എത്ര സുരക്ഷിതമെന്നു പറഞ്ഞാലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്ന കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഇന്നു പലരും തങ്ങൾ മുൻപ് നേരിട്ട ക്രൂര പീഡനത്തിന്റെ കഥകൾ ലോകത്തോട് പറയാൻ ധൈര്യമായി മുന്നോട്ടു വരാറുണ്ട്. അത്തരത്തിൽ താൻ നേരിട്ട ക്രൂരമായ പീഡനാനുഭവം പങ്കുവയ്ക്കുകയാണ് ഒരു ദളിത് യുവതി. സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് യുവതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ: ‘ഒരു പെൺകുട്ടി എന്നതിലുപരി ദളിതയായ സ്ത്രീ എന്ന വിലാസത്തില്‍ ചിലർ പിശാചിനെ പോലെയാണ് എന്നോട് പെരുമാറിയിരുന്നത്. ഗ്രാമത്തിലെ ചിലവീടുകളിലേക്ക് എനിക്ക് പ്രവേശനമുണ്ടായിരുന്നില്ല. കാരണം ഞാൻ അവരുടെ വീടുകളെ അശുദ്ധമാക്കുമെന്ന് അവർ കരുതിയിരുന്നു. എന്നാൽ എനിക്ക് 15 വയസ്സായപ്പോൾ ഗ്രാമത്തിലെ ഉയർന്ന ജാതിയിൽപ്പെട്ട ചിലർ എന്നെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. പക്ഷേ, എന്റെ മാതാപിതാക്കൾക്ക് എന്നെ പഠിപ്പിച്ച് ഒരു ഡോക്ടറാക്കണം എന്നായിരുന്നു ആഗ്രഹം. അതുകൊണ്ടു തന്നെ ഞാൻ എന്റെ പഠനത്തെ വളരെ ഗൗരവത്തോടെയാണ് കണ്ടത്.

ഒരുദിവസം പുസ്തകങ്ങൾ വാങ്ങുന്നതിനായി ഞാൻ ഒറ്റയ്ക്ക് നടന്നു പോകുകയായിരുന്നു. അപ്പോഴാണ് പിറകിൽ നിന്നും ഒരു കാർ എന്നെ ഇടിച്ചു വീഴ്ത്തിയത്. ശേഷം ആ വാഹനത്തിലുണ്ടായിരുന്നവർ എന്റെ വായ പൊത്തി ബലമായി കാറിൽ കയറ്റി കൊണ്ടു പോയി. അവർ എട്ടുപേരുണ്ടായിരുന്നു. കാറിന്റെ ഡോർ തുറന്ന് ഞാൻ രക്ഷപ്പെടാൻ ശ്രമിച്ചു. ഉച്ചത്തിൽ നിലവിളിച്ച എന്റെ വായ അവർ തുണികൊണ്ട് മൂടി. 

കുറെദുരം സഞ്ചരിച്ച ശേഷം അവര്‍ എന്നെ വലിച്ചിഴച്ച് ഒരു കാട്ടിലേക്ക് കൊണ്ടുപോയി. ഞാൻ അവരെ തിരിച്ചറിഞ്ഞു. എന്റെ ഗ്രാമത്തിൽ തന്നെ ഉള്ളവരായിരുന്നു. എന്നെ ഉപദ്രവിക്കരുത്, ദയവായി പോകാൻ അനുവദിക്കൂ എന്ന് ഞാൻ അവരോട് അപേക്ഷിച്ചു. പക്ഷേ, അവർ ശ്രദ്ധിച്ചില്ല. തുടർന്ന് എന്നെ മർദിക്കുകയും ക്രൂരപീഡനത്തിന് ഇരയാക്കുകയും ചെയ്തു. ഞാന്‍ ബോധരഹിതയായി. മൂന്നു മണിക്കൂർ കഴിഞ്ഞാണ് ബോധം വന്നത്. അപ്പോഴും അവർ ഉപദ്രവിച്ച ആ സ്ഥലത്ത് വിവസ്ത്രയായി കിടക്കുയായിരുന്നു ഞാൻ. അടുത്തുണ്ടായിരുന്ന വസ്ത്രം ധരിച്ച് ഞാൻ വേഗത്തിൽ വീട്ടിലേക്ക് പോയി. ആകെ മരവിച്ചു പോയ അനുഭവം. വൃത്തിയില്ലാത്ത എന്റെ ശരീരം കണ്ടപ്പോൾ എനിക്കൊന്നു കുളിക്കണം എന്ന് തോന്നി. വീട്ടിൽ എത്തിയ ഉടനെ ഞാൻ കുളിമുറിയിലേക്ക് ഓടി. എന്റെ തോളിൽ കടിയേറ്റ അടയാളങ്ങൾ ഉണ്ടായിരുന്നു. രക്തസ്രാവവും ഉണ്ടായി.

എനിക്കുണ്ടായ അപകടം മാതാപിതാക്കളില്‍ നിന്നു മറച്ചു വയ്ക്കാൻ ശ്രമിച്ചു. ഞാൻ എന്തോ വലിയ അപരാധം ചെയ്ത പോലൊരു തോന്നലായിരുന്നു. എന്നാൽ, കൂടുതൽ കാലം എനിക്ക് ഇക്കാര്യം അവരിൽ നിന്നും മറച്ചു വയ്ക്കാൻ സാധിച്ചില്ല. അതികഠിനമായ മാനസീക സംഘർഷം കാരണം ഞാൻ അവരോട് ഇക്കാര്യങ്ങൾ പറഞ്ഞു. ഇനി എന്ത് ചെയ്യുമെന്ന് ചോദിച്ച് അമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. പിറ്റേദിവസം അച്ഛൻ എന്നെയും കൊണ്ട് പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചു. എന്നാൽ വഴിയിൽ വച്ച് അതേ അക്രമി സംഘം ഞങ്ങളെ തടഞ്ഞു. എന്നെ പീഡനത്തിന് ഇരയാക്കിയതിന്റെ വിഡിയോ അവർ ഞങ്ങളെ കാണിച്ചു. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. അവരുടെ ഭീഷണിയെ തുടർന്ന് തിരിച്ചു പോകുകയല്ലാതെ മറ്റു മാർഗം ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. 

ചിലകാര്യങ്ങൾ ചെയ്യാനുണ്ടെന്നു പറഞ്ഞ് അച്ഛൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. അന്നാണ് ഞങ്ങൾ അദ്ദേഹത്തെ അവസാനമായി കണ്ടത്. അദ്ദേഹം ആത്മഹത്യ ചെയ്തു. തുടർന്നാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. താഴ്ന്ന ജാതിയിൽപ്പെട്ട ഒരാളായതിനാൽ എനിക്ക് നേരിട്ട അതിക്രമത്തിൽ നടപടിയെടുക്കാൻ എന്റെ പിതാവിന്റെ ജീവൻ നഷ്ടമാകേണ്ടി വന്നു. പിറ്റേന്ന് പഞ്ചായത്ത് യോഗം ചേർന്നു. എന്നാൽ അവിടെയുണ്ടായ അഭിപ്രായ പ്രകടനങ്ങൾ എന്നെ അമ്പരപ്പിച്ചു. സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു. ഇനി പറഞ്ഞിട്ടെന്തു കാര്യം? അവർക്ക് എങ്ങനെയാണ് അവളെ വിവാഹം കഴിക്കാൻ സാധിക്കുക? ഉന്നത ജാതിയിൽപ്പെട്ടവരാണ് അവർ. ഇതെല്ലാം കേട്ട ഞാൻ നടുങ്ങിപ്പോയി. ഇതെല്ലാം കേട്ട് എന്തു പറയണമെന്ന് എനിക്കറിയില്ലായിരുന്നു. ദളിതയായതിനാൽ മാനുഷിക പരിഗണന പോലും നൽകാൻ ആരും തയാറായില്ല.

എവിടെയും നീതി ലഭിക്കില്ലെന്ന് ഉറപ്പായപ്പോൾ കോടതിയിൽ നേരിട്ട് പോകാൻ ഞാൻ തീരുമാനിച്ചു. എന്റെ കേസ് സെഷൻസ് കോടതിയിൽ എത്തിച്ചു. ഓരോ തവണയും കോടതിമുറിയിൽ എനിക്ക് നേരിട്ട ക്രൂരപീഡനവും പിതാവിന്റെ ആത്മഹത്യയും വിവരിക്കേണ്ടി വന്നു. ഇത് വലിയ  രീതിയിലുള്ള മാനസസികാഘാതം ഉണ്ടാക്കി. ഒടുവില്‍ ആ എട്ടുപേരിൽ നാലുപേരെ പൊലീസ്് അറസ്റ്റ് ചെയ്തു. എന്നാൽ പൂർണമായി നീതി ലഭിക്കുന്നതു വരെ പോരാട്ടം തുടരാനായിരുന്നു എന്റെ തീരുമാനം. ഇപ്പോൾ എട്ടുവർഷം കഴിഞ്ഞിരിക്കുന്നു. നഗരത്തിൽ പോയി നിയമം പഠിക്കാൻ ഞാൻ തീരുമാനിച്ചു. അനീതിക്കെതിരെ പോരാടാനാണ് എന്റെ തീരുമാനം. ഇപ്പോഴും ദളിതർക്കെതിരെ നിരവധി അക്രമങ്ങൾ നടക്കുന്നുണ്ട്. ഇവിടെ വന്നതിനു ശേഷവും എനിക്ക് അത്തരം അനുഭവങ്ങളുണ്ടായി. മറ്റുള്ളവരെ പോലെ ഞങ്ങൾക്കും അവകാശങ്ങളുണ്ട്. അവ കടലാസിൽ ഒതുങ്ങാതെ പ്രാബല്യത്തിൽ വരണം. 

English Summary: Young Woman Social Media Post About Rape