വിവാഹം കഴിച്ചു കുട്ടികളുമായി ഒതുങ്ങിക്കൂടി ജീവിക്കുന്നതു മാതൃകാപരമായ ദാമ്പത്യ ജീവിതമായി കാണാത്ത നടിയാണ് മോന സിങ്. ജീവിതത്തിൽ സ്വന്തമായ ചില തീരുമാനങ്ങൾ വേണമെന്നും അവയ്ക്കനുസരിച്ചു ജീവിക്കണമെന്നുമാണ് മോന പറയുന്നത്. വെറുതെ പറയുകയല്ല സ്വന്തം ജീവിതം കൊണ്ടു മോന അതു തെളിയിക്കുന്നുമുണ്ട്. ഇതിന്റെ ഭാഗമായാണ് വിവാഹം കഴിഞ്ഞെങ്കിലും ഉടൻ കുട്ടികൾ വേണ്ട എന്നു തീരുമാനിച്ചതിനാൽ തന്റെ അണ്ഡം ഭാവിയിലേക്കു ശീതീകരിച്ചു സൂക്ഷിക്കാൻ അവർ തീരുമാനിച്ചത്. 34–ാം വയസ്സിൽ തന്നെ ഇങ്ങനെ ചെയ്ത മോന ഇപ്പോൾ ഭർത്താവുമായി ദാമ്പത്യ ജീവിതം ആഘോഷിക്കുകയാണ്.  തന്റെ തീരുമാനത്തിൽ തെല്ലും ഖേദമില്ലെന്നും പശ്ചാത്താപമില്ലെന്നും അവർ വ്യക്തമാക്കി.

‘ഇത് ഒരു സ്ത്രീയുടെ തിരഞ്ഞെടുപ്പ്’ എന്നെഴുതിയ പ്ലക്കാർഡുമായി കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ട മോന സിങ് 43–ാം വയസ്സിൽ ഐവിഎഫിലൂടെ അമ്മയായ ഫറാ ഖാന് നന്ദിയും പറഞ്ഞു. അമ്മയാകാൻ തനിക്കു മടിയില്ലെന്നും എന്നാൽ അതിനുള്ള സമയം ആകുമ്പോൾ മാത്രം മാതൃത്വത്തെ ആശ്ലേഷിക്കാനാണ്  തീരുമാനമെന്നുമാണ് മോന പറയുന്നത്.

കുട്ടിയുണ്ടാകാൻ 43–ാം വയസ്സ് വരെ കാത്തുനിന്ന ഫറാ ഖാൻ മികച്ച മാതൃകയാണ് കാണിച്ചതെന്നാണ് മോന പറയുന്നത്. ചിലപ്പോഴെങ്കിലും സ്ത്രീകൾ മറക്കുന്ന ഒരു കാര്യമുണ്ട്. അവർക്കും ജീവിതത്തിലെ നിർണായക തീരുമാനങ്ങൾ എടുക്കാൻ കഴിയുമെന്ന്. അമ്മയാകുക എന്നതു വെല്ലുവിളി നിറഞ്ഞ ഒരു ജോലിയാണ്. അതിനു പാകമാകേണ്ടതുണ്ട്. അതുവരെ കാത്തിരിക്കുക എന്നതാണ് ഒരു സ്ത്രീക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. 34–ാം വയസ്സിൽ തന്നെ അണ്ഡം ശീതീകരിച്ചുവച്ചതിനാൽ എനിക്ക് എപ്പോൾ വേണമെങ്കിലും അമ്മയാകാം. അതെന്റെ തീരുമാനമാണ്. എന്റെ മാത്രം തീരുമാനം– മോന പറയുന്നു.

കഴിഞ്ഞ വർഷം ഡിസംബർ 27 ന് സുഹൃത്ത് ശ്യാം രാജഗോപാലനെ ഹിന്ദു ആചാരപ്രകാരമാണ് മോന വിവാഹം കഴിച്ചത്. ടെലിവിഷനി‍ൽ സാന്നിധ്യം അറിയിച്ച ശേഷം 3 ഇഡിയറ്റ്സ് എന്ന ചിത്രത്തിൽ കരീന കപൂറിന്റെ സഹോദരിയുടെ വേഷത്തിലായിരുന്നു മോനയുടെ ബോളിവുഡ് അരങ്ങേറ്റം.

English Summary: Mona Singh is happy she froze her eggs at 34, says it is a woman's choice in new post