എത്ര വലിയ മഹാമാരിയാണെങ്കിലും മറ്റുള്ളവർക്കു വേണ്ടി സഹായഹസ്തവുമായി എത്തുന്ന ചിലരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് അംഗൻവാടി ജീവനക്കാരിയായ രേലു വാസവ എന്ന യുവതി. ദിവസേന 18 കിലോമീറ്റർ വള്ളം തുഴഞ്ഞാണ് അവർ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. ഉൾഗ്രാമങ്ങളിലുള്ള കുഞ്ഞുങ്ങളെയും അമ്മമാരെയും സഹായിക്കാനാണ് രേലുവിന്റെ ഈ യാത്ര

ആറുവയസ്സിൽ താഴെയുള്ള കുട്ടികൾക്കും അമ്മമാർക്കും ആവശ്യമായ പോഷകാഹാരങ്ങൾ എത്തിക്കാനാണ് നർമദാ നദിയിലൂടെയുള്ള രേവുവിന്റെ സാഹസീകയാത്ര. ‘ ഇത്രയധികം ദൂരം വഞ്ചി തുഴയുന്നത് വളരെ ശ്രമകരമായ ദൗത്യമാണ്. പക്ഷേ, ആ കുഞ്ഞുങ്ങൾക്കും അമ്മമാർക്കും ആവശ്യത്തിനു വേണ്ട ഭക്ഷണം എത്തിക്കുക എന്നത് അതിലും പ്രധാനപ്പെട്ട കാര്യമാണ്. കാരണം പോഷകാഹാരം ലഭിച്ചാൽ മാത്രമേ അവർക്ക് ആരോഗ്യമുണ്ടാകു എന്ന് രേലു വാസവ പറയുന്നു. 

ഒരു അംഗൻവാടി ജീവനക്കാരിയായതിനാൽ തന്നെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അവർ പറഞ്ഞു. ‘എല്ലാദിവസവും തോണി തുഴഞ്ഞു അവിടെ വരെ എത്തുക എന്ന‌ത് ശ്രമകരമായ ദൗത്യമാണ്. തിരിച്ചെത്തുമ്പോഴേക്കും എന്റെ കൈ വേദനിക്കാൻ തുടങ്ങും. അതൊന്നും പക്ഷേ, എന്നെ ആശങ്കപ്പെടുത്താറില്ല.  കുഞ്ഞുങ്ങളും അമ്മമാരും നല്ല ഭക്ഷണം കഴിച്ചാൽ മാത്രമേ ആരോഗ്യം നിലനിർത്താൻ സാധിക്കൂ. ഈ മഹാമാരിക്കാലത്ത് ഇങ്ങനെ പ്രവർത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.’– രേലു പറയുന്നു. മുഖ്യമന്ത്രിയുട ഓഫിസും മറ്റു മുതിർന്ന ഉദ്യോഗസ്ഥരമടക്കം നിരവധി പേരാണ് രേലുവിന്റെ പ്രവർത്തനങ്ങളെ സമൂഹമാധ്യമങ്ങളിലൂടെ പ്രകീർത്തിച്ച്. നിരവധിപേർ അവർ നടത്തുന്ന കഠിന പ്രയത്നങ്ങളുടെ ചിത്രങ്ങളും പങ്കുവച്ചു.  ‘യഥാർഥ താരങ്ങൾ ചിലപ്പോൾ മറഞ്ഞിരിക്കുന്നവരായിരിക്കും’ എന്നാണ് ചിലരുടെ കമന്റുകൾ.

English Summary: Anganwadi worker rows 18 km daily to attend to children, expecting mothers in interior villages