൊണ്ടുതന്നെ വീട്ടിലെ ജോലികളെല്ലാ ഞാൻ തന്നെയായിരുന്നു ചെയ്തിരുന്നത്. കാലം ചെന്നപ്പോൾ കുടുംബം വലുതായി. കുട്ടികൾ വളർന്നു. ജോലിക്കെല്ലാം ആളായി. പക്ഷേ, എനിക്ക് മടിച്ചിരിക്കാൻ സാധിക്കുമായിരുന്നില്ല. അതുകൊണ്ടുതന്തനെ ഞാൻ ജോലി തുടർന്നു. 

മക്കൾക്കൊപ്പം യുഎസിൽ പോയപ്പോൾ കണങ്കാൽ തിരിഞ്ഞ് മൂന്നുമാസം തീരെ നടക്കാൻ വയ്യാതെ കിടപ്പിലായിരുന്നു. എന്റെ മക്കളും പേരക്കുട്ടികളും പിന്നീട് ഒരു ജോലിയും ചെയ്യാൻ എന്നെ അനുവദിച്ചില്ല. അതോടെ ഞാൻ  തയ്യൽ ചെയ്യാൻ തുടങ്ങി. അത് എന്റെ കാലുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയില്ല. ഞാൻ തിരക്കുകളുടെ ലോകത്തായി. വീട്ടുജോലികൾ മുഴുവൻ ചെയ്തിരുന്ന ഞാൻ  അങ്ങനെ തുന്നൽ ജോലി മാത്രം ചെയ്യാൻ തുടങ്ങി. അതോടെ എന്റെ ശരീരം ദുർബലമായി തുടങ്ങി. ആകെ ദുർബലയാകുകയും പ്രായമാകുകയും ചെയ്തതായി തോന്നി. അതോടെ ആത്മീയ  പുസ്തകങ്ങൾ വായിച്ച് ദിനങ്ങൾ തള്ളിനീക്കാൻ തീരുമാനിച്ചു. 

അഞ്ചോ പത്തോ മിനിട്ട് മുറിയിൽ നടന്നെങ്കിലായി. അതായിരുന്നു സ്കൂളിൽ സ്പോട്സ് ചാംപ്യനായിരുന്ന എന്റെ അവസ്ഥ! കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടിലായി. ഏകദേശം ഏഴുമാസങ്ങൾക്കു മുൻപ് എല്ലിനു ബലക്ഷയം സംഭവിച്ചതിനെ തുടർന്ന്  കിടപ്പിലായി. വേദനയുടെ കാലമായിരുന്നു അത്. ദീർഘനാൾ വേണ്ടിവരും രക്ഷപ്പെടാനെന്നു മനസ്സിലായി. എന്റെ മരണം അടുത്തതായി എനിക്കു തോന്നി. എന്റെ കുടുംബം എനിക്ക് പൂർണ പിന്തുണയും നൽകി. എന്റെ ചെറുമകൻ എന്റെ കാര്യങ്ങൾ ഏറ്റെടുത്തു. അവനൊരു ജിം ട്രെയിനറാണ്. എന്റെ ആരോഗ്യം സംരക്ഷിക്കാൻ അവൻ മുന്നിട്ടിറങ്ങി. ‌

ജിംട്രെയിനർ എന്ന നിലയിൽ അവൻ പുതിയ പദ്ധതി തയ്യാറാക്കി. ഇതിന്റെ ഭാഗമായി മൂന്നുമാസം മുൻപ് ഞാൻ വെയിറ്റ് ട്രെയിനിങ് എക്സസൈസ് ആരംഭിച്ചു. ഇത് വലിയ മാറ്റങ്ങളുണ്ടാക്കി. ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നെങ്കിലും മുന്നോട്ടുപോകാൻ തന്നെയായിരുന്നു എന്റെ തീരുമാനം. ആദ്യം വാട്ടർ ബോട്ടിലുകൾ ഉപയോഗിച്ചായിരുന്നു പരിശീലനം. പിന്നീട് വെയിറ്റ് ലിഫ്റ്റിങ്ങും ആരംഭിച്ചു. പതിയെ കാലിലെ നീര് കുറയാന്‍ തുടങ്ങി. കൈകൾക്ക് ശക്തി തിരിച്ചു കിട്ടി. സന്ധികളിലെ വേദനയും കുറഞ്ഞു. ബിപിയുടെ പ്രശ്നവും ഇല്ലാതായതോടെ ഞാനിപ്പോഴും ജീവിക്കുന്നു എന്ന് എനിക്ക് തോന്നിത്തുടങ്ങി. ഇപ്പോൾ യൗവനം തിരിച്ചുകിട്ടിയതു പോലെയാണ് എനിക്കു തോന്നുന്നത്. 82–ാം വയസ്സിൽ ഭാരമെടുക്കരുതെന്ന് ചിലരൊക്കെ പറയുന്നുണ്ട്. പക്ഷേ, എന്റെ മനസ്സിപ്പോൾ ചെറുപ്പമാണ്. പിന്നെ ഭാരം ഉയർത്തിയാൽ എന്താണ് പ്രശ്നം. 82 എന്നത് വെറും നമ്പർ മാത്രമാണ്. 

English Summary: 82 Year old women doing weightlifting and gym workouts