തമാശയായെങ്കിലും നമ്മൾ സ്ഥിരം പറയുന്ന ഒരു വാചകമാണ് ‘മൂക്കിൽ പല്ല് മുളച്ചല്ലോ?’ എന്നാൽ സംഗതി അത്ര തമാശയല്ലെന്ന് നമ്മെ ഓർമിപ്പിക്കുകയാണ് അടുത്തിടെയുണ്ടായ ഒരു സംഭവം. 16 വയസ്സുള്ള ഒരു പെൺകുട്ടിക്ക് മൂക്കിൽ പല്ല് വന്നിരിക്കുന്നു. ബഹറിനിലാണ് സംഭവം. 

മൂക്കില്‍ എന്തോ തടസം അനുഭവപ്പെട്ട പെൺകുട്ടി ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് പരിശോധനയിൽ മൂക്കിൽ പല്ല് വളർന്നതായി കണ്ടെത്തിയത്. കിം ഹമദ് യൂണിവഴ്സിറ്റി ഹോസ്പിറ്റലിൽ ഇഎൻടി കൺസൾട്ടന്റ് പ്രൊഫസർ ഹെഷം യുസിഫ് ഹസന്റെ നേതൃത്വത്തിലാണ് പല്ല് നീക്കം ചെയ്തത്. ഒപ്റ്റിക്കൽ ഫൈബർ സാങ്കേതിക വിദ്യയിലൂടെ ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മൂക്കിൽ നിന്ന് പല്ല് പുറത്തെടുത്തത്. മൂക്കിനുള്ളിൽ തടസം അനുഭവപ്പെടുന്നതായാണ് ഇഎൻടി വിഭാഗത്തിലെത്തിയ പെൺകുട്ടി പറഞ്ഞത്. തുടർന്ന് എൻഡോസ്കോപ്പിയും സിടി സ്കാനും നടത്തി. 

പരിശോധനയിൽ മൂക്കിൽ പല്ലു പോലെ എന്തോ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. മൂക്കിലെ ദ്വാരത്തിനു നടുവിലായാണ് ഇതിന്റെ സ്ഥാനം. വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ പല്ല് നീക്കം ചെയ്തെന്നും പെൺകുട്ടിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു വരികയാണെന്നും ഡോക്ടർ വ്യക്തമാക്കി.  സൂപ്പർ ന്യൂമററി എന്ന പേരിലുള്ള പല്ല് ലോകത്തിൽ 1000ൽ ഒരാൾക്കു മാത്രം ഉണ്ടാകുന്നതാണ്. ഇങ്ങനെ പല്ല് വളരുന്ന അവസ്ഥ അപൂർവമാണെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: Tooth Removed From 16 Year Old Girl's Nose