നിയുക്ത അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് അമ്മയ്ക്കും സഹോദരിക്കുമൊപ്പമുള്ള രസകരമായ ചിത്രങ്ങൾ പോസ്റ്റു ചെയ്തുകൊണ്ട് ഒരിക്കൽക്കൂടി അവരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. ഒരു സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടിയായിരുന്നു ഒരിക്കൽ എന്റെ അമ്മ അമേരിക്കയിൽ എത്തിയത്. എന്റെയും സഹോദരി മായയുടെയും മികച്ച ഭാവി എന്ന സ്വപ്നം അമേരിക്കയിൽ വൈസ് പ്രസിഡന്റ് പദവിയിൽ എത്തുന്ന ആദ്യത്തെ ദക്ഷിണേഷ്യക്കാരിയായ കമല എഴുതുന്നു. കമല പോസ്റ്റ് ചെയ്തിരിക്കുന്ന ആദ്യത്തെ ചിത്രത്തിൽ അവർ അമ്മയുടെ കൈകളിലിരുന്നു പാലു കുടിക്കുകയാണ്. 

രണ്ടാമത്തെ ചിത്രം കമലയും മായയും കുട്ടികളായിരുന്ന കാലത്തെ രണ്ടു ചിത്രങ്ങളുടെ ഒരു കൊളാഷ് ആണ്. മൂന്നാമത്തെ ചിത്രത്തിൽ കമലയുടെ അമ്മ തന്റെ രണ്ടു പെൺമക്കളുടെയും കൈ പിടിച്ച് ഒരു റോഡ് കുറുകെ കടക്കാൻ കാത്തുനിൽക്കുന്നു. കമലയുടെ അമ്മ ശ്യാമള ഗോപാലൻ ഇന്ത്യക്കാരിയും പിതാവ് ജമൈക്കയിൽ നിന്നുള്ള ആളുമാണ്. കലിഫോർണിയ യൂണിവേഴ്സിറ്റിയിൽ ശാസ്ത്രജ്ഞ എന്ന ഉയർന്ന പദവിയിൽഎത്തിയ ആളാണു ശ്യാമള. അഞ്ചടി മാത്രം ഉയരക്കാരിയാണ് എന്റെ അമ്മ. എന്നാൽ നിങ്ങൾ അവരെകണ്ടാൽ ഏഴടി നീഴമെങ്കിലും പറയും. അതാണ് അമ്മയുടെ പ്രത്യേകത- കമല എഴുതുന്നു. 

ചുറ്റുപാടുമുള്ള പരിസരത്തിനപ്പുറം ലോകത്തേക്കു നോക്കണമെന്ന് എന്നെയും സഹോദരിയെയും പഠിപ്പിച്ചത് അമ്മയാണ്. എല്ലാ വിഭാഗം മനുഷ്യരുടെയും അവസ്ഥയും സാഹചര്യവും അവരുടെ പോരാട്ടവും മനസ്സിലാക്കണമെന്നും എല്ലാവരോടും കരുണയുള്ള വ്യക്തികളായി വളരണമെന്നും അമ്മ ഞങ്ങളെ പഠിപ്പിച്ചു. എല്ലാ കാര്യങ്ങളും മറ്റുള്ളവർ ചെയ്യുമെന്നു വിചാരിച്ച് ഒരിക്കലും അലസരായിരിക്കരുത് എന്ന് അമ്മ മിക്കപ്പോഴും പറുയമായിരുന്നു. അമ്മയുടെ ഉപദേശം തന്നെയാണ് ഇപ്പോഴും മുന്നോട്ടുപോകാൻ എനിക്കുള്ള പ്രചോദനം- കമല എഴുതി. ഈ ആഴ്ച അവസാനമാണ് കമല വൈസ് പ്രസിഡന്റ് ആയി സ്ഥാനമേൽക്കുന്ന ചടങ്ങ്.

English Summary: Kamala Harris Shares Childhood Photos, Writes Note On Mother's Influence