ബുധനാഴ്ച അമേരിക്കൻ വൈസ് പ്രസിഡന്റായി സ്ഥാനമേൽക്കുന്ന കമല ഹാരിസ് വിശേഷാവസരത്തിൽ ധരിക്കാൻ പോകുന്ന വേഷത്തെക്കുറിച്ചുള്ള ചർച്ച ചൂടുപിടിക്കുകയാണ് സമൂഹ മാധ്യമങ്ങളിൽ. ഇന്ത്യൻ വേരുകളുള്ള കമല ചരിത്ര മുഹൂർത്തത്തിൽ അമ്മയുടെ ജന്മനാടായ ഇന്ത്യയുടെ പാരമ്പര്യവേഷമായ സാരി ധരിക്കുമോ എന്ന ചോദ്യമാണ് ചർച്ചയിൽ നിറഞ്ഞുനിൽക്കുന്നത്. ഈ ചോദ്യത്തിന്റെ ഉത്തരത്തിലേക്കുള്ള സൂചന കമല തന്നെ മുൻപേ പറഞ്ഞിട്ടുമുണ്ട്. അതിന്റെ അടിസ്ഥാനത്തിനാണ് ഇപ്പോൾ ഊഹാപോഹങ്ങളും വാദപ്രതിവാദങ്ങളും മുറുകുന്നത്. 

2019 ൽ ഏഷ്യൻ–അമേരിക്കൻ ഗ്രൂപ്പ് സംഘടിപ്പിച്ച ഒരു ചടങ്ങിൽ സദസ്സിൽ നിന്ന് കമലയോട് ഒരു ചോദ്യമുയർന്നു. തിരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ ഇന്ത്യൻ വേഷമായ സാരി ധരിക്കുമോ എന്നായിരുന്നു ചോദ്യം. വിജയിക്കട്ടെ എന്നിട്ടു നോക്കാം: കമല പറഞ്ഞു.  ‘‘ഇന്ത്യൻ പാരമ്പര്യത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും അഭിമാനമുണ്ടാകുന്ന രീതിയിലാണ് അമ്മ ഞങ്ങളെ വളർത്തിയത്. ഓരോ രാജ്യത്തിന്റെയും ആചാരങ്ങളും അനുഷ്ഠാനങ്ങളും ആഘോഷിക്കപ്പെടേണ്ടതു തന്നെയാണ്. അതാണു സംസ്കാരത്തന്റെ ഭംഗിയും സൗന്ദര്യവും– കമല കൂട്ടിച്ചേർത്തു. കമലയുടെ അമ്മ ശ്യാമള ചെന്നെയിലാണു ജനിച്ചതും വളർന്നതും. പിന്നീടാണ് യുഎസിലെ കലിഫോർണിയയിലേക്കു കുടിയേറുന്നത്. പിതാവ് ജമൈക്കൻ വംശജനാണ്. 

കമല സാരി ധരിക്കുകയാണെങ്കിൽ അതു ലോകരാജ്യങ്ങൾക്ക് വൈവിധ്യത്തെക്കുറിച്ചും നാനാത്വത്തിലെ ഏകത്വത്തെക്കുറിച്ചും നൽകുന്ന വ്യക്തമായ സന്ദേശമായിരിക്കുമെന്നാണ് സാരിയെ അനുകൂലിക്കുന്നവർ പറയുന്നത്. ബനാറസി സാരിയായിരിക്കും കമലയ്ക്ക് നന്നായി ചേരുന്നതെന്നു പറയുന്നു ഫാഷൻ ഡിസൈനറായ ബിഭു മഹാപത്ര. കമലയെ സാരി അണിയിക്കാൻ തനിക്കു സന്തോഷമേയുള്ളുവെന്നും ഓഡിഷയിൽ ജനിച്ച് ഇപ്പോൾ ന്യൂയോർക്കിലുള്ള അവർ വ്യക്തമാക്കി. കമല സാരി ധരിച്ചാൽ നന്നായിരിക്കുമെങ്കിലും അവർ സ്യൂട്ട് ധരിക്കാനാണ് എല്ലാ സാധ്യതയുമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. 

English SummarySari Or Suit? The Buzz Around What Kamala Harris Will Wear On Inauguration