ജന്മദിനം ആഘോഷിക്കുകയാണെങ്കിൽ ഇങ്ങനെ വേണമെന്നാണ് ഇപ്പോൾ വിമർശകർ പോലും പറയുന്നത്. സംഭവം സ്വീഡിഷ് കാലാവസ്ഥാ  പ്രവർത്തക ഗ്രെറ്റ തൺബെർഗുമായി ബന്ധപ്പെട്ടതാണ്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഗ്രെറ്റയ്ക്കു 18 വയസ് തികഞ്ഞത്. അതായതു പ്രായപൂർത്തിയായത്. 

ഈ അവസരം ഗ്രെറ്റ വിനിയോഗിച്ചിരിക്കുന്നതു വിമർശകർക്കു മറുപടി പറയാൻ വേണ്ടിയാണ്. ഒരു തമാശയാണ് ജന്മദിന സന്ദേശത്തിൽ ഗ്രെറ്റ പറഞ്ഞിരിക്കുന്നത്. എന്നാൽ അതു വളരെ ഗൗരവമുള്ള സംഗതിയുമാണ്. ഇതുവരെ തന്നെ നിയന്ത്രിച്ചിരുന്ന തിന്മയുടെ ശക്തികൾക്ക് ഇനി തന്നെ നിയന്ത്രിക്കാൻ ആവില്ലല്ലോ എന്നാണു ഗ്രെറ്റയുടെ വാചകം. തിന്മയുടെ ശക്തികൾ എന്നവർ ഉദ്ദേശിച്ചിരിക്കുന്നതു മാതാപിതാക്കൾ ഉൾപ്പെട്ട കുടുംബം തന്നെയാണ്. ഗ്രെറ്റ സ്വയമല്ല തീരുമാനങ്ങൾ എടുക്കുന്നതെന്നും പ്രായപൂർത്തിയാകാത്ത കുട്ടിയായതിനാൽ മാതാപിതാക്കളാണു നിയന്ത്രിക്കുന്നതെന്നും വാർത്തകളുണ്ടായിരുന്നു. വിമർശകരും ഈ വാദം ഉന്നയിച്ചിരുന്നു. എന്നാൽ ഇപ്പോൾ താൻ പ്രായപൂർത്തിയായെന്നും ഇനി തന്നെ നിയന്ത്രിക്കാൻ ആർക്കും കഴിയില്ലെന്നുമാണ് ഗ്രെറ്റ പകുതി തമാശയ്ക്കും പകുതി ഗൗരവത്തിലും പറഞ്ഞിരിക്കുന്നത്. 

അവസാനം ഇതാ ഞാൻ സ്വതന്ത്രയായിരിക്കുന്നു എന്നും ഗ്രെറ്റ സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്റെ 18-ാം ജൻമദിനത്തിൽ ആശംസ അർപ്പിച്ച എല്ലാവർക്കും നന്ദി. ഇന്നു രാത്രി ഞാൻ പബിൽ പോയി ആഘോഷിക്കും. ഇതുവരെ എന്നെക്കുറിച്ചു നിങ്ങൾ ഉന്നിയിച്ച എല്ലാ ആരോപണങ്ങൾക്കും മറുപടി പറയാനും ആഗ്രഹിക്കുന്നു- ഗ്രെറ്റ വ്യക്തമാക്കി. ഒരു ചിത്രവും ഗ്രെറ്റ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിനു പേരാണു ഗ്രെറ്റയുടെ തമാശ കലർന്ന സന്ദേശം പങ്കുവച്ചിരിക്കുന്നത്. അവരൊക്കെയും കാലാവസ്ഥാ പ്രവർത്തകയ്ക്ക് ആശംസ നേരാനും മറന്നിട്ടില്ല. ഗ്രെറ്റ എന്ന പെൺകുട്ടിയുടെ കൂടി ശ്രമഫലമായാണ് ആഗോള താപനം എന്ന വിഷയത്തെക്കുറിച്ചു ലോകം ഗൗരവമായി ചിന്തിക്കുന്നതും കാർബൺ ബഹിർഗമനം കുറയ്ക്കാനുള്ള നടപടികളെക്കുറിച്ചു രാഷ്ട്രനേതാക്കൾ ചിന്തിക്കാൻ തുടങ്ങിയതും. സ്കൂൾ ബഹിഷ്കരിച്ച് സ്വീഡിഷ് പാർലമെന്റ്  മന്ദിരത്തിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ച ഗ്രെറ്റയുടെ ധൈര്യത്തെയും ഇച്ഛാശക്തിയെയും ലോകം ഒന്നടങ്കം പ്രശംസിച്ചിരുന്നു.

English Summary: ‘Free at last’: Greta Thunberg mocks critics in birthday post on Instagram